Booked | അബ്ദുൽ സത്താറിന്റെ മരണം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു; ഒരാഴ്ചക്കകം റിപോർട് സമർപിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം
● അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും
● പൊലീസ് കസ്റ്റഡിയിലെടുത്ത ഓടോറിക്ഷ വിട്ടുകിട്ടാത്തതിൽ മനോവിഷമത്തിലായിരുന്നു
● സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിട്ടുണ്ട്
കാസർകോട്: (KasargodVartha) ഗതാഗതം തടസപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഓടോറിക്ഷ അഞ്ച് ദിവസം കഴിഞ്ഞിട്ടും വിട്ടുകിട്ടാത്തതിൽ മനോവിഷമത്തിലായിരുന്ന ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. കാസർകോട് ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപോർട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നിർദേശിച്ചു.
കാസർകോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. കർണാടക മംഗ്ളുറു പാണ്ഡേശ്വര സ്വദേശിയും കാസർകോട് റെയിൽവേ സ്റ്റേഷന് സമീപത്തെ വാടക ക്വാർടേഴ്സിൽ താമസക്കാരനുമായ അബ്ദുൽ സത്താർ (60) ആണ് മരിച്ചത്. നഗരത്തിലെ ഗീതാ ജംഗ്ഷനിൽ വഴി തടസപ്പെടുത്തിയെന്ന് ആരോപിച്ചാണ് കഴിഞ്ഞ വ്യാഴാഴ്‌ച ഓടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വായ്പയെടുത്താണ് ഓടോറിക്ഷ വാങ്ങിയതെന്നും വിട്ടുകിട്ടിയില്ലെങ്കിൽ ഉപജീവനം മുടങ്ങുമെന്നും പൊലീസിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഫേസ്‌ബുകിലെ ലൈവ് വീഡിയോയിൽ സത്താർ പറഞ്ഞിരുന്നു. ഡിവൈഎസ്പി ഇടപെട്ടിട്ടും ഓടോറിക്ഷ വിട്ടുകിട്ടിയില്ലെന്നും പുക പരിശോധിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഓടോറിക്ഷ വിട്ടുനൽകാത്തതെന്നാണ് മനസിലാകുന്നതെന്നും മനുഷ്യാവകാശ കമീഷൻ വ്യക്തമാക്കി.
മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്. സംഭവത്തിൽ കാസർകോട് എസ്ഐ പി അനൂബിനെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.
#JusticeForAbdulSattar #PoliceBrutality #HumanRights #Kerala #India