city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് തോക്കുകള്‍ കഥ പറയുന്നു; ലൈസന്‍സുള്ള തോക്കുകള്‍ 920, ക്വട്ടേഷന്‍ സംഘത്തിന്റെയും ഗുണ്ടാ- മാഫിയ സംഘങ്ങളുടെയും കൈയ്യില്‍ തോക്കുകള്‍ യഥേഷ്ടം, എത്തിച്ചു കൊടുക്കുന്നത് അധോലോക സംഘം

കാസര്‍കോട്: (www.kasargodvartha.com 26.06.2018) കാസര്‍കോട്ട് തോക്കുകള്‍ കഥ പറയുകയാണ്. ജില്ലയില്‍ ലൈസന്‍സുള്ള തോക്കുകള്‍ 920 ആണെന്ന് കാസര്‍കോട് എഡിഎം എന്‍ ദേവിദാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കാര്‍ഷിക ആവശ്യത്തിനും സ്വയരക്ഷയ്ക്കുമാണ് തോക്കുകള്‍ അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസുകളില്‍പെട്ടവര്‍ക്കോ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കോ ഒരു തരത്തിലും തോക്ക് അനുവദിച്ചു നല്‍കാന്‍ പാടില്ലെന്ന് കര്‍ശന വ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ലൈസന്‍സ് ഇല്ലാത്ത തോക്കുകള്‍ കാസര്‍കോട് ജില്ലയില്‍ സുലഭമാണെന്നാണ് കാസര്‍കോട്ട് അരങ്ങേറുന്ന ഓരോ അക്രമ സംഭവങ്ങളും തെളിയിക്കുന്നത്. ഏറ്റവുമൊടുവില്‍ പാലക്കുന്നില്‍ കഞ്ചാവ് മാഫിയ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ 19കാരന് കാലിന് പരിക്കേറ്റ സംഭവമാണ് നാടിനെ നടുക്കിയിരിക്കുന്നത്. ലൈസന്‍സ് ഇല്ലാത്ത കള്ളകൈതോക്കാണ് അക്രമത്തിനുപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കാസര്‍കോട്ടെ ഗുണ്ടാ- ക്വട്ടേഷന്‍ സംഘങ്ങളുടെ വിഹാരകേന്ദ്രമായ ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ് പതിവാണ്. കുപ്രസിദ്ധ ഗുണ്ടാതലവന്‍ കാലിയാ റഫീഖ് കൊല്ലപ്പെട്ടതോടെ ഗുണ്ടാ സംഘങ്ങള്‍ കുറച്ച് ഒതുങ്ങിയിരുന്നു. എന്നാല്‍ ഇടയ്ക്കിടെ ഗുണ്ടാസംഘങ്ങള്‍ ഇവിടെ വീണ്ടും തലപൊക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നാണ് ഉപ്പളയിലെ സംഘത്തിന് തോക്കെത്തുന്നതെന്ന് നേരത്തെ പോലീസിന് വിവരം ലഭിച്ചിരുന്നു. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി എതിരാളികളെ വിറപ്പിക്കുകയും കൊന്നുതള്ളുകയും ചെയ്ത സംഭവവും ഉപ്പളയില്‍ ഉണ്ടായിരുന്നു. ഇങ്ങനെ കൊല്ലപ്പെട്ടവരില്‍ ഒരാളാണ് ഉപ്പള മണ്ണംകുഴിയിലെ അബ്ദുല്‍ മുത്തലിബ്. കാലിയാ റഫീഖ് ഉള്‍പെടെയുള്ള ഗുണ്ടാസംഘമാണ് മുത്തലിബിനെ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയത്. ഇതിനു ശേഷവും ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ വെടിവെപ്പും അക്രമവും നടത്തി കൊലവിളി നടത്തിയിരുന്നു.

ഏതാനും വര്‍ഷം മുമ്പാണ് ചെര്‍ക്കള ബേവിഞ്ചയിലെ കരാറുകാരന്റെ വീടിനു നേരെ കാസര്‍കോട്ടേയും മംഗളൂരുവിലെയും അധോലോക സംഘങ്ങള്‍ ചേര്‍ന്ന് വെടിയുതിര്‍ത്തത്. തലനാരിഴയ്ക്കാണ് അന്ന് വീട്ടുകാര്‍ രക്ഷപ്പെട്ടത്. ഈ കേസില്‍ പ്രതികളില്‍ ഒട്ടുമിക്കവരും പിടിയിലായിരുന്നു. കഞ്ചാവ് മാഫിയ സംഘങ്ങളുടെ ഇരയായി പത്താം ക്ലാസ് വിദ്യാര്‍ത്ഥി മാങ്ങാട് ചോയിച്ചിങ്കാലിലെ ജസീം എന്ന വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചതിന് ശേഷം കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനത്തിനെതിരെ വലിയ ക്യാമ്പെയിനാണ് നാട്ടിലെമ്പാടും നടന്നുവന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും എല്ലാം പൂര്‍വ്വസ്ഥിതിയിലായിരിക്കുന്നുവെന്നും കഞ്ചാവ് മാഫിയ സംഘങ്ങള്‍ വീണ്ടും പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണെന്നുമാണ് പാലക്കുന്നിലുണ്ടായ സംഭവം തെളിയിക്കുന്നത്.

മഞ്ചേശ്വരം, ഉപ്പള, കുമ്പള, ബദിയടുക്ക, കാസര്‍കോട്, മേല്‍പറമ്പ്, ചിറ്റാരിക്കാല്‍, ബേഡകം, ആദൂര്‍, ചീമേനി, ബേക്കല്‍ ഭാഗങ്ങളിലാണ് കള്ളത്തോക്കുകള്‍ സുലഭമായി ഉപയോഗിച്ചു വരുന്നതായി വിവരം. മലയോര പ്രദേശങ്ങളിലും വന പ്രദേശങ്ങളിലും കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെയും മറ്റും തുരത്തുന്നതിനും കാട്ടാനകളില്‍ നിന്നും രക്ഷ നേടുന്നതിനുമാണ് കര്‍ഷകര്‍ക്ക് ലൈസന്‍സുള്ള തോക്ക് അനുവദിക്കുന്നത്. എന്നാല്‍ നായാട്ട് സംഘങ്ങള്‍ കള്ളത്തോക്ക് ഉപയോഗിച്ച് കാട്ടുമൃഗങ്ങളെ വേട്ടയാടുന്നത് ഇപ്പോള്‍ കൂടിയിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ബന്തടുക്ക പ്രദേശങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയില്‍ തോക്കുപയോഗിച്ച് വന്നിരുന്നു. പോലീസ് നടപടി കര്‍ശനമായതോടെ അക്രമങ്ങള്‍ കുറയുകയും കള്ളത്തോക്ക് ഉപയോഗം നിയന്ത്രിക്കപ്പെടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബന്തടുക്കയിലെ വിശ്വനാഥ ഗൗഡയെ വെടിവെച്ചു കൊന്ന കേസിന്റെ അന്വേഷണം പോലും ഇനിയും പൂര്‍ത്തിയായിട്ടില്ല. വിശ്വനാഥ ഗൗഡയെ വെടിവെച്ച് കൊല്ലാനുപയോഗിച്ച തോക്കും കള്ളത്തോക്കാണെന്ന് കണ്ടെത്തുകയും തോക്ക് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ നിരവധി പേര്‍ കള്ളത്തോക്ക് ഉപയോഗിച്ചു വന്നിരുന്നതായി തെളിഞ്ഞിരുന്നു. ബേഡകത്തെ നായാട്ട് സംഘം പന്നിയെ വെടിവെച്ചപ്പോള്‍ സംഘത്തില്‍പെട്ട ഒരാള്‍ കൊല്ലപ്പെട്ട സംഭവവും അരങ്ങേറിയിരുന്നു.

ബംഗളൂരുവില്‍ നിന്നും മംഗളൂരുവില്‍ നിന്നും അധോലോക സംഘത്തിന്റെ എല്ലാ സഹായവും കാസര്‍കോട്ടെ ഗുണ്ടാമാഫിയ സംഘങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ആയുധങ്ങളും തോക്കും കാസര്‍കോട്ടേക്ക് എത്തിക്കുന്നത് ഇത്തരം അധോലോക സംഘങ്ങളാണ്. 10,000 രൂപ മുതല്‍ 20,000 രൂപ വരെ തുക മുടക്കിയാല്‍ ഏതു തരത്തിലുള്ള പിടയ്ക്കുന്ന തോക്ക് ലഭിക്കുമെന്നാണ് നേരത്തെ പോലീസ് പിടിയിലായ ചില സംഘങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നത്. കള്ളത്തോക്കിനെതിരെ ശക്തമായ നടപടി പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെങ്കില്‍ തോക്കുകള്‍ ഇനിയും കഥ പറയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കാസര്‍കോട്ട് തോക്കുകള്‍ കഥ പറയുന്നു; ലൈസന്‍സുള്ള തോക്കുകള്‍ 920, ക്വട്ടേഷന്‍ സംഘത്തിന്റെയും ഗുണ്ടാ- മാഫിയ സംഘങ്ങളുടെയും കൈയ്യില്‍ തോക്കുകള്‍ യഥേഷ്ടം, എത്തിച്ചു കൊടുക്കുന്നത് അധോലോക സംഘം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Fake Gun, Top-Headlines, Criminal-gang, Ganja, Crime, Guns tell the Story in Kasaragod
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia