Allegation | ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ വാങ്ങിയതിനും ജി എസ് ടി ഈടാക്കി ഡിവൈഎഫ്ഐ വനിത നേതാവ്; തട്ടിപ്പിന് നികുതി വാങ്ങുന്നത് കേരളത്തിലാദ്യം! താനും തട്ടിപ്പിന്റെ ഇരയെന്ന് ആരോപണ വിധേയ
● പലരിൽ നിന്നും പണം വാങ്ങിയതായി ആരോപണം
● കുമ്പള പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുമ്പള: (KasargodVartha) കാസർകോട് സിപിസിആർഐയിൽ ക്ലർക് ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയ ഡിവൈഎഫ്ഐ വനിത നേതാവ് സച്ചിത റൈ, താൻ നൽകിയ പണത്തിന് ജി എസ് ടിയായി 5000 രൂപ കൂടി വാങ്ങിയിരുന്നതായി ഇവർക്കെതിരെ പരാതി നൽകിയ നിഷ്‌മിത ഷെട്ടി വെളിപ്പെടുത്തി. കർണാടക സ്വദേശിനിയായ നിഷ്‌മിത കുമ്പള കിദൂരിലെ പ്രവാസിയായ യുവാവിനെ വിവാഹം ചെയ്ത് ഇവിടെയാണ് താമസം.
പുത്തിഗെ ബാഡൂരിലെ എയ്‌ഡഡ് പ്രൈമറി സ്‌കൂളിൽ അധ്യാപികയായ സച്ചിത റൈ ഇവിടെ വെച്ചാണ് നിഷ്‌മിത ഷെട്ടിയുമായി പരിചയപ്പെട്ടത്. സിപിസിആർഐയിലും കേന്ദ്ര സർകാരിന്റെ വിവിധ വകുപ്പുകളിലും നല്ല ജോലിയുണ്ടെന്ന് പറഞ്ഞാണ് യുവതിയിൽ നിന്നും പണം കൈപ്പറ്റിയത്. ഘട്ടം ഘട്ടമായാണ് 15,05,796 രൂപ നൽകിയത്. ഇതിൽ 5796 രൂപ ജോലിക്കായി അടക്കേണ്ട പണത്തിന്റെ ജി എസ് ടി ആണെന്ന് പറഞ്ഞാണ് വാങ്ങിയതെന്നാണ് പറയുന്നത്.
ഡിവൈഎഫ്ഐ ബ്ലോക് കമിറ്റി അംഗം, ബാലസംഘം സംസ്ഥാന കമിറ്റി അംഗം, സിപിഎമ്മിന്റെ വനിതാ വിഭാഗമായ എഐഡിഡബ്ള്യുഎ ജില്ലാ കമിറ്റി അംഗവുമായിരുന്നു സച്ചിത. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ശരിയാക്കി നൽകുന്ന പേഴ്സണൽ സെർച് പോയിന്റ് എന്ന സ്ഥാപനം കർണാടകയിൽ നടത്തുന്ന ചന്ദ്രശേഖര കുണ്ടാർ എന്നയാൾക്കാണ് പലരിൽ നിന്നും വാങ്ങിയ പണം നൽകിയതെന്നും എന്നാൽ ഇയാൾ ജോലി നൽകാതെ തന്നെയും താൻ ബന്ധപ്പെടുത്തികൊടുത്തവരെയും വഞ്ചിക്കുകയായിരുന്നുവെന്നും സച്ചിത റൈ പറയുന്നു. അതുകൊണ്ട് തന്നെ താനും തട്ടിപ്പിന് ഇരയാണെന്നാണ് ഇവരുടെ വാദം.
തനിക്കെതിരെ പരാതി നൽകിയ യുവതിയെയും മറ്റ് നിരവധി തൊഴിൽ അന്വേഷകരെയും ചന്ദ്രശേഖര കുണ്ടാറിനെ ബന്ധപ്പെടുത്തി 75 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നും സച്ചിത പറയുന്നു. എല്ലവർക്കും ജോലി കൊടുക്കുമെന്ന് ചന്ദ്രശേഖര കുണ്ടാർ അവകാശപ്പെട്ടിരുന്നുവെന്നും പറയുന്നുണ്ട്. സർകാർ ജോലി ഉറപ്പാക്കാൻ ഏജന്റുമാർക്ക് പണം നൽകുന്നത് നിയമ വിരുദ്ധമാണെന്ന കാര്യം അറിയാമെങ്കിലും അതൊന്നും ഈ യുവജന നേതാവിന് പ്രശ്‌നം ആയിരുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം.
30 ലക്ഷം രൂപ നൽകിയാണ് ഇവർ എയ്ഡഡ് സ്‌കൂളിൽ ജോലിക്ക് ചേർന്നതെന്ന സൂചന പുറത്തുവന്നിട്ടുണ്ട് 10 ദിവസം മുമ്പ് വരെ ഡിവൈഎഫ്ഐയുടെ ജില്ലാ കമിറ്റി അംഗമായിരുന്ന സച്ചിത റൈയെ ഇപ്പോൾ സംഘടനയിൽ നിന്നും നീക്കിയതായാണ് വിവരം. തട്ടിപ്പിനെ കുറിച്ച് നിരവധി പേർ സിപിഎം നേതൃത്വത്തെ പരാതി അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നിശ്ചിത ദിവസത്തിനകം പണം നൽകാൻ പാർടി നിർദേശിച്ചിരുന്നു. എന്നാൽ നിശ്ചിത സമയത്തിനകം പണം നൽകാതെ വന്നതോടെയാണ് സച്ചിത റൈക്കെതിരെ പരാതി നൽകുകയും കുമ്പള പൊലീസ് കേസെടുക്കുകയും ചെയ്തിരിക്കുന്നത്.
പ്രസവാവധിയിൽ ഭർത്താവിന്റെ വീടായ കോഴിക്കോട്ടേക്ക് താമസം മാറിയതിനാൽ ഇവരെ ജില്ലാ കമിറ്റിയിൽ നിന്നും ഒഴിവാക്കിയെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. നിഷ്മിത ഷെട്ടിയുടെ പരാതിയിൽ കുമ്പള പൊലീസ് ഐപിസി 420 വകുപ്പ് പ്രകാരം വഞ്ചനാ കുറ്റത്തിനാണ് കേസെടുത്തത്. 2023 മെയ് 30നും ഓഗസ്റ്റ് 23നും ഇടയിൽ 15,057,96 രൂപ ബാങ്ക് ബാഴിയും ഗൂഗിൾ പേ വഴിയും ട്രാൻസ്ഫർ ചെയ്ത് കൊടുത്തുവെന്നാണ് നിഷ്‌മിത ഷെട്ടിയുടെ പരാതിയിൽ പറയുന്നത്. സ്വർണാഭരണങ്ങൾ പണയം വെച്ചും സൗദിയിലുള്ള ഭർത്താവിൽ നിന്ന് വാങ്ങിയുമാണ് ജോലിക്കായി പണം നൽകിയതെന്നും നിഷ്‌മിത ഷെട്ടി വ്യക്തമാക്കുന്നു.
കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള ഗവേഷണ സ്ഥാപനമായ സിപിസിആർഐയിൽ ജോലി ഉറപ്പാക്കാൻ നൽകിയ പണത്തിന് ജിഎസ്ടി തുക കൂടി വാങ്ങിച്ചുവെന്നത് നിഷ്‌മിത ഷെട്ടിയുടെ ഇതേക്കുറിച്ചുള്ള അജ്ഞതയെ മുതലെടുക്കുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നതെന്നാണ് പറയുന്നത്. ബിരുദ വിദ്യാർഥിയായ നിഷ്‌മിത ഷെട്ടിക്ക് പണം നൽകിയതിന് ഗ്യാരണ്ടിയായി ചന്ദ്രശേഖര കുണ്ടാർ ചെക് വാഗ്‌ദാനം ചെയ്തിരുന്നതായും എന്നാൽ അതിന്റെ ആവശ്യമില്ലെന്നും തനിക്ക് വിശ്വാസമാണെന്നും അവർ പറഞ്ഞിരുന്നതായും സച്ചിത റൈ പറയുന്നു.
പണം നൽകിയതിന് പകരമായി ചന്ദ്രശേഖര കുണ്ടാർ നൽകിയ 72 ലക്ഷം രൂപയുടെ ചെക് സച്ചിത റൈയിയുടെ പക്കലുണ്ടെന്നാണ് സൂചന. വിവിധ ആളുകളിൽ നിന്ന് രണ്ട് കോടിയോളം രൂപ കൈപ്പറ്റിയിട്ടുണ്ടെന്നും എന്നാൽ ചന്ദ്രശേഖര കുണ്ടാർ നൽകിയത് 72 ലക്ഷം രൂപയുടെ ഗ്യാരണ്ടി ചെക് മാത്രമാണെന്നും ബാക്കി 1.15 കോടി രൂപ സച്ചിത റൈ അടിച്ചുമാറ്റിയതായുമാണ് ആരോപണങ്ങൾ പുറത്തുവരുന്നത്.
തൊഴിൽ റിക്രൂട്മെന്റ് സ്ഥാപനം നടത്തുന്ന ചന്ദ്രശേഖര കുണ്ടാറിനെ തനിക്ക് പരിചയപ്പെടുത്തിയത് മഞ്ചേശ്വരത്തെ ഒരാളാണെന്നും സച്ചിത റൈ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇയാളുടെ പേര് വെളിപ്പെടുത്താൻ അവർ തയ്യാറിയിട്ടില്ല. കൂടാതെ ചന്ദ്രശേഖര കുണ്ടാർ വഴി എത്ര പേർക്ക് ജോലി ലഭിക്കാൻ പണം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടില്ല. ജോലി തട്ടിപ്പിനിരയായെന്ന് കാണിച്ച് സെപ്റ്റംബർ 29ന് സച്ചിത റൈ ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ ചന്ദ്രശേഖര കുണ്ടാറിനെതിരെ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കേസൊന്നും രജിസ്റ്റർ ചെയ്‌തിട്ടില്ല. പരാതി കിട്ടിയിട്ടുണ്ടോയെന്ന കാര്യം സ്ഥിരീകരിക്കാനും ബദിയടുക്ക പൊലീസ് തയ്യാറായിട്ടില്ല.
#JobScam #KeralaNews #DYFI #Fraud #Employment #Investigation