Fraud | ന്യൂസിലാൻഡിലേക്ക് നഴ്‌സിങ് വിസ വാഗ്ദാനം, 1.90 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; കേസെടുത്ത് പൊലീസ്
പാലാവയൽ നെട്ടനൊഴുകയിൽ ഹൗസിലെ അൽഫോൺസ കുര്യന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്
ചിറ്റാരിക്കൽ: (KasargodVartha) ന്യൂസിലാൻഡിൽ നഴ്‌സിങ് അസിസ്റ്റന്റ് ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും 1,90,000 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ചിറ്റാരിക്കൽ പൊലീസ് കേസെടുത്തു. ദുബൈയിലെ ബ്ലിറ്റ്‌സ് മൈഗ്രേഷൻ എന്ന കംപനി വഴി കോഴിക്കോട് മുക്കം പൊലീസ് സ്റ്റേഷൻ പരിധിയിലെ അമീർ മുഹമ്മദ് ശിബിലി, റീനു എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
പാലാവയൽ നെട്ടനൊഴുകയിൽ ഹൗസിലെ അൽഫോൺസ കുര്യന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ന്യൂസിലാൻഡിലെ നഴ്‌സിങ് ജോലിക്ക് വിസ വാങ്ങിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തുക കൈപ്പറ്റിയെന്നും പിന്നീട് പണം തിരികെ നൽകാതെയും വിസ നൽകാതെയും പ്രതികൾ വഞ്ചിച്ചുവെന്നാണ് ആരോപണം.
ബ്ലിറ്റ്‌സ് മൈഗ്രേഷൻ കംപനിയെ ഒന്നാം പ്രതിയും അമീർ മുഹമ്മദ് ശിബിലി, റീനു എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയുമാണ് ഐപിസി 420 വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തത്. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.