Arrested | 'പൈപ് പൊട്ടി വെള്ളം പാഴാകുന്നത് ചോദ്യം ചെയ്തു'; മര്‍ദനമേറ്റ വയോധികന്‍ മരിച്ചു, പിതാവും മക്കളും അറസ്റ്റില്‍
*വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
*തടയാന്‍ ചെന്ന മറ്റൊരു അയല്‍വാസിക്കും പരുക്ക്.
*അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ്.
കണ്ണൂര്‍: (KasargodVartha) പൈപ് പൊട്ടി വെള്ളം പാഴാകുന്നത് ചോദ്യം ചെയ്തത് ദുരന്തത്തില്‍ കലാശിച്ചു. വഴക്കിനിടയില്‍ അയല്‍വാസികളുടെ മര്‍ദനമേറ്റ വയോധികന്‍ മരിച്ചു. സംഭവത്തില്‍ പിതാവിനെയും രണ്ടു മക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. കോര്‍പറേഷന്‍ പരിധിയിലെ കക്കാട് തുളിച്ചേരി നമ്പ്യാര്‍ മെട്ടയിലെ അമ്പന്‍ഹൗസില്‍ അജയകുമാര്‍ (61) ആണ് മരിച്ചത്. അയല്‍വാസികളായ ടി ദേവദാസ്, മക്കളായ സഞ്ജയ് ദാസ്, സൂര്യ ദാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഞായറാഴ്ച (26.05.2024) വൈകിട്ട് ദേവദാസിന്റെ വീട്ടിലെ പൈപ് പൊട്ടി വെള്ളം പാഴാകുന്നത് അജയകുമാര്‍ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. രാത്രി എട്ടുമണിയോടെ വീണ്ടും തര്‍ക്കമുണ്ടാവുകയും ദേവദാസും മക്കളുമെത്തി വീടിന് മുന്‍വശത്തെ റോഡില്‍വെച്ച് ഹെല്‍മെറ്റും കല്ലും ഉപയോഗിച്ച് അജയകുമാറിനെ മര്‍ദിക്കുകയുമായിരുന്നു. ഇത് തടയാന്‍ ചെന്ന മറ്റൊരു അയല്‍വാസിയായ പ്രവീണ്‍ കുമാറിനും (52) തലയ്ക്ക് പരുക്കേറ്റു.
ആക്രമമത്തില്‍ സാരമായി പരുക്കേറ്റ് റോഡില്‍ കിടക്കുകയായിരുന്ന അജയകുമാറിനെയും പ്രവീണിനെയും പ്രദേശവാസികളാണ് രാത്രി എട്ടര മണിയോടെ കൊയിലി ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അതീവ ഗുരുതരാവസ്ഥയിലായ അജയകുമാര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
പരേതനായ കുമാരന്റെ മകനാണ് അജയകുമാര്‍. സഹോദരങ്ങള്‍: രജനി, രാഗിണി, റോജ, സീന. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.