Attack | കാസര്‍കോട്ടെ മള്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അതിക്രമിച്ച് കടന്നയാള്‍ ജോലിക്കാരനെ വെട്ടി ഓടി മറഞ്ഞു; പരുക്കേറ്റത് എംആര്‍ഐ സ്‌കാനിംഗ് ടെക്‌നികല്‍ ജീവനക്കാരന്

● കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി.
● അക്രമത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.
● സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു.
● അക്രമിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.
കാസര്‍കോട്: (KasargodVartha) നഗരത്തിലെ മള്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അതിക്രമിച്ച് കടന്നയാള്‍ ജീവനക്കാരനെ വെട്ടി പരുക്കേല്‍പ്പിച്ച് അക്രമി ഓടി മറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ആശുപത്രിയിലെ എംആര്‍ഐ സ്‌കാനിംഗിലെ ടെക്‌നികല്‍ ജീവനക്കാരനായ ഉളിയത്തടുക്ക എസ്പി നഗറിലെ അബ്ദു റസാഖിനാണ് (Abdul Rasaq-38) വെട്ടേറ്റത്.
കുറച്ചുസമയം മല്‍പ്പിടുത്തം നടത്തിയ ശേഷമാണ് കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് യുവാവിന്റെ വയറിനേ നേരെ വെട്ടാന്‍ ശ്രമിച്ചത്. ഒഴിഞ്ഞ് മാറിയതിനാല്‍ തുടയില്‍ ആഴത്തില്‍ വെട്ടേറ്റു. ബഹളം കേട്ട് ജീവനക്കാരും മറ്റുള്ളവുരം ഓടിയെത്തിയതോടെ, എംആര്‍ഐ സ്‌കാനിംഗിന് മുന്നിലുള്ള പടികളിറങ്ങി കാര്‍ പോര്‍ചിലൂടെ അക്രമി രക്ഷപ്പെടുകയായിരുന്നു.
ഇരുവരും തമ്മില്‍ സംസാരിച്ച് നില്‍ക്കുന്നത് ആശുപത്രി ജീവനക്കാര്‍ കണ്ടിരുന്നു. പിന്നാലെയാണ് അപ്രതീക്ഷിതമായ സംഭവം അരങ്ങേറിയത്. സംഭവസ്ഥലത്ത് രക്തം തളം കെട്ടിയിട്ടുണ്ട്. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെയും പുറത്തെയും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
ഇതേ ആശുപത്രിയില്‍ തീവ്ര പരിചണവിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവില്‍നിന്നും മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തില്‍ അക്രമിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. യുവാവിനെ കൊല്ലുകയെന്ന ഉദ്ദേശ്യത്തോടെയാണ് എത്തിയതെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. അക്രമത്തിനുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
#Kasargod #HospitalAttack #Kerala #Crime #Investigation