Dispute | സ്വർണക്കടയുടെ പേരിനെ സംബന്ധിച്ചുള്ള തർക്കം കത്തിക്കുത്തിലും അക്രമത്തിലും കലാശിച്ചതായി പരാതി; 2 കേസുകൾ രജിസ്റ്റർ ചെയ്‌തു
● 'മെട്രോ ഗോൾഡ്' എന്ന പേര് ഉപയോഗിക്കുന്നതിനെ ചൊല്ലിയാണ് തർക്കം
● ഹൈകോടതിയുടെ വിധിക്ക് പിന്നാലെയാണ് പുതിയ സംഭവ വികാസം
● പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നു
കാസർകോട്: (KasargodVartha) ജ്വലറിയുടെ പേരിനെ സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് ഉടമകളായ രണ്ടുപേർ തമ്മിൽ കത്തിക്കുത്തും അക്രമവും നടത്തിയതായി പരാതികൾ. സംഭവത്തിൽ ബേക്കൽ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌തു. കോട്ടിക്കുളം അത്തർ മൻസിലിലെ ബി എ ഹസൈനാറിന്റെ മകൻ ബി എച് ശാനവാസിനെ (30) കത്തിവീശി പരുക്കേൽപിച്ചെന്ന പരാതിയിൽ ബന്ധുവായ മുഹമ്മദ് കുഞ്ഞിക്കെതിരെ ബിഎൻഎസ് നിയമത്തിലെ 126 (2), 118 (1) വകുപ്പുകൾ പ്രകാരം കേസെടുത്തു.
മെട്രോ ഗോൾഡ് എന്ന പേരുവെച്ച് ബിസിനസ് തുടങ്ങിയതിനെതിരായി മുഹമ്മദ് കുഞ്ഞി കോടതിയിൽ നൽകിയ കേസിൽ ഹൈകോടതിയിൽ നിന്ന് ശാനവാസിന് അനുകൂല വിധി ഉണ്ടായതിൽ പ്രകോപിതനായി കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 3.30 മണിയോടെ കോട്ടിക്കുളം ബൈക്കെ പള്ളിക്ക് സമീപത്തെ മാതാവിന്റെ തറവാട് വീട്ടിൽ വെച്ച് കത്തി വീശി പരുക്കേൽപിച്ചുവെന്നാണ് കേസ്. കഴുത്തിന് പിറകിലും കൈകൾക്കും പരുക്കേറ്റതായി പരാതിയിൽ പറയുന്നു. ശാനവാസ് ചെങ്കള നായനാർ ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം തറവാട് വീട്ടിൽ അതിക്രമിച്ച് കയറി തന്നെ അശ്ലീല ഭാഷയിൽ ചീത്ത വിളിച്ചും കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയും കഴുത്തിന് കുത്തിപ്പിടിച്ചും തള്ളി താഴെയിട്ട് ചവിട്ടി ദേഹോപദ്രവം ഏൽപിച്ചുവെന്ന മുഹമ്മദ് കുഞ്ഞിയുടെ പരാതിയിൽ ശാനവാസിനെതിരെ ബിഎൻഎസ് നിയമത്തിലെ 332 (സി), 126 (2), 115 (2), 351 (2) വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. വീട്ടിൽ കയറി മാതാവിനെ ചീത്ത വിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും തടയാൻ ചെന്നതിന്റ വിരോധമാണ് അക്രമത്തിന് കാരണമെന്ന് മുഹമ്മദ് കുഞ്ഞിയുടെ പരാതിയിൽ പറയുന്നു.
മെട്രോ ഗോൾഡിന്റെ ലോഗോയും പേരും ഉപയോഗിക്കുന്നതിനെതിരെ മുഹമ്മദ് കുഞ്ഞി നൽകിയ പരാതിയിൽ നേരത്തെ കാസർകോട് പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ ശാനവാസിന് അനുകൂലമായി വിധിയുണ്ടായതാണ് ഇപ്പോഴത്തെ അക്രമങ്ങൾക്ക് കാരണമായതെന്നാണ് പറയുന്നത്. ശാനവാസിന്റെ മാതാവിന്റെ സഹോദരനാണ് മുഹമ്മദ് കുഞ്ഞി. നേരത്തെ ഇവർ ഒരുമിച്ചാണ് ബിസിനസ് നടത്തിവന്നിരുന്നത്. പിന്നീട് ഇവർ തമ്മിൽ ബിസിനസ് പരമായി അകലുകയും രണ്ട് സ്ഥാപനങ്ങളായി പ്രവർത്തിച്ച് വരികയുമായിരുന്നു.
#KasaragodNews #KeralaNews #IndiaNews #CrimeNews #Jewelers #Dispute #LegalBattle #FamilyFeud