Arrest | 'മോഷണം പതിവ്'; പൊലീസ് കസ്റ്റഡിയിൽ നിന്ന് സാഹസികമായി രക്ഷപ്പെട്ടതിന് പിന്നാലെ പിടിയിലായ കാസർകോട്ടെ യുവാവിനെ കൊല്ലം പൊലീസിന് കൈമാറി
കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്
കൊച്ചി: (KasargodVartha) എറണാകുളം റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ പിടിയിലായ കാസർകോട് സ്വദേശിയെ കൊല്ലത്ത് രജിസ്റ്റർ ചെയ്ത കേസിൻ്റെ അന്വേഷണത്തിൻ്റെ ഭാഗമായി കൊല്ലം റെയിൽവേ പൊലീസിന് കൈമാറി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇബ്രാഹിം ബാദുശ (25) യാണ് അറസ്റ്റിലായത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി റെയിൽവേ സുരക്ഷാ സേന (ആർപിഎഫ്) യുവാവിനെ പിടികൂടി എറണാകുളം ജംഗ്ഷൻ റെയിൽവേ പൊലീസിന് കൈമാറിയിരുന്നു. മെഡികൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കാനായി സ്റ്റേഷനിൽ തന്നെയാണ് പാർപ്പിച്ചിരുന്നത്. എന്നാൽ വെള്ളിയാഴ്ച രാവിലെ ശൗചാലയത്തിൽ പോകാനുള്ള അനുമതി വാങ്ങി, കക്കൂസിൽ കയറിയ ശേഷം ജനൽ പാളി ഇളക്കി മാറ്റി സാഹസികമായി ഇയാൾ രക്ഷപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെ യുവാവിനെ കണ്ടെത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഞായറാഴ്ച വൈകീട്ട് പെരുമ്പാവൂർ ബസ് സ്റ്റാൻഡ് പരിസരത്ത് ഇബ്രാഹിം ബാദുശയെ പോലെ സാമ്യമുള്ളയാൾ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പൊലീസിന്റെ പിടിയിലായത്. ട്രെയിൻ യാത്രക്കാരിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന കേസുകളാണ് ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലെ റെയിൽവേ പൊലീസ് സ്റ്റേഷനുകളിൽ യുവാവിനെതിരെയുള്ളത്.
കൊല്ലത്ത് ഒരു സ്ത്രീയാത്രക്കാരിയിൽ നിന്ന് പണം മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ കൊല്ലം റെയിൽവേ പൊലീസിന് കൈമാറിയത്. ഈ കേസിന്റെ അന്വേഷണം പൂർത്തിയായാൽ യുവാവിനെ കസ്റ്റഡിയിൽ വാങ്ങാനാണ് എറണാകുളം പൊലീസിന്റെ നീക്കം. നേരത്തെ കാപ വകുപ്പ് പ്രകാരവും യുവാവ് അറസ്റ്റിലായിട്ടുണ്ട്. തമിഴ്നാട്ടിലും നിരവധി മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണ്. ബൈക് മോഷണ കേസുകളിലും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.
#KeralaCrime #PoliceArrest #Theft #Escape #KeralaNews