city-gold-ad-for-blogger

പ്രവാസിയെ തലകീഴായി കെട്ടിത്തൂക്കി മർദിച്ച് കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

Main accused in Gulf returnee murder case, where victim was tied upside down from a tree, jailed under KAAPA
Photo: Special Arrangement / Enhanced by GPT

● പൈവളിഗെ ഗ്രാമ പഞ്ചായത് പരിധിയിലെ അബൂബക്കർ സിദ്ദീഖ് എന്ന നൂർഷയെയാണ് കാപ്പ ചുമത്തിയത്
● നാല് വർഷം മുൻപ് സ്വർണ ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടയിലാണ് കൊലപാതകം നടന്നത്
● മുഗു സ്വദേശിയായ അബൂബക്കർ സിദ്ദീഖ് ആണ് മരിച്ചത്
● ഗുരുതരമായി പരിക്കേറ്റ പ്രവാസിയെ പ്രതികൾ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്

മഞ്ചേശ്വരം: (KasargodVartha) വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവിനെ സ്വർണ ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മരത്തിൽ തലകീഴായി കെട്ടിത്തൂക്കി മർദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പൈവളിഗെ ഗ്രാമ പഞ്ചായത് പരിധിയിലെ അബൂബക്കർ സിദ്ദീഖ് എന്ന നൂർഷയെയാണ് (43) മഞ്ചേശ്വരം പൊലീസ് കാപ്പ നിയമപ്രകാരം ജയിലിലടച്ചത്.

കൊലപാതകത്തിൻ്റെ പശ്ചാത്തലം

നാല് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഗു സ്വദേശിയായ അബൂബക്കർ സിദ്ദീഖ് വിദേശത്തുനിന്ന് നാട്ടിലെത്തിയ ദിവസം തന്നെ സ്വർണ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് നൂർഷയുടെ നേതൃത്വത്തിലുള്ള സംഘം പൈവളിഗെയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

അബൂബക്കർ സിദ്ദീഖിൻ്റെ സഹോദരനെയും സുഹൃത്തിനെയും കസ്റ്റഡിയിൽ വെച്ചാണ് സംഘം പ്രവാസിയെ നാട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്ന് എട്ടംഗ സംഘം അബൂബക്കർ സിദ്ദീഖിനെ കാറിൽ കുന്നിൻ പ്രദേശത്തേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് മരത്തിൽ തലകീഴായി കെട്ടിത്തൂക്കി മർദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇവർ തന്നെയാണ് അബൂബക്കർ സിദ്ദീഖിനെ ബന്തിയോട്ടെ ആശുപത്രിയിലെത്തിച്ച് കടന്നുകളഞ്ഞത്.

വിയ്യൂർ ജയിലിലേക്ക് മാറ്റി

സംഭവത്തിൽ നൂർഷ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതികളെ അറസ്റ്റും ചെയ്തിരുന്നു. ഈ കേസിൽ അറസ്റ്റിലായവരിൽ പ്രധാനിയാണ് പൈവളിഗെ സ്വദേശിയായ നൂർഷ. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

കണ്ണൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലും ഉൾപ്പെട്ട ഇയാൾ നിലവിൽ കണ്ണൂർ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചത്. കാപ്പ ചുമത്തിയതിനെ തുടർന്ന് ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കാനാണ് പൊലീസിൻ്റെ തീരുമാനം.

ഈ ക്രൈം വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Main accused in Gulf returnee murder case jailed under KAAPA.

#KasargodVartha #Manjeshwaram #KasaragodNews #KAPPAAct #KeralaPolice #CrimeNews #RenuNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia