Vandalism | പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ജ്വലറിയില്‍ ഗുണ്ടാവിളയാട്ടമെന്ന് പരാതി; പൊലീസ് കേസ്
കാസര്‍കോട്: (KasargodVartha) പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ജ്വലറിയില്‍ ഗുണ്ടാവിളയാട്ടമെന്ന് പരാതി. ജ്വലറിയുടെ ബോര്‍ഡ് നശിപ്പിക്കുകയും ഉടമയെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും നാശനഷ്ടം വരുത്തുകയും ചെയ്തുവെന്നാണ് പരാതി.
കാസര്‍കോട് പഴയ പ്രസ് ക്ലബ് ജംങ്ഷനിലെ 'അത്തര്‍ മെട്രോ ഗോള്‍ഡ്' ഉടമ കോട്ടിക്കുളത്തെ ബി എച് ഷാനവാസ് എന്ന ഷാനുവിന്റെ പരാതിയിലാണ് ജോയി ജോര്‍ജ്, മുഹമ്മദ് ഫെഹ്‌മു എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് എട്ട് പേര്‍ക്കുമെതിരെ 189(2), 191(2), 191(3), 126(2), 324(4), 332(C), 353(3) റെഡ് വിത് 190 ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ അനുസരിച്ച് പൊലീസ് കേസെടുത്തത്.
ആഗസ്ത് 10 ന് വൈകിട്ട് 4.20 മണിയോടെയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഒരു സംഘം ജ്വലറിയിലേക്ക് ഇരച്ചുകയറി ഉടമ ഷാനവാസിനെ തടഞ്ഞുനിര്‍ത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും സൈന്‍ ബോര്‍ഡുകളും മറ്റ് സാമഗ്രികളും നശിപ്പിക്കുകയും ചെയ്തുവെന്നാണ് ഉടമ പറയുന്നത്. അക്രമത്തില്‍ സ്ഥാപനത്തിലെ പല സാമഗ്രികള്‍ക്കും കാര്യമായ കേടുപാട് സംഭവിച്ചിട്ടുണ്ടെന്നും 26000 രൂപയുടെ നഷ്ടം വരുത്തിയെന്നും പരാതിയില്‍ പറയുന്നു.