അമ്പലത്തറയിൽ ദമ്പതികൾ ഉൾപ്പെടെ 3 പേരെ വെട്ടിയ കേസ്; 'ചികിത്സയിലുള്ള പ്രതിയുടെ വീടിന് അജ്ഞാതർ തീയിട്ടു'; സിസിടിവി ക്യാമറ ഇല്ലാത്തത് തിരിച്ചടി
● അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ശരത്തിൻ്റെ വീടാണ് പൂർണമായി കത്തിനശിച്ചത്
● തീപിടിത്തമുണ്ടാകുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല
● ശരത്ത് കോടതി നിർദേശപ്രകാരം നിലവിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്
● നിയമവിരുദ്ധ നീക്കങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ്
അമ്പലത്തറ: (KasargodVartha) അട്ടേങ്ങാനം വെള്ളമുണ്ടയിൽ വീട്ടുവളപ്പിൽ അതിക്രമിച്ചുകയറി ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയുടെ വീട് കത്തിനശിച്ച നിലയില്‍. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ശരത്തിൻ്റെ (30) വീടാണ് 2026 ഒക്ടോബർ 5 തിങ്കളാഴ്ച പുലർച്ചെ തീപിടിച്ച് പൂർണമായി നശിച്ചത്.
തീപിടിത്തമുണ്ടാകുന്ന സമയത്ത് വീട്ടിൽ ആളില്ലായിരുന്നു. പുലർച്ചെ വീടിന് തീപിടിച്ച നിലയിൽ കണ്ടതിനെ തുടർന്ന് പ്രദേശവാസികള്‍ വിവരം അമ്പലത്തറ പോലീസിനെ അറിയിക്കുകയായിരുന്നു. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും അജ്ഞാതർ മനപ്പൂർവം തീകൊളുത്തിയതാണോയെന്ന് അമ്പലത്തറ പോലീസ് അന്വേഷിച്ചുവരികയാണ്. ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
മന്ത്രവാദം ചെയ്യുന്നുവെന്ന് ആരോപണം; പ്രതി ചികിത്സയിൽ
കഴിഞ്ഞ ആഴ്ചയാണ് ശരത്തിൻ്റെ ആക്രമണത്തിൽ പ്രദേശവാസികളായ ദമ്പതികൾ അടക്കം മൂന്ന് പേർക്ക് വെട്ടേറ്റത്. വീട്ടുവളപ്പിൽ അതിക്രമിച്ചുകയറിയ ശരത്ത് ഇവരെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് അമ്പലത്തറ പോലീസ് ശരത്തിനെ അറസ്റ്റ് ചെയ്തുകയും ചെയ്തിരുന്നു.
തനിക്കെതിരെ പ്രദേശവാസികളിൽ ചിലർ മന്ത്രവാദം നടത്തുന്നുവെന്നാണ് ശരത്ത് അന്ന് പോലീസിനോട് പറഞ്ഞത്. യുവാവ് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നതിനാൽ കോടതിയുടെ നിർദേശപ്രകാരം നിലവിൽ ഇയാളെ മാനസിക രോഗ ചികിത്സാകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശരത്ത് ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് വീടിന് അജ്ഞാതർ തീയിട്ടത്.
സിസിടിവി ഇല്ലാത്തത് വെല്ലുവിളി
വീടിന് തീപിടിക്കാനിടയായ സാഹചര്യത്തെ കുറിച്ചും സംഭവത്തിന് പിന്നിൽ ആരാണെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്താനും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എന്നാൽ പ്രദേശത്ത് സിസിടിവി ക്യാമറകൾ ഇല്ലാത്തത് പോലീസിൻ്റെ അന്വേഷണത്തിന് വലിയ വിലങ്ങുതടിയാകുന്നുണ്ട്. നിലവിൽ സംശയമുള്ള ചിലരെ കേന്ദ്രീകരിച്ചാണ് പോലീസിൻ്റെ അന്വേഷണം നടക്കുന്നത്.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: The house of accused Sarath, who allegedly hacked three people in Ambalathara, was set on fire.
#AmbalatharaNews #KasaragodPolice #CrimeNewsKerala #ArsonAttack #Vellamunda #MalayalamLocalNews #KeralaPolice #RenuNews







