Arrest | 'വിരമിച്ച അധ്യാപകനെ കൊലപ്പെടുത്തിയത് മരുമകനും പേരക്കുട്ടിയും', കാസർകോട് സ്വദേശികളായ ഇരുവരും കർണാടകയിൽ അറസ്റ്റിൽ; ആസൂത്രിത കൊല ഇങ്ങനെ!
* ബെൽത്തങ്ങാടിയിലെ വിരമിച്ച അധ്യാപകനാണ് കൊല്ലപ്പെട്ടത്.
* സ്വർണവും സ്വത്തും ലഭിക്കാത്തതിൽ പ്രകോപിതരായ ഇവർ ആസൂത്രിതമായി കൊലപാതകം നടത്തിയെന്ന് പൊലീസ് പറയുന്നു.
മംഗ്ളുറു: (KasargodVartha) ബെൽത്തങ്ങാടി ബെലാലുവിൽ വിരമിച്ച അധ്യാപകൻ ബാലകൃഷ്ണ ബാഡേകില്ലയയെ (83) കൊലപ്പെടുത്തിയ കേസിൽ കാസർകോട് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. കൊല്ലപ്പെട്ടയാളുടെ മരുമകനെയും പേരക്കുട്ടിയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാലകൃഷ്ണയുടെ പേരക്കുട്ടിയും അസിസ്റ്റൻ്റ് പൂജാരിയുമായ കാസർകോട് ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുരളികൃഷ്ണ (21), ഇയാളുടെ പിതാവ് കർഷകനും ജ്യോത്സനുമായ രാഘവേന്ദ്ര വി കെഡിലായ (58) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ
ഓഗസ്റ്റ് 20നാണ് ബാലകൃഷ്ണയെ വീട്ടുവളപ്പിൽ വെട്ടുകത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ബാലകൃഷ്ണയുടെ ഭാര്യയും വിരമിച്ച അധ്യാപികയുമായ പരേതയായ യു ലീല (75) യുടെ സ്വർണാഭരണങ്ങൾ മരുമകൾ വിജയലക്ഷ്മിയ്ക്ക് നൽകിയിരുന്നില്ല. സ്വത്തുവീതി പങ്കിടാത്തതിനാലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇത് ഇരുവരെയും കൊലപാതകത്തിന് പ്രേരിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകം നടന്ന രീതി
'പ്രതികളായ അച്ഛനും മകനും കാസർകോട്ടെ വീട്ടിൽ നിന്ന് സ്‌കൂടറിലാണ് വെട്ടുകത്തിയുമായി സ്ഥലത്തെത്തിയത്. സംഭവദിവസം ബാലകൃഷ്ണയുടെ ഇളയമകൻ സുരേഷ് ഭട്ട് ഇരുവർക്കും ചായ നൽകിയ ശേഷം ജോലിക്കായി പുത്തൂരിലേക്ക് പോയി. കൊച്ചുമകൻ്റെയും മരുമകൻ്റെയും സന്ദർശനത്തിൽ സന്തുഷ്ടനായ ബാലകൃഷ്ണ അവർക്ക് ഭക്ഷണം വിളമ്പി. എന്നാൽ പിന്നീട് മുരളികൃഷ്ണ പിന്നിൽ നിന്ന് ബാലകൃഷ്ണയുടെ കഴുത്ത് വെട്ടി. രക്ഷപ്പെടാൻ ശ്രമിച്ച് മുറ്റത്തേക്ക് ഓടിയ ബാലകൃഷ്ണയെ അച്ഛനും മകനും വെട്ടുകത്തികൊണ്ട് പലതവണ ആക്രമിച്ചു', പൊലീസ് വിശദീകരിച്ചു.
'സുരേഷ് ഭട്ടിനെയും കൊല്ലാൻ പദ്ധതി'
ധർമസ്ഥാല പൊലീസ് കാസർകോട്ടെ വീട്ടിലെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തതിനു ശേഷമാണ് കൊലപാതകത്തിന് പിന്നിലുള്ള രഹസ്യങ്ങൾ വെളിപ്പെട്ടത്. ബാലകൃഷ്ണയുടെ ചെറുമകൻ സുരേഷ് ഭട്ടിനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് ഇരുവരും മൊഴി നൽകി. ബാലകൃഷ്ണയെ കൊലപ്പെടുത്തിയ ശേഷം സുരേഷ് ഭട്ട് വരുന്നത് വരെ വീട്ടിൽ കാത്തിരുന്നു. വരാത്തതിനെ തുടർന്ന് 50,000 രൂപ വിലമതിക്കുന്ന രണ്ട് ബോണ്ട് പേപറുകളും ചില രേഖകളും കൊണ്ട് സ്കൂടറിൽ വീട്ടിലേക്ക് മടങ്ങി.
വിരമിച്ച അധ്യാപകരായ ബാലകൃഷ്ണ ബാഡേകില്ല - ലീല ദമ്പതികൾക്ക് മൂന്ന് മക്കളാണ്. മൂത്തമകൻ ഹരിഷ് ഭട്ട് ബെംഗ്ളൂരിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൾ വിജയലക്ഷ്മി (49) 22 വർഷം മുമ്പ് കാസർകോട്ടെ രാഘവേന്ദ്ര കെഡിലായയെ വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. അതിൽ മൂത്തയാളാണ് ഇപ്പോൾ പിതാവിനൊപ്പം അറസ്റ്റിലായത്. ഏറ്റവും ചെറുമകൻ സുരേഷ് ഭട്ട് (48) വിവാഹം കഴിച്ചിട്ടില്ല. ഇയാൾ പുത്തൂരിൽ റിലയൻസിൽ ജോലി ചെയ്യുകയാണ്.
വിജയലക്ഷ്മിക്ക് അറിയില്ലായിരുന്നു
വിജയലക്ഷ്മിക്ക് അവരുടെ ഭർത്താവും മകനും അച്ഛനെ കൊലപ്പെടുത്തിയ കാര്യം അറിയില്ലായിരുന്നു. ധർമസ്ഥല പൊലീസ് വീട്ടിലെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തപ്പോഴാണ് അവർക്ക് കാര്യം അറിയുന്നത്. കൊലപാതകം നടന്നയുടൻ മംഗ്ളൂറിൽ നിന്നുള്ള ഡോഗ് സ്ക്വാഡ് സംഭവസ്ഥലത്തെത്തിയിരുന്നു. ഭക്ഷണശേഷം, ഉപയോഗിച്ചിരുന്ന വാഴയില കിണറ്റിലേക്ക് വലിച്ചെറിഞ്ഞതും പിന്നീട് ഇവർ റോഡിലേക്ക് നീങ്ങിയതും നായ കണ്ടെത്തി. ഇതോടെയാണ് പോലീസിന് ആദ്യ സൂചന ലഭിച്ചത്. പൊലീസ് എല്ലാ കുടുംബാംഗങ്ങളുടെയും മൊബൈൽ നമ്പറുകൾ ശേഖരിച്ചും അന്വേഷണം നടത്തി. ഇത് മരുമകനെയും പേരക്കുട്ടിയെയും അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചു.