Robbery | ഫ്യൂസ് ഊരി വൈദ്യുതി മുടക്കി വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം
● സ്ഥലത്ത് നിന്ന് വിരലടയാളവും ശേഖരിച്ചു.
● പ്രദേശത്ത് സിസിടിവിയുണ്ടായിരുന്നില്ല.
● ഫ്യൂസ് ഊരിമാറ്റി ആസൂത്രിതമായി മോഷണം നടത്തി.
● അന്വേഷണം നടന്നുവരുന്നതായി മേല്‍പറമ്പ് ഇന്‍സ്‌പെക്ടര്‍.
കളനാട്: (KasargodVartha) വാണിയാര്‍മൂല നവഭാരത് ക്ലബിന് സമീപം വീട്ടമ്മയെ ആക്രമിച്ച് രണ്ടു പവന്റെ മാല കവര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രദേശത്തെ കുറിച്ച് അറിയാവുന്നയാളാണ് മോഷ്ടാവെന്ന സംശയത്തിലാണ് പൊലീസ്. പരിസരവാസികള്‍ക്ക് മാത്രം അറിയാവുന്ന ഇടവഴിയിലൂടെയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. ഇതാണ് സ്ഥലത്തെ കുറിച്ച് നന്നായി അറിയാവുന്നയാള്‍ തന്നെയാകാം മോഷ്ടാവെന്ന സംശത്തിലേക്ക് പൊലീസിനെ നയിച്ചത്.
സ്ഥലത്ത് നിന്ന് വിരലടയാളവും ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണം നടന്നുവരുന്നതായും മേല്‍പറമ്പ് ഇന്‍സ്‌പെക്ടര്‍ എ സന്തോഷ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പ്രദേശത്ത് സിസിടിവിയുണ്ടായിരുന്നില്ല. വെള്ളിയാഴ്ച രാത്രി 7.30 മണിയോടെയായിരുന്നു സംഭവം. കെ കമല (53) യുടെ ആഭരണമാണ് കവര്‍ന്നത്. ഫ്യൂസ് ഊരിമാറ്റി ആസൂത്രിതമായാണ് മോഷണം നടത്തിയത്.
ഭര്‍ത്താവ് ഗണേശന്‍ അജ്മാനിലും മകന്‍ പഠനത്തിനുമായി പുറത്തുമായതിനാല്‍ വീട്ടില്‍ കമല ഒറ്റയ്ക്കായിരുന്നു. ബന്ധുവായ അയല്‍പക്കത്തെ ദേവകി രാത്രി കൂട്ടിന് വന്നിരുന്നു. വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കെ വൈദ്യുതി മുടങ്ങിയപ്പോള്‍ ദേവകിയുടെ വീട്ടിലെ ബള്‍ബ് കത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. വീട്ടിലെ ബ്രേകര്‍ പരിശോധിച്ചപ്പോള്‍ കുഴപ്പമില്ലെന്ന് വ്യക്തമായി.
തുടര്‍ന്ന് വീടിന്റെ പുറത്തെ മെയിന്‍ സ്വിച് ബോര്‍ഡ് പരിശോധിച്ചപ്പോള്‍ ഫ്യൂസ് ഊരിവെച്ച നിലയിലായിരുന്നു. ഇത് പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊടുന്നനെ കമലയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. പിറകില്‍നിന്ന് തുണികൊണ്ട് മുഖം മൂടിയ ആളാണ് കഴുത്തിലെ മാല പൊട്ടിച്ചതെന്ന് കമല പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബഹളം വെച്ചപ്പോള്‍ വായ പൊത്തിപിടിച്ച് നിലത്തേക്ക് തള്ളിയിട്ട് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് മേല്‍പറമ്പ് ഇന്‍സ്‌പെക്ടര്‍ എ സന്തോഷ് കുമാര്‍, എസ്‌ഐ വി കെ അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. മോഷ്ടാവിനെ ഉടന്‍ തന്നെ വലയിലാക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
#KasaragodCrime #Robbery #Kerala #HomeInvasion #PoliceInvestigation