city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Returned | കോടതിയിൽ നിന്നും സഫിയയുടെ തലയോട്ടി ഏറ്റുവാങ്ങി മാതാപിതാക്കൾ; സ്വന്തം നാട്ടിൽ ഖബറടക്കം; സാക്ഷ്യം വഹിച്ചത് വൈകാരികമായ നിമിഷങ്ങൾക്ക്

heartbreaking end safiyas skull returned to family
Photo: Arranged

● 16 വർഷത്തിന് ശേഷം സഫിയയുടെ അവശിഷ്ടം കുടുംബത്തിന്
● അന്ത്യ കർമ്മങ്ങൾ മുഹിമ്മാത്തിൽ
● കുടക് അയ്യങ്കേരിയിൽ ഖബറടക്കി 

കാസർകോട്: (KasargodVartha) കോളിളക്കം സൃഷ്ടിച്ച സഫിയ വധക്കേസിൽ കോടതി രേഖകൾക്കൊപ്പം സൂക്ഷിച്ചിരുന്ന  മകളുടെ തലയോട്ടി വൈകാരികമായ അന്തരീക്ഷത്തിൽ മാതാപിതാക്കൾക്ക് കൈമാറി. കാസർകോട് ജില്ലാ പ്രിൻസിപൽ സെഷൻസ് കോടതിയിൽ നിന്നാണ് കർണാടക കുടക് അയ്യങ്കേരി സ്വദേശികളായ സഫിയയുടെ പിതാവ് മൊയ്തു, മാതാവ് ആഇശ, സഹോദരങ്ങളായ മുഹമ്മദ് അൽത്വാഫ്, മലപ്പുറം ഇഹ്‌യാഹുസുന്നയിലെ വിദ്യാർഥി മിസ്ഹബ്, അൽത്വാഫിൻ്റെ ഭാര്യ തംസീറ, മിസ്ഹബ് എന്നിവർ ചേർന്ന് തലയോട്ടി ഏറ്റുവാങ്ങിയത്. 

heartbreaking end safiyas skull returned to family

ജില്ലാ എസ് വൈ എസ് സാന്ത്വനം സെക്രടറി അബ്ദുൽ റസാഖ് സഖാഫി കോട്ടകുന്ന്, മുഹിമ്മാത് സെക്രടറി സയ്യിദ് ഹാമിദ്  അൻവർ അഹ്ദൽ തങ്ങൾ, അജിത് കുമാർ ആസാദ്, നാരായൺ പെരിയ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, സുബൈർ പടുപ്പ്, അബ്ദുൽ ഖാദിർ അശ്റഫ്‌ എന്നിവർ കൂടെയുണ്ടായിരുന്നു. തുടർന്ന് പുത്തിഗെ മുഹിമ്മാത്തിൻ്റെ ആംബുലൻസിൽ കയറ്റി മുഹിമ്മാത്തിൽ കൊണ്ട് പോയി അന്ത്യ കർമങ്ങൾക്ക് ശേഷം മുഹിമ്മാത്ത് ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്കാരവും നടത്തി.

മുഹിമ്മാത്ത് വൈസ് പ്രിൻസിപൽ വൈ എം അബ്ദുർ റഹ്‌മാൻ അഹ്‌സനി മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നൽകി. തുടർന്ന് സ്വദേശമായ കുടക് അയ്യങ്കേരിയിലേക്ക് കൊണ്ടുപോയി അയ്യങ്കേരി ജമാ മസ്ജിദ് ഖബർസ്ഥാനിൽ മതപരമായ ചടങ്ങുകളോടെ തലയോട്ടി ഖബറടക്കി.

Heartbreaking End: Safiya's Skull Returned to Family

ദാരുണ കൊലപാതകം 

ഗോവയിൽ കരാറുകാരനായ ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ സി ഹംസയും ഭാര്യ മൈമൂനയും താമസിച്ചിരുന്ന ഫ്‌ലാറ്റിൽ 2006ലാണ് കുടക് അയ്യങ്കേരി സ്വദേശിനിയായ സഫിയ (13) കൊല്ലപ്പെടുന്നത്. 2008ൽ ഗോവയിലെ അണക്കെട്ടിന് സമീപമാണ് സഫിയയുടെ അസ്ഥികൾ കണ്ടെടുത്തത്.  ഇവരുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു കൊല്ലപ്പെട്ട സഫിയ. ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേൽക്കുകയും സംഭവം പുറത്തറിയാതിരിക്കാൻ കൊന്ന് കഷ്ണങ്ങളായി മുറിച്ച് കുഴിച്ചുമൂടിയെന്നുമാണ് പ്രതികൾ ക്രൈംബ്രാഞ്ചിന് മുന്നിൽ കുറ്റസമ്മതം നടത്തിയത്. 

കേസിലെ നടപടികൾ

ജീവനോടെ മൂന്ന് കഷ്ണങ്ങളാക്കി ബാഗിലാക്കി ഹംസ കരാർ ജോലി ഏറ്റെടുത്ത കനാലിൽ കൊണ്ടുപോയി കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് ദിവസം കനാലിൽ നടത്തിയ തിരച്ചിലാണ് മൃതദേഹ അവശിഷ്ടം കണ്ടെടുത്തത്. കേരളത്തിൽ ഏറെ പ്രമാദമായ ഈ കേസിൽ 2015ൽ ജില്ലാ സെഷൻസ് കോടതി ഒന്നാം പ്രതി കെ സി ഹംസയെ വധശിക്ഷക്കും, ഭാര്യ മൈമൂനയെയും ബന്ധു അബ്‌ദുല്ലയെയും മൂന്ന് വർഷം തടവിന് ശിക്ഷിച്ചിരുന്നു. 

പിന്നീട് പ്രതികൾ നൽകിയ അപീലിൽ ഹംസയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കുകയും മൈമൂനയയെയും അബ്ദുല്ലയെയും വെറുതെ വിടുകയും ചെയ്തിരുന്നു. കേസിൽ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. മറ്റുള്ളവരെ ജില്ലാ സെഷൻസ് കോടതി തന്നെ കുറ്റവിമുക്തരാക്കിയിരുന്നു. സഫിയ കേസ്, ദൃക്‌സാക്ഷികളില്ലാതെ പൂർണമായും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ തെളിയിച്ച കേരളത്തിലെ രണ്ടാമത്തെ കേസാണ്, ആദ്യത്തേത് 2009-ൽ എറണാകുളം കോതമംഗലത്ത് നടന്ന അജാസ് കൊലക്കേസായിരുന്നു.

ചുമത്തിയത് ഗുരുതര കുറ്റങ്ങൾ

പ്രതിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ, അന്യായമായ തടങ്കലിൽ വയ്ക്കൽ, ബാലപീഡനം തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തിയിരുന്നു. 37 സാക്ഷികളെ വിസ്തരിച്ചും 64 രേഖകളും 12 വസ്തുക്കളും കോടതിയിൽ ഹാജരാക്കിയും ദൃക്‌സാക്ഷികളില്ലാത്ത സാഹചര്യത്തിൽ പോലും കുറ്റം തെളിയിക്കുന്നതിനാവശ്യമായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിരിക്കുന്നു. 

സഫിയ ആക്ഷൻ കമിറ്റി നടത്തിയ ഐതിഹാസികമായ സമരത്തിനൊടുവിലാണ് സഫിയയെ കാണാതായ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയും പിന്നീട് കേസ് തെളിയിക്കുകയും ചെയ്തത്. ക്രൈംബ്രാഞ്ച് സിഐയായിരുന്ന ഇപ്പോഴത്തെ മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി സന്തോഷിൻ്റെ നേതൃത്യത്തിലാണ് കേസ് തെളിയിച്ചത്. ഫോറൻസിക് വിദഗ്ധ ഷേർളി മാത്യുവിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അസ്ഥി സഫിയയുടേതാണ് സ്ഥിരീകരിക്കപ്പെട്ടത്. 

തലയോട്ടി ഏറ്റുവാങ്ങൽ

16 വർഷം കേസിന്റെ നിയമനടപടിയുമായി ബന്ധപ്പെട്ട് സൂക്ഷിച്ച സഫിയയുടെ തലയോട്ടിയാണ് ഇപ്പോൾ ഖബറടക്കത്തിനായി  വിട്ടുകൊടുക്കണമെന്ന അപേക്ഷയിൽ ജില്ലാ പ്രിൻസിപൽ സെഷൻസ് ജഡ്ജ് സാനു എസ് പണിക്കർ ഉത്തരവിട്ടത്. കേസിൽ പബ്ലിക് പ്രോസിക്യൂടറായിരുന്ന അഡ്വ. സി ശുകൂർ മുഖേനയാണ് കോടതിയിൽ അപേക്ഷ നൽകിയത്.  കോളിളക്കം സൃഷ്ടിച്ച കേസിൽ നടപടികളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് നിർണായക തെളിവായിരുന്ന തലയോട്ടി കൈമാറിയത്.

#SafiyaMurderCase #JusticeForSafiya #KeralaCrime #Tragedy #Family

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia