Seized | കാറഡുക്ക സൊസൈറ്റി തട്ടിപ്പ് കേസ്: 160 ഗ്രാം സ്വർണം കൂടി പിടിച്ചെടുത്തു; 5 പ്രതികൾക്ക് ജാമ്യം
സൊസൈറ്റി സെക്രടറി കെ രതീഷ് മാത്രമാണ് ഇപ്പോൾ റിമാൻഡിലുള്ളത്
കാസർകോട്: (KasargodVartha) സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ സൊസൈറ്റിയിലെ തട്ടിപ്പുകേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അഞ്ച് പ്രതികൾക്ക് ജാമ്യം. സൊസൈറ്റി സെക്രടറിയും സിപിഎം പ്രാദേശിക നേതാവുമായ കാറഡുക്കയിലെ രതീഷിന് മാത്രമാണ് ഇനി ജാമ്യം ലഭിക്കാനുള്ളത്.
കേസിൽ നേരത്തെ അറസ്റ്റിലായ മുസ്ലിം ലീഗ് പള്ളിക്കര ഗ്രാമപഞ്ചായത് അംഗം മുഹമ്മദ് ബശീർ, ഇയാളുടെ ഡ്രൈവർ അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ഗഫൂർ, കണ്ണൂർ സ്വദേശി അബ്ദുൽ ജബ്ബാർ, ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ നബീൻ, അനിൽകുമാർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
അതേസമയം സൊസൈറ്റിയിലെ ലോകറിൽനിന്ന് സെക്രടറി മോഷ്ടിച്ച് കടത്തി ഇടനിലക്കാരെ കൊണ്ട് വിവിധ ബാങ്കുകളിൽ പണയപ്പെടുത്തിയതായി പറയുന്ന സ്വർണാഭരണങ്ങൾ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സിഐ അനീഷിൻ്റെ നേതൃത്വത്തിൽ കണ്ടെത്തി.
പെരിയയിലെ ഒരു സൊസൈറ്റിയിൽ പണയപ്പെടുത്തിയ 20 പവൻ ഏകദേശം 160 ഗ്രാം സ്വർണം കഴിഞ്ഞ ദിവസം പിടിച്ചെടുത്തു. കാനറാ ബാങ്കിൻ്റെ പെരിയ ശാഖയിൽ പണയപ്പെടുത്തിയ 500 ഗ്രാം ഏകദേശം 63 പവൻ സ്വർണം അടുത്ത ദിവസം കസ്റ്റഡിയിലെടുക്കുമെന്ന് സിഐ അനീഷ് പറഞ്ഞു.
അറസ്റ്റിലായ മുഹമ്മദ് ബശീർ, ഗഫൂർ, അനിൽകുമാർ എന്നിവർക്ക് ഒരാഴ്ച മുൻപും അബ്ദുൽ ജബ്ബാർ, നബീൽ എന്നിവർക്ക് കഴിഞ്ഞ ദിവസവുമാണ് ജാമ്യം ലഭിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. സൊസൈറ്റി സെക്രടറി കെ രതീഷ് മാത്രമാണ് ഇപ്പോൾ റിമാൻഡിലുള്ളത്.
മെയ് 14നാണ് സൊസൈറ്റിയിൽ തട്ടിപ്പ് നടന്നതായി ആദൂർ പൊലീസിൽ പരാതി നൽകിയത്. ആദ്യം ആദൂർ പൊലീസും പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ചും ഇപ്പോൾ ക്രൈംബ്രാഞ്ചിൻ്റെ കണ്ണൂർ സാമ്പത്തിക കാര്യ വിഭാഗം സി ഐയുടെ നേത്യത്വത്തിലുമാണ് അന്വേഷണം. 4.76 കോടിയുടെ തട്ടിപ്പാണ് സൊസൈറ്റിയിൽ നടന്നതെന്നാണ് പരാതി.
#KaradukkaFraud #CooperativeSocietyScam #KeralaNews #GoldSeizure #CPI(M) #FinancialCrime #Investigation