Migrant Workers | അതിഥി തൊഴിലാളികളുടെ ഒഴുക്ക്: കുറ്റകൃത്യങ്ങൾ ഏറിയിട്ടും അധികൃതരുടെ പക്കൽ കണക്കൊന്നുമില്ല

● നിർമ്മാണ മേഖല മുതൽ എല്ലാ രംഗത്തും അന്യസംസ്ഥാന തൊഴിലാളികളുടെ സജീവ സാന്നിധ്യമുണ്ട്.
● സംസ്ഥാനത്ത് തങ്ങുന്ന ഒട്ടനവധി അന്യസംസ്ഥാന തൊഴിലാളികൾ ക്രിമിനൽ കേസുകളിൽ എന്നപോലെ നിരവധി പീഡനക്കേസുകളിലും പ്രതികളാണ്.
കാസർകോട്: (KasargodVartha) ജില്ലയിലേക്ക് അതിഥി തൊഴിലാളികളുടെ ഒഴുക്ക് തുടരുമ്പോഴും ഇവരുടെ കണക്കൊന്നും പൊലീസിന്റെ പക്കലില്ല. നൂറുകണക്കിന് തൊഴിലാളികളാണ് ദിവസേന കാസർകോട് ജില്ലയിലേക്ക് മാത്രം എത്തുന്നത്. ഇത് ജില്ലയുടെ മാത്രം കാര്യമല്ല, സംസ്ഥാനത്തിന്റെ സർവ മേഖലകളിലും ഇവർ ഇല്ലാതെ ഒരു കാര്യവും നടക്കില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. നിർമ്മാണ മേഖല മുതൽ എല്ലാ രംഗത്തും അതിഥി തൊഴിലാളികളുടെ സജീവ സാന്നിധ്യമുണ്ട്.
ഇവർക്കിടയിൽ ക്രിമിനൽ സ്വഭാവമുള്ളവരും, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുമുണ്ടെന്ന് ഈ അടുത്തകാലത്തായി കണ്ടെത്തിയ ഒട്ടനവധി കേസുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. ഇവരുടെ നാട്ടിലെ ക്രിമിനൽ കേസുകളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു ഒളിത്താവളമായി കേരളം മാറിയോ എന്ന് പോലും ചിന്തിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളതെന്ന് പൊതുപ്രവർത്തകർ പറയുന്നു.
കൊടുംകുറ്റവാളിയെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നയാളെയാണ് 2024 ഡിസംബർ മാസം കാഞ്ഞങ്ങാട് നിന്ന് അസം പൊലീസ് നേരിട്ടെത്തി അറസ്റ്റ് ചെയ്തത്. ഒരു ക്വാർട്ടേഴ്സിൽ നിന്നാണ് വ്യാജ രേഖയുണ്ടാക്കി അസം സ്വദേശിയെന്ന് പറഞ്ഞ് താമസിച്ച ബംഗ്ലാദേശ് സ്വദേശി ഷാബ് ഷെയ്ഖിനെ പിടികൂടിയത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല.
ജില്ലയിൽ എത്തുന്ന അതിഥി തൊഴിലാളികളുടെ വിശദവിവരങ്ങൾ പൊലീസിന്റെ കയ്യിലെത്താത്തതാണ് കൊടും കുറ്റവാളികളായ അതിഥി തൊഴിലാളികൾ ജില്ലയിൽ തങ്ങുന്നത്. ഇവർക്ക് താമസം ഒരുക്കി കൊടുക്കുന്ന വാടക കെട്ടിട ഉടമകൾ ഇവരിൽനിന്ന് ശേഖരിക്കുന്ന കൃത്യമായ വിവരം പൊലീസിന് നൽകാറുമില്ല. ഇവരിൽനിന്ന് നല്ല വാടക ലഭിക്കുന്നതിനാൽ പലരും രേഖ പോലും ഇവരിൽനിന്ന് വാങ്ങാറുമില്ലെന്നാണ് ആക്ഷേപം.
സംസ്ഥാനത്ത് തങ്ങുന്ന ഒട്ടനവധി അതിഥി തൊഴിലാളികൾ ക്രിമിനൽ കേസുകളിൽ എന്നപോലെ നിരവധി പീഡനക്കേസുകളിലും പ്രതികളാണ്. ഇതിലേറെയും അസം സ്വദേശികളാണ്. ബംഗാൾ സ്വദേശിനിയെ ക്രൂരമായി പീഡിപ്പിച്ച മൂന്ന് അസം സ്വദേശികളെ പിടികൂടിയത് ഈ അടുത്ത കാലത്താണ്. ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കോന്നി പൊലീസാണ് ഇവരെ തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്.
അതിനിടെ ജില്ലയിലേക്ക് വൻതോതിൽ മയക്കുമരുന്നുകൾ എത്തിക്കുന്നതിലും അതിഥി തൊഴിലാളികളുടെ പങ്ക് തള്ളിക്കളയാനാവില്ലെന്ന് അഭിപ്രായമുണ്ട്. ഇവർ നാട്ടിൽ പോയി തിരിച്ചു വരുമ്പോൾ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുവെന്ന പരാതിയും ഏറി വരുന്നുണ്ട്. നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഇവർ വഴിയാണ് കേരളത്തിലേക്ക് എത്തുന്നതെന്ന പരാതി നേരത്തെയുണ്ട്.
#MigrantWorkers #KasaragodNews #CrimeNews #KeralaNews #PoliceInvestigation #LaborNews