കാറഡുക്ക സഹകരണ തട്ടിപ്പ്: ബിജെപി നേതാവ് അജയകുമാർ നെല്ലിക്കാട് കോടതിയിൽ കീഴടങ്ങി

● തട്ടിയെടുത്ത സ്വർണം പണയം വെക്കാൻ സഹായിച്ചതിനാണ് ഇദ്ദേഹത്തെ പ്രതിചേർത്തത്.
● അജയകുമാർ ഉൾപ്പെടെ അഞ്ചുപേരെയാണ് ക്രൈംബ്രാഞ്ച് പുതുതായി പ്രതിചേർത്തത്.
● കേസിൽ ആകെ 11 പ്രതികളാണുള്ളത്.
● കാനറാ ബാങ്കിൽ പണയം വെച്ച സ്വർണം തിരികെ ലഭിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
● സഹകരണ നിയമപ്രകാരമുള്ള അന്വേഷണം പുരോഗമിക്കുന്നു.
കാഞ്ഞങ്ങാട്: (KasargodVartha) സി.പി.എം. നിയന്ത്രണത്തിലുള്ള കാറഡുക്ക സഹകരണ സംഘത്തിലെ കോടികളുടെ തട്ടിപ്പുകേസിൽ എട്ടാം പ്രതിയായ ബി.ജെ.പി. നേതാവ് അജയകുമാർ നെല്ലിക്കാട് കോടതിയിൽ കീഴടങ്ങി. കാഞ്ഞങ്ങാട് നെല്ലിക്കാട് സ്വദേശിയായ ഇദ്ദേഹം മുൻ കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലറും ബി.ജെ.പി. ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.
കാസർകോട് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയ അജയകുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. അജയകുമാറിനെ കസ്റ്റഡിയിൽ വാങ്ങുന്ന കാര്യം പരിശോധിക്കുമെന്ന് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം ഡിവൈ.എസ്.പി. ടി.പി. സുമേഷ് 'കാസർകോട് വാർത്ത'യോട് പറഞ്ഞു.
തട്ടിയെടുത്ത സ്വർണം പണയം വെക്കാൻ സഹായിച്ചവരിൽ ഒരാളാണ് അജയകുമാർ. കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിലെ 4.76 കോടി രൂപയുടെ തട്ടിപ്പ് കേസിൽ മുമ്പ് അറസ്റ്റ് ചെയ്തവരെ കൂടാതെ അജയകുമാർ ഉൾപ്പെടെ അഞ്ചുപേരെക്കൂടി പ്രതിചേർത്തിരുന്നു.
അജയകുമാറിന്റെ സഹോദരൻ ഈ തട്ടിപ്പു കേസിൽ നാലാം പ്രതിയാണ്. കേസിൽ ആകെ 11 പ്രതികളാണുള്ളത്. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.
കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലറും ബി.ജെ.പി. നേതാവുമായ അജയകുമാർ നെല്ലിക്കാട്, ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഷെഫീഖ്, ഭാര്യ ഫാത്തിമത്ത് താഹിറ, ഫൗസിയ, മകൾ ഫായിസ എന്നിവരെയാണ് ഒടുവിൽ സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രതിചേർത്തത്. സൊസൈറ്റിയിൽ നിന്ന് തട്ടിയെടുത്ത സ്വർണം പണയം വെക്കാൻ സഹായിച്ചതാണ് ഇവർക്കെതിരെയുള്ള കുറ്റം.
കേസിന്റെ തുടക്കത്തിൽ തന്നെ ഇവരുടെ പേരിൽ സ്വർണം പണയം വെച്ചതായി കണ്ടെത്തിയിരുന്നെങ്കിലും മാപ്പുസാക്ഷിയാക്കാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി മജിസ്ട്രേറ്റിന് മുമ്പാകെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
എന്നാൽ, ഇവരെ പ്രതിയാക്കണമെന്ന് അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ തീരുമാനിച്ചത്. കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ നിർണായക നീക്കമായിരുന്നു ഇത്.
കാനറാ ബാങ്കിന്റെ പെരിയ, പള്ളിക്കര ശാഖകളിൽ ഏകദേശം 100 പവനോളം സ്വർണമാണ് അവസാനം പ്രതിയാക്കപ്പെട്ടവരുടെ പേരിൽ പണയം വെച്ചിട്ടുള്ളത്. ഇത് തിരികെ കിട്ടാൻ അന്വേഷണ ഉദ്യോഗസ്ഥർ കാനറാ ബാങ്കിനെ സമീപിച്ചെങ്കിലും ബാങ്ക് ഹൈകോടതിയെ സമീപിച്ചിരുന്നു. പണയം വെച്ചവരും കേസിൽ പ്രതികളായതോടെ ഈ സ്വർണം തിരികെ കിട്ടുമെന്നാണ് ക്രൈംബ്രാഞ്ച് സൂചിപ്പിച്ചിരുന്നത്.
ബാങ്ക് ലോക്കറിൽ നിന്ന് 332 പവൻ സ്വർണമാണ് സസ്പെൻഷനിലിരിക്കെ സൊസൈറ്റി സെക്രട്ടറിയും സജീവ സി.പി.എം. പ്രവർത്തകനുമായ കെ. രതീശൻ തട്ടിയെടുത്തത്. കാനറാ ബാങ്കിലുള്ളതൊഴികെ ബാക്കി സ്വർണം അന്വേഷണ സംഘം തിരിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
സംഘം സെക്രട്ടറിയും സി.പി.എം. മുളിയാർ ലോക്കൽ കമ്മിറ്റി മുൻ അംഗവുമായ കർമംതോടി ബാളക്കണ്ടത്തെ കെ. രതീശനാണ് കേസിലെ ഒന്നാം പ്രതി. രതീശൻ പണം നൽകിയ പള്ളിക്കര പഞ്ചായത്ത് അംഗവും മുസ്‌ലിം ലീഗ് പ്രാദേശിക നേതാവുമായ ബേക്കൽ ഹദ്ദാദ് നഗറിലെ കെ. അഹമ്മദ് ബഷീർ, പറക്കളായി ഏഴാം മൈലിലെ എ. അബ്ദുൽ ഗഫൂർ, കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ എ. അനിൽ കുമാർ, പയ്യന്നൂരിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അബ്ദുൽ ജബ്ബാർ (ജബ്ബാർ മഞ്ചക്കണ്ടി), കോഴിക്കോട് അരക്കിണർ സ്വദേശി സി. നബീൽ എന്നിവരാണ് മറ്റു പ്രതികൾ.
സഹകരണ നിയമപ്രകാരം അന്വേഷണം തുടങ്ങി തട്ടിപ്പു കേസിൽ സഹകരണ നിയമം 68-1 വകുപ്പ് പ്രകാരമുള്ള അന്വേഷണം തുടങ്ങിയിരുന്നു. സംഘത്തിന് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കുന്ന നടപടികളുടെ ഭാഗമായുള്ള അന്വേഷണമാണ് സഹകരണ വകുപ്പ് നടത്തിവരുന്നത്. കാർഷിക ഗ്രാമവികസന ബാങ്ക് വാല്യുവേഷൻ ഓഫീസർ കെ. നാഗേഷിനാണ് അന്വേഷണ ചുമതല. അന്വേഷണം പൂർത്തിയാക്കി ജോയിന്റ് രജിസ്ട്രാർക്ക് റിപ്പോർട്ട് നൽകിയതായാണ് വിവരം.
65-ാം വകുപ്പ് പ്രകാരമുള്ള അന്വേഷണത്തിൽ മൊത്തം നഷ്ടം കണക്കാക്കിയിരുന്നു. ഉത്തരവാദികൾ, ഓരോരുത്തരും എത്ര പണം തിരിച്ചടയ്ക്കണം തുടങ്ങിയവ ഈ അന്വേഷണത്തിൽ തീരുമാനിച്ചതിനു ശേഷം പണം തിരിച്ചടയ്ക്കാൻ ഉത്തരവാദികൾക്ക് നോട്ടീസ് നൽകുന്ന നടപടിയും വൈകാതെ ഉണ്ടാകും.
നിശ്ചിത ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി നടപടികൾ നടത്തി നഷ്ടം വസൂലാക്കുന്നതിനും ശ്രമമുണ്ടാകും. രതീശനു പുറമെ ഭരണസമിതി അംഗങ്ങളും പണം തിരിച്ചടയ്ക്കേണ്ടി വരുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സ്വർണം നഷ്ടപ്പെട്ട സംഭവത്തിൽ ഭരണസമിതിക്ക് വീഴ്ച സംഭവിച്ചതായി 65-ാം വകുപ്പ് പ്രകാരമുള്ള അന്വേഷണത്തിൽ കണ്ടെത്തിയിരുന്നുവെന്നാണ് വിവരം.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Article Summary: BJP leader surrenders in cooperative fraud case.
#KaradukkaCooperative #FraudCase #BJPLeader #KeralaCrime #KasargodNews #AjayakumarNellikkat