കൽക്കണ്ടം എംഡിഎംഎയായി മുദ്രകുത്തി; നിരപരാധികളായ യുവാക്കൾക്ക് ജയിലിൽ കഴിയേണ്ടിവന്നത് 151 ദിനങ്ങൾ.

-
60 ഗ്രാം എംഡിഎംഎ കൈവശം വെച്ചുവെന്നായിരുന്നു കേസ്.
-
കോടതി അഭിഭാഷകനെ നിയമിച്ചു നൽകേണ്ടിവന്നു.
-
രാസപരിശോധനയിൽ കൽക്കണ്ടമാണെന്ന് തെളിഞ്ഞു.
-
ജോലി നഷ്ടപ്പെട്ട ബിജു നാട്ടിൽ ഒറ്റപ്പെട്ടു.
-
മകനെ ഓർത്ത് മാതാവ് കണ്ണീരണിഞ്ഞു.
രാജപുരം: (KasargodVartha) കോഴിക്കോട്-കാസർകോട് റൂട്ടിലെ ബസ് ഡ്രൈവറായ രാജപുരം മാലക്കല്ല് പതിനെട്ടാം മൈൽ ചെരമ്പച്ചാൽ സ്വദേശി ബിജു മാത്യു (49), സുഹൃത്തും ലോറി ഡ്രൈവറുമായ കണ്ണൂർ വാരത്തെ നന്ദനം ഹൗസിൽ മണികണ്ഠൻ (46) എന്നിവർക്ക് രാസപരിശോധനാ ഫലം വരുന്നത് വരെ 151 ദിവസത്തോളം കോഴിക്കോട്ടെ ജയിലിൽ ദുരിതമനുഭവിക്കേണ്ടിവന്നു.
പൊലീസ് എം.ഡി.എം.എ.യാണെന്ന് തെറ്റിദ്ധരിച്ച് പിടികൂടിയത് കുഞ്ഞിന് വാങ്ങിയ കൽക്കണ്ടമായിരുന്നു. ഈ സംഭവം നിരപരാധികളായ ഈ യുവാക്കളെ മയക്കുമരുന്ന് മാഫിയയുടെ ആളുകളായി ചിത്രീകരിക്കാനും ജയിലിലടക്കാനും കാരണമായി.
അവർ നിരപരാധികളാണെന്ന് തെളിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ദിവസം കേസ് റദ്ദാക്കുകയും കോടതി ഇരുവരെയും വിട്ടയക്കുകയും ചെയ്തു. 2024 നവംബർ 26-ന് കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ കെ.എ. ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും കോഴിക്കോട് ടൗൺ അസിസ്റ്റൻ്റ് കമ്മീഷണർ അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്നാണ് ഇവരിൽ നിന്ന് കൽക്കണ്ടം പിടികൂടിയത്.
നടക്കാവ് എസ്.ഐ. ലീല, കോഴിക്കോട് നടക്കാവ് ചക്കോരത്ത് കുളം ഭാഗത്ത് വെച്ച് രാവിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോളാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
പിടികൂടിയ ഉടൻ തന്നെ പൊലീസ് ഒരൊറ്റ ചോദ്യം മാത്രമാണ് ചോദിച്ചതെന്ന് ബിജു മാത്യു വെളിപ്പെടുത്തി. ‘ആരാണ് ഇത് തന്നത്? എവിടെ കൊണ്ടുപോയി കൊടുക്കാനാണ് പറഞ്ഞത്?’ എന്നതായിരുന്നു പൊലീസിൻ്റെ ചോദ്യം. തുടർന്ന്, ഇരുവരുടെയും കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകൾ ഉടൻതന്നെ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു.
പിന്നീട് അവരെ പൊലീസ് സ്റ്റേഷനിലേക്കും കോടതിയിലേക്കും ഒടുവിൽ ജയിലിലേക്കും കൊണ്ടുപോവുകയായിരുന്നു. ചോദ്യം ചെയ്യലിനിടയിൽ ഇത് കൽക്കണ്ടമാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും പൊലീസ് വിശ്വസിച്ചില്ല. കോടതിയിൽ ഹാജരാക്കിയപ്പോഴും ജഡ്ജിയോട് ഈ കാര്യം പറഞ്ഞെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ലെന്ന് ബിജു മാത്യു പറയുന്നു.
മംഗളൂരിൽ നിന്ന് ലോഡുമായി വരുമ്പോൾ വഴിയിൽ വെച്ച് മണികണ്ഠൻ തൻ്റെ കുഞ്ഞിന് നൽകാനായി ഒരു കടയിൽ നിന്ന് 100 ഗ്രാം കൽക്കണ്ടം വാങ്ങിയിരുന്നു. അതിൽ നിന്ന് കുറച്ച് കഴിച്ച ശേഷം ബാക്കി പോക്കറ്റിലിട്ടതായിരുന്നു.
പൊലീസിൻ്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ച കാരണമാണ് ഈ യുവാക്കൾക്ക് അഞ്ച് മാസത്തോളം ജാമ്യം പോലും ലഭിക്കാതെ ജയിലിൽ കഴിയേണ്ടിവന്നത്. 60 ഗ്രാം എം.ഡി.എം.എ. കൈവശം വെച്ചുവെന്നായിരുന്നു പൊലീസ് കേസ് ഫയൽ ചെയ്തത്.
മയക്കുമരുന്ന് കേസിൽ അറസ്റ്റിലായതുകൊണ്ട് ഇവരെ ജാമ്യത്തിൽ ഇറക്കാൻ പോലും ആരും തയ്യാറായില്ല. ഇവർക്ക് വേണ്ടി ഹാജരാകാൻ അഭിഭാഷകരെ ലഭിക്കാത്തതിനെ തുടർന്ന് കോടതിയാണ് ഒടുവിൽ അഭിഭാഷകനെ നിയമിച്ചു നൽകിയത്.
ഇതിനിടയിലാണ് ഇവരുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത വസ്തു കൽക്കണ്ടമാണെന്ന രാസപരിശോധനാ ഫലം പുറത്തുവന്നത്. ഈ റിപ്പോർട്ട് വന്നതോടെ നിരപരാധികളായ ഇവരെ കേസിൽ നിന്ന് ഒഴിവാക്കുകയും നിരുപാധികം വിട്ടയക്കുകയും ചെയ്തു.
കോഴിക്കോട് ജില്ലാ ജയിലിലായിരുന്നു ഇവർ ചെയ്യാത്ത കുറ്റത്തിന് 151 ദിവസത്തോളം തടവിൽ കഴിഞ്ഞത്. എൻ.ഡി.പി.എസ്. കേസുകൾ പരിഗണിക്കുന്ന വടകര സ്പെഷ്യൽ ജഡ്ജിയുടെ കോടതിയാണ് ഇവരുടെ കേസ് തള്ളി വിട്ടയച്ചത്.
സ്വകാര്യ ബസ് ഡ്രൈവറായ ബിജു, മയക്കുമരുന്ന് കേസിൽ അകപ്പെട്ടതോടെ നാട്ടിലും വീട്ടിലും ഒറ്റപ്പെടുകയും വലിയ അപമാനം നേരിടുകയും ചെയ്തു. മകൻ മയക്കുമരുന്ന് കേസിൽ ജയിലിലായെന്നറിഞ്ഞതോടെ പള്ളിയിലും ഇടവകയിലും അപമാനഭാരത്താൽ തല കുനിക്കേണ്ടിവന്നുവെന്ന് ബിജുവിൻ്റെ മാതാവ് കണ്ണീരോടെ പറഞ്ഞു.
ഊന്നുവടിയില്ലാതെ നടക്കാൻ പോലും കഴിയാത്ത തനിക്ക് മരിക്കുന്നതിന് മുമ്പ് മകനെ കാണാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഇപ്പോൾ ജോലി നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടി നിൽക്കുകയാണെന്നും കഴിഞ്ഞ ദിവസം മാലക്കല്ലിൽ നിന്ന് ബസിൽ യാത്ര ചെയ്യേണ്ടിവന്നപ്പോൾ പരിചയക്കാർ പോലും അവജ്ഞയോടെ നോക്കിയെന്നും ബിജു ദുഃഖത്തോടെ പറഞ്ഞു.
ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം മണികണ്ഠൻ പഞ്ചായത്ത് അനുവദിച്ച നാല് സെൻറ് വീട്ടിലാണ് താമസിക്കുന്നത്. ഭാര്യ ഒരു ഡോക്ടറുടെ വീട്ടിൽ ജോലിക്കുപോയാണ് ഈ കുടുംബം കഷ്ടിച്ച് മുന്നോട്ട് പോയിരുന്നത്. അവരുടെ മൂത്ത മകൾ നേഴ്സിംഗ് കോഴ്സിന് ചേർന്നിരുന്നു. എന്നാൽ മണികണ്ഠൻ ജയിലിലായതോടെ ഫീസടയ്ക്കാൻ നിവൃത്തിയില്ലാതെ വന്നതിനാൽ മകളുടെ പഠനം മുടങ്ങുകയായിരുന്നു.
അന്യായമായി മയക്കുമരുന്ന് കേസിൽ പ്രതിചേർത്ത് അഞ്ച് മാസത്തോളം ജയിലിലടച്ച പോലീസ് നടപടിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാൻ ഒരുങ്ങുകയാണെന്ന് കാസർകോട് വാർത്തയോട് ബിജു മാത്യു പറഞ്ഞു.
ഈ സംഭവത്തെത്തുടർന്ന് തങ്ങളുടെ കുടുംബജീവിതം താളംതെറ്റുകയും സമൂഹത്തിൽ കുറ്റവാളികളായി ചിത്രീകരിക്കപ്പെടുകയും ചെയ്തത് വലിയ മാനസിക ആഘാതത്തിന് കാരണമായി.
സാധാരണ ബുദ്ധി ഉപയോഗിച്ച് മയക്കുമരുന്നാണോ എന്ന് ഉറപ്പുവരുത്താമായിരുന്നിട്ടും പോലീസ് അതിന് ശ്രമിച്ചില്ല. എം.ഡി.എം.എക്ക് മധുരമല്ല, കൈപ്പാണ് രുചിയെന്ന് ജയിലിൽ മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന മറ്റ് പ്രതികളിൽ നിന്നാണ് തങ്ങൾ അറിഞ്ഞത്.
വായുസഞ്ചാരം തട്ടിയാൽ എം.ഡി.എം.എ ഉരുകിപ്പോകുമെന്ന വിവരവും അവരിൽ നിന്നാണ് ലഭിച്ചത്. വക്കീലിനെ വെച്ച് പോലീസിനെതിരെ കോടതിയിൽ കേസ് നടത്താൻ തങ്ങളുടെ കയ്യിൽ പണമില്ലെന്നും ബിജു മാത്യു കൂട്ടിച്ചേർത്തു.
പൊലീസിൻ്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു? ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Two innocent men in Kerala were jailed for 151 days after police mistook candy they bought for a child as MDMA. They were released after lab tests proved it was just sugar candy.
#KeralaNews, #FalseArrest, #PoliceMistake, #Injustice, #MDMA, #Candy