Kidnap | 7 മാസം പ്രായമുള്ള കുഞ്ഞിനെ ഗുഡ്‌സ് ഓടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി; നാടകീയമായ നീക്കത്തിനൊടുവിൽ പൊലീസ് കണ്ടെത്തി; പിടിയിലായയാൾ കാരണം പറഞ്ഞത് വിചിത്രം!
തമിഴ് നാട് സ്വദേശിയാണ് പിടിയിലായത്
തൃക്കരിപ്പൂർ: (KasargodVartha) നാടോടി കുടുംബത്തിലെ ഏഴുമാസം പ്രായമുള്ള കുട്ടിയെ ഗുഡ്‌സ് ഓടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയതായി പരാതി. നാടകീയമായ നീക്കത്തിന് ഒടുവിൽ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്വാർടേഴ്സിൽ നിന്നും പൊലീസ് കുട്ടിയെ കണ്ടെത്തി. സംഭവത്തിൽ തമിഴ്നാട് സ്വദേശി കറുപ്പ് സ്വാമിയെ (46) ചന്തേര പൊലീസ് കസ്റ്റഡിൽ എടുത്തിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 8.30 മണിയോടെയാണ് കറുപ്പ് സ്വാമി, കാങ്കോൽ പപ്പരട്ടയിൽ നാടോടി കുടുംബം താമസിക്കുന്ന സ്ഥലത്തുനിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പറയുന്നത്. മഞ്ഞ നിറത്തിലുള്ള ഗുഡ്‌സ് ഓടോറിക്ഷയിൽ കുട്ടിയെ കൊണ്ടുപോവുന്നത് കണ്ട് പരിസരവാസികൾ ബഹളം വെച്ചെങ്കിലും ഇയാൾ കുഞ്ഞിനെയും മടിയിലിരുത്തി ഓടോറിക്ഷയും ഓടിച്ച് പോയി. കുട്ടിയുടെ അമ്മയും അച്ഛനും ജോലിക്ക് പോയ സമയത് മുത്തച്ഛനെയാണ് കുട്ടിയെ നോക്കാൻ ഏൽപ്പിച്ചിരുന്നത്.
കരിവെള്ളൂർ ഓണക്കുന്ന് വഴി ഗുഡ്‌സ് ഓടോറിക്ഷ പോയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പെരിങ്ങോം പൊലീസ് ഇൻസ്പെക്ടർ മെൽവിൻ ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി ചന്തേര, പയ്യന്നൂർ, ചീമേനി പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയതായി മെൽവിൻ ജോസ് കാസർകോട് വാർത്തയോട് പറഞ്ഞു. പിന്നീട് ചന്തേര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തൃക്കരിപ്പൂർ വടക്കേ കൊവ്വൽ ക്വാർടേഴ്‌സിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്.
ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെയാണ് തിരിച്ചു കിട്ടിയത്. കുട്ടിയെ കിട്ടിയ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കളെത്തി കുട്ടിയെ ഏറ്റുവാങ്ങി. കുട്ടിയുടെ മുത്തച്ഛന്റെ കൂടെ മദ്യപിക്കുന്നതിനിടെ കുട്ടികൾ ഇല്ലാത്ത തന്നോട് കുഞ്ഞിനെ എടുത്തുകൊണ്ട് പോയിക്കൊള്ളൂ എന്ന് പറഞ്ഞതായി പൊലീസ് പിടിയിലായ ഇയാൾ മൊഴി നൽകി.
കറുപ്പ് സ്വാമി പിടിയിലായപ്പോഴും മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. ഇയാളുടെ ബന്ധു കാൻസർ രോഗിയാണ്. ബന്ധുവിനെ കാണിക്കാൻ വേണ്ടിയാണ് കുട്ടിയെ കൊണ്ടുവന്നതെന്നും ഇയാൾ പറഞ്ഞിട്ടുണ്ട്. കേസെടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.