കല്ല്യോട്ട് ഇരട്ടക്കൊല: പരോൾ വിവാദം, പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്
● യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പ്രതിപ്പട്ടികയിലുണ്ട്.
● കഴിഞ്ഞ ഞായറാഴ്ചയാണ് റോഡ് ഉപരോധം നടന്നത്.
● കേസ് അന്വേഷണച്ചുമതല സബ് ഇൻസ്പെക്ടർ മനുകൃഷ്ണനാണ്.
● റോഡ് ഉപരോധം ഗതാഗതക്കുരുക്കിന് കാരണമായി.
കാസർകോട്: (KasargodVartha) കല്ല്യോട്ട് ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു.
യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ജ്വാലയ്ക്ക് ശേഷമാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം അമ്പതോളം പേർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ പെരിയ കല്ല്യോട്ടാണ് സംഭവം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ അനുമതിയില്ലാതെ പ്രകടനമായി എത്തി പെരിയ-കല്ല്യോട്ട് റോഡ് ഉപരോധിക്കുകയായിരുന്നു. ഇത് യാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ മാർഗതടസ്സമുണ്ടാക്കി.
വിവരമറിഞ്ഞ് ബേക്കൽ ഇൻസ്പെക്ടർ ശ്രീദാസൻ എം.വി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല.
ലഹളയുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മുദ്രാവാക്യം വിളികളുമായി ഇവർ റോഡ് ഉപരോധം തുടർന്നു. കൂടുതൽ സംഘർഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നതിൽനിന്ന് പിൻമാറുകയായിരുന്നു.
പ്രതിഷേധക്കാർ പിരിഞ്ഞുപോയതിനു ശേഷം ഇൻസ്പെക്ടർ ശ്രീദാസൻ എം.വി. നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ, യു.ഡി.എഫ്. ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, പ്രദീപ് കുമാർ, ധന്യ സുരേഷ്, അഡ്വക്കേറ്റ് എം.കെ. ബാബുരാജ്, രതീഷ് കട്ടുമാടൻ, മാർട്ടിൻ ജോർജ്, ദാമോദരൻ വീരപ്പൻ, സുഭാഷ്, ദീപു പൊട്ടാഷ്, കുഞ്ഞമ്പു കുളിയമാരൻ, പി.വി. സുരേഷ് പുല്ലൂർ, അജിത് കുമാർ പൂടങ്കല്ല്, അഭിലാഷ്, രാജൻ അരീക്കര, ഉനൈസ് ബേഡകം, ജവാദ്, കാർത്തികേയൻ, ശശി മെമ്പർ, അരവിന്ദൻ, മുറിയാനം പാപ്പൻ, ഭാസ്കരൻ, ചന്തു, റീന ചന്തു തുടങ്ങിയവരും കണ്ടാലറിയാവുന്ന അമ്പതോളം പേരുമുൾപ്പെടെയുള്ളവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഭാരതീയ ന്യായ സംഹിതയിലെ 189(2), 191(2), 189(3), 223, 192, 285, 190 എന്നീ വകുപ്പുകളും കേരള പൊതുവഴികളിലെ കൂടിച്ചേരലുകളും ഘോഷയാത്രകളും നിയന്ത്രിക്കുന്ന നിയമത്തിലെ ആറാം വകുപ്പും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
കേസിൻ്റെ അന്വേഷണച്ചുമതല സബ് ഇൻസ്പെക്ടർ മനുകൃഷ്ണൻ എം.എ.ക്ക് നൽകി. കല്ല്യോട്ട് ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പോലീസ് റിപ്പോർട്ട് അവഗണിച്ച് പരോൾ നൽകിയതിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം എന്താണ്? ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കൂ.
Article Summary: Police case against Youth Congress for protest over parole.
#KasaragodNews #YouthCongress #KalyottCase #RoadBlockade #KeralaPolice #Politics






