ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസ്: മുൻ ഡിവൈഎഫ്ഐ നേതാവ് സചിത റൈ വീണ്ടും ജോലിയിൽ പ്രവേശിക്കാൻ നീക്കം തുടങ്ങി; വകുപ്പ് തല അന്വേഷണം പുനരാരംഭിച്ചു
● വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ സചിതക്കെതിരായ വകുപ്പ് തല അന്വേഷണം പുനരാരംഭിച്ചു
● 2026 ഓഗസ്റ്റ് 20 വ്യാഴാഴ്ച മഞ്ചേശ്വരം എഇഒ ബാഡൂർ സ്‌കൂളിൽ ഹിയറിംഗ് നടത്തി
● കുമ്പള, ബദിയടുക്ക ഉൾപ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 11 വഞ്ചനാ കേസുകളാണ് സചിതക്കെതിരെ ഉള്ളത്
● തട്ടിപ്പ് കേസിൽ പ്രതിയായതിനെ തുടർന്ന് സചിതയെ ഡിവൈഎഫ്ഐ, സിപിഎം പദവികളിൽ നിന്നും നീക്കിയിരുന്നു
-കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്
കാസർകോട്: (KasargodVartha) ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതിയായ പുത്തിഗെ ബാഡൂർ എഎൽപി സ്കൂൾ അധ്യാപികയായിരുന്ന ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സചിത റൈ (28) വീണ്ടും ജോലിയിൽ പ്രവേശിക്കാൻ നീക്കം തുടങ്ങി. ഇതിൻ്റെ ഭാഗമായി സചിതക്കെതിരായ വകുപ്പ് തല അന്വേഷണം വിദ്യാഭ്യാസ വകുപ്പ് വീണ്ടും ആരംഭിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഇവരെ ആരോപണങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
പരാതികളിൽ ഒത്തുതീർപ്പിന് ശ്രമിക്കുന്നതായി വിവരം
സാമ്പത്തിക തട്ടിപ്പ് കേസുകളിൽ കോടതി ജാമ്യം നൽകിയതിനെ തുടർന്ന് ജയിലിൽ നിന്നും പുറത്തിറങ്ങിയ സചിത പരാതികളിൽ ഒത്തുതീർപ്പിനുള്ള സാധ്യതകൾ അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. കേസ് പിൻവലിച്ചാൽ പണം മടക്കി നൽകാമെന്ന വാഗ്‌ദാനം പരാതിക്കാർക്ക് നൽകി ജോലിയിൽ തിരികെ കയറാനാണ് ശ്രമം നടത്തുന്നത്. മഞ്ചേശ്വരം എഇഒ ജിതേന്ദ്ര 2026 ഓഗസ്റ്റ് 20 വ്യാഴാഴ്ച പ്രതിയെയും പരാതിക്കാരെയും ബാഡൂർ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി ഹിയറിംഗ് നടത്തി.

വകുപ്പ് തല അന്വേഷണം തുടരുകയാണെന്നും ഇനിയും ആളുകളെ വിളിക്കാനുണ്ടെന്നും അതിന് ശേഷം ഡിഡിഇക്ക് റിപ്പോർട്ട് നൽകുമെന്നും എഇഒ പ്രതികരിച്ചു. നിലവിൽ സചിതയുടെ സസ്പെൻഷൻ തുടരുകയാണെന്നും മറ്റ് കാര്യങ്ങളിൽ സ്കൂൾ മാനേജരാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് കേസിൻ്റെ സമാന്തരമായാണ് വകുപ്പ് തല അന്വേഷണവും നടക്കുന്നത്. കേസുകളെല്ലാം ഒത്തുതീർപ്പാക്കാൻ ചിലർ സചിതയ്ക്കായി രംഗത്തിറങ്ങിയതായുള്ള വിവരവും പുറത്തുവരുന്നുണ്ട്. പല കേസുകളിലും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
വിവിധ പൊലീസ് സ്റ്റേഷനുകളില്‍ 11 കേസുകൾ
അധ്യാപക സംഘടനാ നേതാവായിരുന്ന സചിതയെ നേരത്തെ കുമ്പള സിപിഎം ഏരിയാ കമ്മിറ്റിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും ഡിവൈഎഫ്ഐ പദവികളിൽ നിന്നും നീക്കിയിരുന്നു. ബദിയടുക്ക, അമ്പലത്തറ, കുമ്പള, മഞ്ചേശ്വരം, ആദൂർ, മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധികളിലും ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങടി പൊലീസ് സ്റ്റേഷൻ പരിധിയിലുമായി ഇവർക്കെതിരെ 11 വഞ്ചനാ കേസുകളാണ് നിലവിലുള്ളത്. സിപിസിആർഐ, കേന്ദ്രീയ വിദ്യാലയം, കർണാടക എക്സൈസ് വകുപ്പ്, സ്ക്കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് പണം വാങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച പരാതികളിലുള്ളത്.
സുഹൃത്തുക്കളിൽനിന്നും അടുത്ത പരിചയക്കാരിൽനിന്നുമാണ് പ്രധാനമായും പണം വാങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റൻ്റ് മാനേജർ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ വാങ്ങിയെന്ന കുമ്പള കിദൂർ സ്വദേശിനി നിഷ്മിത ഷെട്ടിയുടെ പരാതിയോടെയാണ് സംഭവത്തിൻ്റെ വ്യാപ്തി പുറത്തുവന്നത്. ബാഡൂർ സ്വദേശി ബി എസ് മലേഷിൽനിന്ന് കർണാടക എക്സൈസിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപയും, കടമ്പാർ മൂഡംബയലിൽ താമസിക്കുന്ന മോക്ഷിത് ഷെട്ടിയിൽനിന്ന് കർണാടക എക്സൈസ് വകുപ്പിൽ ക്ലർക്ക് ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപയും വാങ്ങിയതായി പരാതിയുണ്ട്. ദേലംപാടി സ്വദേശിനി സുചിത്രയിൽനിന്ന് കാസർകോട്ടെ കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് 7,31,500 രൂപ വാങ്ങിയെന്ന പരാതിയിലും പൊലീസ് കേസെടുത്തിരുന്നു.
ചെക്ക് ലഭിച്ചതായി മൊഴി
തനിക്ക് പണം കൈമാറിയ കർണാടകയിലെ ഒരു സംഘം 78 ലക്ഷം രൂപയുടെ ചെക്ക് നൽകിയിരുന്നുവെന്ന് സചിത പൊലീസിന് മൊഴി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. കേസിൽ മുൻകൂർ ജാമ്യം തേടി സചിത കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോൾ പൊലീസ് അറസ്‌റ്റ് ചെയ്തത്.
എഇഒയുടെ ഹിയറിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയ സചിതയോട് പണം കൊടുത്തവർ എന്ന് പണം തിരിച്ച് തരുമെന്ന് ആവശ്യപ്പെട്ടപ്പോൾ, വിധിവരട്ടെ എന്ന് പറഞ്ഞ് കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ഹിയറിംഗിനായി കുറ്റാരോപിത കാറിലാണ് എത്തിയത്. ഇപ്പോഴത്തെ സംഭവവികാസത്തിൽ തനിക്ക് ഒന്നും പറയാനില്ലെന്നും സ്ക്കൂൾ മാനേജറോട് ചോദിക്കണമെന്നും എച്ച്എം സുധീർ പ്രതികരിച്ചു.
ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Accused teacher Sachitha Rai attempts to rejoin service amidst a job fraud case.
#KasargodVartha #JobFraudCase #KasaragodNews #KeralaPolice #MalayalamNews #SachithaRaiCase #RenuNews






