ക്രിമിനൽ കേസുകളിൽ തുടർച്ചയായി ഏർപ്പെടുന്ന പ്രതിയെ വീണ്ടും കാപ്പ ചുമത്തി തടവിലാക്കി
● അറസ്റ്റിലായത് അജാനൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ ലാവാ സമീർ എന്ന ടി എം സമീർ.
● ഹോസ്ദുർഗ് പോലീസ് സംഘം രാവണീശ്വരം മുക്കൂട് വെച്ചാണ് സാഹസികമായി അറസ്റ്റ് ചെയ്തത്.
● കുറ്റകരമായ നരഹത്യാശ്രമം, മയക്കുമരുന്ന് വിൽപ്പന തുടങ്ങിയ 13 ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്.
● 2015-ലും ഇയാൾക്കെതിരെ ജില്ലാ കളക്ടർ കാപ്പ ചുമത്തി തടങ്കലിൽ പാർപ്പിച്ചിരുന്നു.
കാഞ്ഞങ്ങാട്: (KasargodVartha) ജില്ലാ കലക്ടറുടെ തടങ്കൽ ഉത്തരവറിഞ്ഞ് ഒളിവിൽ പോയ കാപ്പാ കേസ് പ്രതി അറസ്റ്റിൽ. അജാനൂർ ഗ്രാമ പഞ്ചായത് പരിധിയിലെ ലാവാ സമീർ എന്ന ടി എം സമീറിനെയാണ് (39) ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പോലീസ് സംഘം വ്യാഴാഴ്ച (25.09.2025) പുലർച്ചെ രാവണീശ്വരം മുക്കൂട് വെച്ച് സാഹസികമായാണ് പിടികൂടിയത്. കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലാക്കി.
2009 മുതൽ ഹോസ്ദുർഗ്, ബദിയടുക്ക, രാജപുരം തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ കുറ്റകരമായ നരഹത്യാശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, എംഡിഎംഎ പോലുള്ള മയക്കുമരുന്നു വിൽപ്പനക്കായി കൈവശം വെക്കൽ തുടങ്ങിയ 13 ക്രിമിനൽ കേസ്സുകളിൽ ഇയാൾ പ്രതിയാണ്. തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സമീറിനെ ഇതിനുമുൻപ് 2015-ൽ ജില്ലാ കളക്ടർ കാപ്പ ചുമത്തി തടങ്കലിൽ പാർപ്പിച്ചിരുന്നു.
കാസറഗോഡ് ജില്ലാ പോലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്‌ഡി ഐപിഎസിന്‍റെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പി സി കെ സുനിൽ കുമാർ ൻ്റെ മേൽനോട്ടത്തിലാണ് പ്രതിയെ പിടികൂടിയത്. ഹോസ്ദുർഗ് ഇൻസ്പെക്ടർ പി അജിത്ത്കുമാറിൻറെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ശാർങ്‌ഗധരൻ എ ആർ, അസി. സബ് ഇൻസ്പെക്ടർ എം പ്രകാശൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ സനീഷ് കുമാർ, കെ ടി അനിൽ, എ ജ്യോതിഷ്, കെ രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇത്തരം കുറ്റവാളികളെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Kaapa case accused Lava Sameer (39) arrested from hiding by Hosdurg police on Thursday.
#KaapaArrest #KasaragodPolice #Hosdurg #LavaSameer #CrimeNews #KeralaPolice






