Altercation | പുങ്ങംചാലിലെ കൂട്ടത്തല്ല്: 5 പേർക്കെതിരെ കൂടി വധശ്രമത്തിന് കേസ്; പ്രശ്‌ന പരിഹാരത്തിന് സിപിഎം നേതൃത്വം ഇടപെട്ടില്ലെന്നും ആരോപണം
● പൊലീസിന്റെ വിശദമായ അന്വേഷണം ഇക്കാര്യത്തിൽ നടന്ന ശേഷമായിരിക്കും അറസ്റ്റ് അടക്കമുള്ള കാര്യങ്ങൾ നടക്കുക.
● അടിയിൽ ഇരുവിഭാഗവും പരുക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയും തേടിയിരുന്നു.
● വർഷങ്ങളായി തുടരുന്ന റോഡ് വിഷയവുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം.
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasargodVartha) വെസ്റ്റ് എളേരി പഞ്ചായത്തിലെ പുങ്ങംചാലിൽ വഴിതർക്കത്തിന്റെ പേരിൽ നടന്ന കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് അഞ്ചുപേർക്കെതിരെ കൂടി വെള്ളരിക്കുണ്ട് പൊലീസ് വധശ്രമത്തിന് കേസെടുത്തു. കെ കെ വിജയൻ, സഹോദരൻ കെ കെ ഹരിദാസ്, വിജയന്റെ മകൻ വിജിത്ത്, ഇവരുടെ അയൽവാസികളായ ജോർജ്, സിജോ എന്നിവർക്കെതിരെയാണ് വധശ്രമത്തിനും മറ്റുവിവിധ വകുപ്പുകളും ചുമത്തി കേസെടുത്തിരിക്കുന്നത്.
പുങ്ങംചാലിലെ സഹോദരങ്ങളായ പനയംത്തട്ട കൃഷ്ണ വേണി, മധുസൂദനൻ, മോഹനനൻ, സുമേഷ്, ഷൈലജ, സുധീഷ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസിന്റെ വിശദമായ അന്വേഷണം ഇക്കാര്യത്തിൽ നടന്ന ശേഷമായിരിക്കും അറസ്റ്റ് അടക്കമുള്ള കാര്യങ്ങൾ നടക്കുക. നേരത്തെ കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് നിലവിലെ പരാതിക്കാരുടെ പേരിലും വെള്ളരിക്കുണ്ട് പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.
അടിയിൽ ഇരുവിഭാഗവും പരുക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയും തേടിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിയോട് കൂടിയാണ് വഴി തർക്കത്തിന്റെ പേരിൽ പുങ്ങംചാലിൽ ഇരുകൂട്ടർ തമ്മിൽ കൂട്ട അടി നടന്നത്. വർഷങ്ങളായി തുടരുന്ന റോഡ് വിഷയവുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. പാർട്ടി ബ്രാഞ്ച് സെക്രട്ടറി, ഡി വൈ എഫ് ഐ നേതാവ്, പാർട്ടി കുടുംബങ്ങൾ എന്നിവർ റോഡ് വിഷയത്തിൽ നേരിടുന്ന പ്രശ്നം പരിഹരിക്കാൻ സിപിഎം ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഇടപെട്ട് പലതവണ ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
പൊലീസിലും കോടതിയിലും റോഡ് വിഷയം എത്തുകയും ചെയ്തു. കഴിഞ്ഞവർഷം വെള്ളരിക്കുണ്ടിൽ നടന്ന മന്ത്രിമാരുടെ അദാലത്തിലും വിഷയം എത്തി. അടിയന്തരമായി പ്രശ്നം പഠിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വെള്ളരിക്കുണ്ട് തഹസിൽദാർക്കും വെസ്റ്റ് എളേരി പഞ്ചായത്ത് സെക്രട്ടറിക്കും നിർദേശം നൽകി. എന്നിട്ടും റോഡ് വിഷയത്തിൽ പരിഹാരം ഉണ്ടായില്ല.
പാർട്ടി നേതൃത്വം വരെ പരാജയപ്പെടുകയും റോഡ് വിഷയം ഉണ്ടാക്കിയവരോട് പാർട്ടി സന്ധികൂടുകയും ചെയ്‌തതോടെ ഈ പ്രാദേശത്തെ മുഴുവൻ പേരും പാർട്ടിയുമായുള്ള ബന്ധത്തിൽ അയവ് തുടങ്ങി. ബ്രാഞ്ച് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ഡിവൈഎഫ്ഐ നേതാവും കുടുംബവും പാർട്ടിയുടെ എല്ലാ പരിപാടി കളിൽ നിന്നും വിട്ടു നിൽക്കുകയും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് അടക്കം ബഹിഷ്കരിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. ഇരു കൂട്ടരും സിപിഎം അനുഭാവികൾ ആണെന്നിരിക്കെ വിഷയം പരിഹരിക്കപ്പെടാതെ കിടന്നു.
ഇങ്ങനെ ഇരിക്കെയാണ് കഴിഞ്ഞ ദിവസം കുണ്ടും കുഴിയും നിറഞ്ഞ് കാൽ നടയാത്ര പോലും ദുസ്സഹമായ റോഡ് മണ്ണിട്ട് അറ്റകുറ്റപ്പണികൾ നടത്താൻ പ്രദേശവാസികൾ തീരുമാനിച്ചത്. റോഡിൽ മണ്ണിടുന്നത് റോഡിന്റെ ഒരുവശത്തെ സ്ഥലത്തിന് അവകാശവാദം ഉന്നയിക്കുന്നവർ തടഞ്ഞതോടെയാണ് ഇരുകൂട്ടരും തമ്മിൽ കൂട്ടത്തല്ല് നടന്നത്. അടിയുടെ വീഡിയോ വാർത്താചാനലുകളിലും സോഷ്യൽ മീഡിയകളിലും വൈറലാവുകയും ചെയ്തിരുന്നു.
#Pungamchal #RoadDispute #Kasargod #PoliceCase #GroupBrawl #PoliticalConflict