Arrested | 'ചികിത്സയിൽ കഴിയുകയായിരുന്ന യുവതിയെ ആശുപത്രിയിൽ ബലാത്സംഗത്തിനിരയാക്കി, ഭീഷണിപ്പെടുത്തി പീഡനം തുടർന്നു'; കാസർകോട് സ്വദേശി മംഗ്ളൂറിൽ അറസ്റ്റിൽ
മറ്റൊരു ആശുപത്രിയിലും ഇരയാക്കി
മംഗ്ളുറു: (KasaragodVartha) ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിനിയായ യുവതിയെ ആദ്യം ആശുപത്രിയിലും പിന്നീട് ഭീഷണിപ്പെടുത്തി നിരവധി തവണ മറ്റിടങ്ങളിലും പീഡിപ്പിച്ചുവെന്ന കേസിൽ കാസർകോട് സ്വദേശി മംഗ്ളൂറിൽ അറസ്റ്റിൽ. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ സുജിതിനെയാണ് മംഗ്ളുറു ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
യുവതിയുടെ പരാതി ഉദ്ധരിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 'ഇക്കഴിഞ്ഞ മാർച്ച് 13ന് ചികിത്സയ്ക്കായി സുജിതിനൊപ്പം എത്തിയ യുവതിയെ മംഗ്ളൂറിലെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്‌തിരുന്നു. മാർച് 16 ന് രാത്രി എട്ട് മണിയോടെ സുജിത് യുവതിയെ ബലം പ്രയോഗിച്ച് ബലാത്സംഗം ചെയ്തു. കൂടാതെ മൊബൈൽ ഫോണിൽ നഗ്ന ചിത്രങ്ങൾ പകർത്തുകയും ചെയ്‌തു. പിന്നീട് സുജിത്ത് യുവതിയെ നഗ്നചിത്രങ്ങൾ കാട്ടി ഏപ്രിൽ നാലിന് മംഗ്ളൂറിലേക്ക് വരാൻ നിർബന്ധിക്കുകയും ചെയ്തു.
ഏപ്രിൽ നാല് മുതൽ എട്ട് വരെ നഗരത്തിലെ ഹോടെലിൽ വെച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. ഏപ്രിൽ എട്ടിന് ഭക്ഷ്യവിഷബാധയേറ്റ് മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മെയ് 10 വരെ ഇവിടെ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ കഴിയുന്നതിനിടെ ഭീഷണിപ്പെടുത്തിയും ഫോടോകൾ കാണിച്ചും ഇവിടെയും സുജിത് നിരവധി തവണ ബലാത്സംഗം ചെയ്തു. ഇക്കാര്യം മറ്റാരെയെങ്കിലും അറിയിച്ചാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി'.
ഇതിന് പിന്നാലെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഐപിസി 376, 506, 149 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്താണ് സുജിതിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി. കേസിൽ വിശദമായ അന്വേഷണം പൊലീസ് നടത്തിവരികയാണ്.