Found Dead | യാത്രയപ്പ് സമ്മേളനത്തിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ എഡിഎം മരിച്ച നിലയിൽ
● യാത്രയയപ്പ് സമ്മേളനത്തിലെ സംഭവങ്ങൾക്ക് പിന്നാലെയാണ് മരണം.
● ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
● പൊലീസ് കേസെടുത്തു.
കണ്ണൂർ: (KasargodVartha) യാത്രയയപ്പ് സമ്മേളനത്തിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പരസ്യമായി വിമർശിക്കുകയും അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തതിന് പിന്നാലെ കണ്ണൂർ എ.ഡി.എം കെ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പള്ളിക്കുന്നിലെ താമസസ്ഥലത്താണ് ചൊവ്വാഴ്ച രാവിലെ ഇദ്ദേഹത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് കണ്ണൂർ കലക്ടറുടെ ചേംബറിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ചെങ്ങളായിയിൽ പെട്രോൾ പമ്പിന് എൻഒസി കൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കാലതാമസം വരുത്തിയതിന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ എ.ഡി.എമ്മിനെ പരസ്യമായി വിമർശിച്ചിരുന്നു. എ.ഡി.എം സ്ഥലം മാറി പോകുന്നതിന് ദിവസങ്ങൾക്കു മുൻപ് എൻഒസി അനുവദിച്ചത് അഴിമതിയതാണെന്നും ഇതിൻ്റെ തെളിവുകൾ തൻ്റെ കൈവശമുണ്ടെന്നും ദിവ്യ പറഞ്ഞിരുന്നു.
ഈ കാര്യം നാലു ദിവസത്തിനുള്ളിൽ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയാണ് ദിവ്യ യാത്രയയപ്പ് യോഗത്തിൽ തൻ്റെ പ്രസംഗം കഴിഞ്ഞതിന് ശേഷം ബഹിഷ്കരിച്ചു പുറത്ത് പോയത്. കണ്ണൂരിൽ നിന്നും പത്തനംതിട്ടയിലേക്കാണ് എ.ഡി.എം കെ നവീൻ ബാബു സ്ഥലം മാറി പോകേണ്ടിയിരുന്നത്. ഇതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. യാത്രയയപ്പ് സമ്മേളനത്തിൽ കണ്ണൂർ കലക്ടർ അരുൺ കെ വിജയനായിരുന്നു ഉദ്ഘാടകൻ. ഇതിനിടെ ക്ഷണിക്കപ്പെടാത്ത അതിഥിയായി കയറി വന്ന ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ വിമർശനങ്ങൾ ഉന്നയിക്കുകയായിരുന്നു. അപമാന ഭാരത്തിൻ വ്രണിത ഹൃദയനായാണ് എ.ഡി.എം കലക്ടറിൽ നിന്നും ഉപഹാരം സ്വീകരിച്ച ശേഷം മടങ്ങിയത്.
കണ്ണൂർ ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. എ.ഡി.എമ്മിൻ്റെ മരണം രാഷ്ട്രീയവിവാദമായി മാറിയതോടെ കോൺഗ്രസും ബി.ജെ.പിയും സി.പി.എം നേതാവ് കൂടിയായ പി.പി ദിവ്യ യ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.
പത്തനംതിട്ടയിൽ ജോലിയിൽ പ്രവേശിക്കുന്നതിനായി ചൊവ്വാഴ്ച രാവിലെ നവീൻബാബു ട്രെയിൻ കയറേണ്ടതായിരുന്നു. എന്നാൽ വിളിച്ചിട്ട് ഫോൺ എടുക്കാതെയായപ്പോൾ കുടുംബാംഗങ്ങൾ സഹപ്രവർത്തകരെ വിവരമറിയിച്ചതിനെ തുടർന്നാണ് പള്ളിക്കുന്നിലെതാമസ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
#Kannur #Kerala #India #corruption #death #politicalcontroversy #breakingnews