Murder | 'എസ്എസ്എൽസി വിജയാഘോഷത്തിനിടെ 16കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു, തലയുമായി സ്ഥലം വിട്ടു'
* പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തുന്നു
മംഗ്ളുറു: (KasaragodVartha) കുടക് ജില്ലയിലെ സോമവർപേട്ടയിൽ എസ്എസ്എൽസി പരീക്ഷയിലെ വിജയം ആഘോഷിക്കുന്നതിനിടെ 16കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു. സുർലബ്ബി ഗവ. ഹൈസ്കൂളിൽ നിന്ന് പരീക്ഷ എഴുതിയ യു എസ് മീനയാണ് (16) കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ തലയുമായി സ്ഥലം വിട്ട അക്രമി കെ പ്രകാശിനെ (32) കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തുന്നു.
വ്യാഴാഴ്ച പ്രഖ്യാപിച്ച പത്താം തരം പൊതുപരീക്ഷ ഫലത്തിൽ മീന 365ൽ 314 മാർക്കുകൾ നേടിയിരുന്നു. കുടുംബം ഈ വിജയം ആഘോഷിക്കുന്നതിനിടെ രാത്രി വീട്ടിൽ എത്തിയ യുവാവ് മീനയുടെ രക്ഷിതാക്കളുമായി വാക്ക് തർക്കത്തിലേർപ്പെട്ടതായി പൊലീസ് പറഞ്ഞു. പ്രകാശും മീനയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ പൊലീസിനൊപ്പം വീട് സന്ദർശിച്ച സാമൂഹിക ക്ഷേമ വകുപ്പ് അധികൃതർ രക്ഷിതാക്കൾക്ക് ബോധവത്കരണം നടത്തിയതിനെത്തുടർന്ന് കുട്ടിക്ക് 18 വയസായ ശേഷമേ വിവാഹം നടത്തൂ എന്ന ധാരണയിൽ എത്തി.
ഇതറിഞ്ഞ പ്രതിശ്രുത വരൻ വിവാഹം നേരത്തെ നിശ്ചയിച്ചതുപോലെ നടത്തണമെന്ന് ശഠിച്ചു. മാതാപിതാക്കളെ അക്രമിച്ച ശേഷം മീനയെ വലിച്ചിഴച്ച് കൊണ്ടുപോയി തല അറുത്തുമാറ്റുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ജില്ല പൊലീസ് സൂപ്രണ്ട് കെ രാമരാജൻ സംഭവസ്ഥലം സന്ദർശിച്ചു.