Crime | 'പൈവളികെയിൽ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നത് വീട്ടുജോലിക്കാരൻ; മോഷണം നടത്തിയത് അതിവിദഗ്ധമായി'; അറസ്റ്റ് ചെയ്ത് പൊലീസ്

● 56 ഗ്രാം സ്വർണവും ഒരു ലക്ഷം രൂപയും നഷ്ടമായിരുന്നു
● കർണാടക സ്വദേശി യശ്വന്ത് കുമാറാണ് പിടിയിലായത്
● ഇയാൾ 10 മാസമായി വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു.
മഞ്ചേശ്വരം: (KasargodVartha) വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ വീട്ടുജോലിക്കാരൻ അറസ്റ്റിൽ. പൈവളികെ കളായിയിലെ അശോക് കുമാർ എന്നയാളുടെ വീട്ടിൽ നിന്നും 56 ഗ്രാം സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയുമാണ് കവർന്നത്. കേസിൽ കർണാടക മൈസൂറു സ്വദേശി യശ്വന്ത് കുമാർ (38) ആണ് പിടിയിലായത്. ഇയാൾ 10 മാസക്കാലമായി ഈ വീട്ടിൽ വീട്ടു ജോലി ചെയ്തു വരികയായിരുന്നു.
പൊലീസ് പറയുന്നത് ഇങ്ങനെ: 'യശ്വന്ത് കുമാർ അതിവിദഗ്ധമായാണ് മോഷണം നടത്തിയിരുന്നത്. സ്വർണ വളകൾ മോഷ്ടിച്ച ശേഷം പകരം അതേ വളയുടെ മുക്കുപണ്ടം പണയിച്ച് വെക്കുകയായിരുന്നു പതിവ്.
ഇങ്ങനെ പലപ്പോഴായി സ്വർണാഭരണങ്ങൾ കവർന്ന് ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇയാൾ.
കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ സംശയം തോന്നി ഇയാളുടെ ബാങ്ക് അകൗണ്ടുകളും മറ്റും പരിശോധിച്ചു. പണം ഇടപാടുകളിൽ സംശയം തോന്നിയതിനെ തുടർന്ന് മൊബൈൽ ഫോൺ വിശദമായി പരിശോധിച്ചു. ഓൺലൈനായി റോൾഡ് ഗോൾഡ് വളകൾ വാങ്ങിയതായി കണ്ടെത്തി. തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽ കുറ്റം സമ്മതിക്കുകയായിരുന്നു'.
വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 56 ഗ്രാം തൂക്കം വരുന്ന നാല് സ്വർണ വളകളും ഒരു ലക്ഷം രൂപയും ഉൾപ്പെടെ മൊത്തം 5,33,000 രൂപയുടെ മുതലുകളാണ് നഷ്ടപ്പെട്ടത്. കാസർകോട് ഡിവൈഎസ്പി സി കെ സുനിൽകുമാറിന്റെ മേൽനോട്ടത്തിൽ മഞ്ചേശ്വരം എസ്ഐ രതീഷ് ഗോപി, എഎസ്ഐ അതുൽ റാം, എസ്സിപിഒ അബ്ദുൽ ശുകൂർ, അബ്ദുൽസലാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
A house worker has been arrested for stealing gold and money from a house in Paivalike. The accused, a native of Karnataka, had been working in the house for the past 10 months. He stole 56 grams of gold and one lakh rupees. The police arrested him after a thorough investigation.
#Theft #Arrest #HouseWorker #Gold #Money #Kerala