Investigation | ജ്വലറിയിൽ നിന്നും യുവതി കൈചെയിനുമായി മുങ്ങിയ സംഭവത്തിൽ അന്വേഷണം മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച്
● യുവതി മുഖം മറച്ച് എത്തിയാണ് കൈചെയിൻ കൈക്കലാക്കിയത്.
● സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
● ഒരു പവൻ തൂക്കമുള്ള സ്വർണ കൈചെയിനാണ് നഷ്ടപ്പെട്ടത്.
കുമ്പള: (KasargodVartha) ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേന ജ്വലറിയിലെത്തി ഒരു പവന്‍ തൂക്കമുള്ള സ്വർണ കൈചെയിനുമായി കടന്നുകളഞ്ഞ യുവതിയെ കുറിച്ചുള്ള അന്വേഷണം മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച്. കുമ്പള രാജധാനി ജ്വലറിയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് തട്ടിപ്പ് നടത്തിയ യുവതിയെ കണ്ടെത്താനാണ് അന്വേഷണം തുടരുന്നത്.
മുഖം മറച്ച് എത്തിയ യുവതി ജ്വലറിയിലെത്തി കൈചെയിൻ ആവശ്യപ്പെടുകയായിരുന്നു.
ആഭരണങ്ങള്‍ നോക്കുന്നതിനിടയിലാണ് തന്ത്രപൂർവം കൈ ചെയിൻ കൈക്കലാക്കി മുങ്ങിയത്. കാഷ് കൗണ്ടറിലെത്തിയ യുവതി ആവശ്യമുള്ള ആഭരണങ്ങള്‍ നോക്കി വച്ചിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം വന്ന് എടുക്കുമെന്നും ജ്വലറി ഉടമയെ അറിയിച്ചാണ് പോയത്.
യുവതി ഒരു മൊബൈൽ ഫോൺ നമ്പർ ജ്വലറിയിൽ നൽകിയിരുന്നു. ജ്വലറിയുടെ വിസിറ്റിംഗ് കാർഡ് വാങ്ങുകയും ചെയ്തിരുന്നു. യുവതി നൽകിയ നമ്പർ കർണാടകയിലേതാണെന്നാണ് വ്യക്തമായിട്ടുള്ളത്. ഈ നമ്പർ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. കുമ്പള ഭാഗത്ത് നിന്നും കർണാടകയിലേക്ക് വിവാഹം കഴിച്ചു പോയ യുവതിയാണോ തട്ടിപ്പുകാരിയെന്ന് പൊലീസ് സംശയിക്കുന്നു.
യുവതി ജ്വലറിയിൽ നിന്നും ഇറങ്ങി കർണാടകയിലേക്കുള്ള ബസ് കയറി പോയിട്ടുണ്ടെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. യുവതി നൽകിയത് വ്യാജ മൊബൈൽ ഫോൺ നമ്പർ അല്ലെന്നാണ് സൂചന. രാത്രി ജ്വലറി അടയ്ക്കുന്നതിനു മുമ്പ് ആഭരണങ്ങളുടെ സ്റ്റോക് പരിശോധിച്ചപ്പോഴാണ് കൈചെയിന്‍ നഷ്ടപ്പെട്ട കാര്യം അധികൃതർക്ക് ബോധ്യമായത്.
തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവതി കൈചെയിന്‍ കൈക്കലാക്കുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചത്. ജ്വലറി ഉടമ ഹമീദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുമ്പള പൊലീസ് അന്വേഷണം നടത്തുന്നത്.
#KumblaTheft #JewelryTheft #KarnatakaPolice #CCTVFootage #GoldChain