Scam | ശ്രുതിയുടെ തട്ടിപ്പ് അമ്പരിപ്പിക്കുന്നത്! ഐഎസ്ആർഒ ടെക്നികൽ അസിസ്റ്റൻറ് എന്ന വ്യാജ തിരിച്ചറിയൽ കാർഡ് വീട്ടിൽ നിന്നും കണ്ടെത്തി
മേൽപറമ്പ്: (KasargodVartha) ഹണിട്രാപ് കേസിൽ അറസ്റ്റിലായ മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ശ്രുതി ചന്ദ്രശേഖര (35)ന്റെ തട്ടിപ്പ് അമ്പരപ്പിക്കുന്നത്. ഐഎസ്ആർഒയുടെ ടെക്ക്നിക്കൽ അസിസ്റ്റന്റിന്റെ വ്യാജരേഖ ശ്രുതിയുടെ വീട്ടിൽ നടത്തിയ തെളിവെടുപ്പിനിടെ കണ്ടെത്തിയതായി പൊലീസ് വെളിപ്പെടുത്തി.
മാട്രിമോണിയൽ സൈറ്റിൽ ഐഎസ്ആർഒ ഉദ്യോഗസ്ഥയായ യുവതിക്ക് വിവാഹാലോചനയെന്ന പരസ്യം നൽകി പലരെയും പറ്റിച്ചതായാണ് വിവരം. ഇൻസ്റ്റഗ്രാമിലൂടെയും പരിചയപ്പെടുന്നവരെയും യുവതി വശീകരിച്ച് കുടുക്കി പണവും പൊന്നും തട്ടിയിരുന്നുവെന്ന് പൊലിസ് അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്.
യുവാക്കളെ വശീകരിച്ച് വലയിലാക്കി പണം തട്ടുന്നതിൽ അസാമാന്യമായ കഴിവാണ് ശ്രുതിക്ക് ഉള്ളതെന്നും പോലീസുദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി ആളുകൾ നാണക്കേട് കാരണം പരാതിയുമായി രംഗത്ത് വരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
ദക്ഷിണ കർണാടകയിലെ ഉഡുപ്പിയിലെ ഒരു ഹോട്ടൽ മുറിയിൽ 30 ദിവസമായി രണ്ട് മക്കൾക്കുമൊപ്പം ഒളിവിൽ കഴിയുകയായിരുന്ന ശ്രുതിയെ വെള്ളിയാഴ്ച വൈകീട്ട് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പിടികൂടുകയായിരുന്നു.
പെരിയാട്ടടുക്കത്തെ യുവാവിന്റെ പരാതിയിലാണ് മേൽപ്പറമ്പ് പൊലീസ് ശ്രുതിക്കെതിരെ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ഒളിവിൽ പോയ ശ്രുതി ഉഡുപ്പിയിലെ ലോഡ്ജിൽ കാൻസർ ചികിത്സയ്ക്കെന്ന പേരിലാണ് ദിവസം 1000 രൂപ നിരക്കിൽ മുറിയെടുത്ത് താമസിച്ചു വന്നത്. വെറും 6000 രൂപയാണ് ലോഡ്ജിൽ അടച്ചിരുന്നത്. ബാക്കി തുക ഭർത്താവ് നൽകുമെന്നാണ് ലോഡ്ജിൽ പറഞ്ഞത്.
വിവാഹവാഗ്ദാനം നൽകിയ ശേഷം പണം തട്ടി മുങ്ങുന്നതാണ് ശ്രുതിയുടെ തന്ത്രം. കാസർകോടിന് പുറമെ കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം എന്നിവിടങ്ങളിലും ശ്രുതി തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി.
പെരിയാട്ടടുക്കത്തെ യുവാവിൽ നിന്നും ഒരു ലക്ഷം രൂപയും ഒരു പവൻ സ്വർണ്ണവും തട്ടിയെടുത്തുവെന്ന പരാതിയിലാണ് മേൽപ്പറമ്പ് പൊലീസ് കേസ് എടുത്തത്.
വിവാഹിതയും രണ്ട് മക്കളുടെ മാതാവുമായ യുവതി, പലരോടും വിവാഹവാഗ്ദാനം നടത്തി പണം തട്ടിയിരുന്നതായും പറയുന്നു. മേൽപ്പറമ്പിലെ കേസിൽ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നുവെങ്കിലും അത് തള്ളിയിരുന്നു.
ഒരു ജിമ്നേഷ്യത്തിൽ പരിശീലകനായ യുവാവുമായി പരിചയപ്പെട്ടും തട്ടിപ്പ് നടത്തി. ഒരു ഡോക്ടറുമായി തന്റെ വിവാഹമുറപ്പിച്ചുവെന്ന് അവകാശപ്പെട്ട ശ്രുതി, വ്യാജ കല്ല്യാണ നിശ്ചയ ക്ഷണപത്രവും തയ്യാറാക്കി കാണിച്ചു. ഡോക്ടറെ വിവാഹം ചെയ്യാൻ താൽപ്പര്യമില്ലെന്നും അറിയിച്ചിരുന്നു.
ജിം പരിശീലകനിൽ നിന്നും നാല് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. താൻ തട്ടിപ്പു നടത്തിയത് അറിഞ്ഞ യുവാവ്, പണം തിരികെ ചോദിച്ചപ്പോൾ, ജിം പരിശീലകൻ തന്നെ ബലാത്സംഗം ചെയ്‌തുവെന്ന് കള്ളപ്പരാതി നൽകുകയായിരുന്നു.
ആത്മഹത്യ നാടകമാക്കിയ യുവതി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്രുതിയുടെ ബലാത്സംഗ പരാതിയിൽ കർണാടക പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, യുവാവ് ദിവസങ്ങളോളം ജയിലിലുമായിരുന്നു. തനിക്കെതിരെ നീങ്ങുന്നവരെ കേസിൽ കുടുക്കുന്ന തന്ത്രമാണ് ശ്രുതി ഉപയോഗിച്ചിരുന്നത്.
ബലാത്സംഗ കേസും കുട്ടികളെ കൊണ്ട് പോക്സോ കേസും നൽകി രണ്ട് പേരെ ജയിലിലാക്കിയിരുന്നു. യുവതിയുടെ ദുർനടപ്പ് ഭർത്താവിനെ അറിയിച്ചതിന്റെ പേരിൽ ഭർത്താവിന്റെ അമ്മാവനെയും പോക്സോ കേസിൽ കുടുക്കി. കാഞ്ഞങ്ങാട് പോക്സോ കോടതി ഈ കേസ് നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചിരുന്നു.
മേൽപ്പറമ്പ് പോലീസ് ഇൻസ്‌പെക്ടർ എ. സന്തോഷ് കുമാർ, എസ്. ഐ. സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ശ്രുതി ചന്ദ്രശേഖരനെ പിടികൂടിയത്. യുവതിയെ പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി, രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
യുവതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനുമായി കസ്റ്റഡി അപേക്ഷ നൽകാനുള്ള ശ്രമത്തിലാണ് പൊലീസ്.