Held | ഹണിട്രാപ് കേസിലെ പ്രതിയായ ശ്രുതി ഉഡുപിയിൽ പൊലീസിന്റെ പിടിയിലായി; കസ്റ്റഡിയിലെടുത്തത് രഹസ്യ കേന്ദ്രത്തിൽ വെച്ച്
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശ്രുതി ഐഎസ്ആര്‍ഒ, ഇൻകം ടാക്സ് എന്നീ ഗവൺമെൻറ് സ്ഥാപനത്തിലെ ജീവനക്കാരി ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു ഒരു പവൻ തൂക്കം വരുന്ന സ്വർണമാലയും ഒരു ലക്ഷം രൂപയും കൈക്കലാക്കിയെന്നാണ് കേസ്
കാസർകോട്: (KasaragodVartha) ഹണിട്രാപ് കേസിൽ പ്രതിയായ മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ശ്രുതി ചന്ദ്രശേഖർ (35) കർണാടക ഉഡുപിയിൽ മേൽപറമ്പ് പൊലീസിന്റെ പിടിയിലായി. വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപെടെയുള്ള സംഘമാണ് രഹസ്യ കേന്ദ്രത്തിൽ വെച്ച് യുവതിയെ കസ്റ്റഡിയിലെടുത്തത്.
കേസെടുത്തത് മുതൽ ഇവർ ഒളിവിലായിരുന്നു. ഇതിനിടെ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ജില്ലാ സെഷൻസ് കോടതി ഹർജി തള്ളിയിരുന്നു.
ശ്രുതി നിരവധിപേരെ ഹണിട്രാപില്‍ കുടുക്കി പണവും സ്വർണവും തട്ടിയെടുത്തെന്നാണ് ആരോപണം ഉയർന്നത്. ഐഎസ്ആര്‍ഒയില്‍ അസിസ്റ്റന്റ് എൻജിനീയര്‍, ഐഎഎസ് വിദ്യാർഥിനി എന്നിങ്ങനെ ചമഞ്ഞായിരുന്നു വിവാഹ വാഗ്ദാനം നല്‍കി യുവതി യുവാക്കളെ വലയിലാക്കിയതെന്നാണ് പറയുന്നത്.
മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 30കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ശ്രുതിയെ പിടികൂടിയിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശ്രുതി ഐഎസ്ആര്‍ഒ, ഇൻകം ടാക്സ് എന്നീ ഗവൺമെൻറ് സ്ഥാപനത്തിലെ ജീവനക്കാരി ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു ഒരു പവൻ തൂക്കം വരുന്ന സ്വർണമാലയും ഒരു ലക്ഷം രൂപയും കൈക്കലാക്കിയെന്നാണ് കേസ്. കാസർകോട് സ്വദേശിയായ യുവാവിനെതിരെ മംഗ്ളൂറിൽ പീഡനക്കേസ് നല്‍കി ജയിലിലടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരന്‍ സമാന രീതിയിൽ പലരെയും തട്ടിപ്പിനിരയാക്കിയതായുള്ള ആരോപണങ്ങൾ പുറത്തുവന്നത്.
ജയിലിലായ യുവാവില്‍ നിന്ന് മാത്രം അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരും യുവതിയുടെ തട്ടിപ്പിൽ കുടുങ്ങിയതായി സൂചനകളുണ്ട്. യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ശ്രുതിയെ വെള്ളിയാഴ്ച രാത്രിയോടെ കാസർകോട്ടെത്തിക്കും.