ഗോവിന്ദച്ചാമിയുടെ അറിയപ്പെടാത്ത രഹസ്യങ്ങളിലേക്ക് വെളിച്ചം വീശി അന്വേഷണ റിപ്പോർട്ട്
● മുംബൈയിലെ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിലാണ് കൈ നഷ്ടപ്പെട്ടത്.
● ജയിൽ ചാട്ടത്തിന് സഹായം ലഭിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്.
● സെല്ലിലെ അഴികൾ മുറിക്കാൻ മാസങ്ങളെടുത്തു.
● സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
കണ്ണൂർ: (KasargodVartha) സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്ക് അസാമാന്യ ശാരീരികശേഷിയുണ്ടെന്ന് വെളിപ്പെടുത്തി അന്വേഷണ റിപ്പോർട്ട്. ഈ കൊടുംകുറ്റവാളിക്ക് എന്തിനും പോന്ന കരുത്തുണ്ടെന്നും അതിവേഗത്തിൽ ഓടാനും ഭിത്തിയിൽ പിടിച്ചുകയറാനും കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരാളെ ഞെക്കിക്കൊല്ലാൻ ശേഷിയുള്ളതാണ് ഗോവിന്ദച്ചാമിയുടെ അവശേഷിച്ച കൈയ്യെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഇയാളുടെ അസാമാന്യ ശേഷി അറിയാവുന്നതുകൊണ്ട് പത്താം ബ്ലോക്കിൽ ഡ്യൂട്ടിയുള്ള വാർഡൻമാർ ഗോവിന്ദച്ചാമി കിടക്കുന്ന സെല്ലിന് സമീപത്തേക്ക് പോകാതെ അകലം പാലിച്ചാണ് നിരീക്ഷിക്കാറുള്ളത്. ആരുമായും അടുക്കാത്ത ഗോവിന്ദച്ചാമി, തന്നെ ശകാരിക്കുന്ന വാർഡൻമാർക്ക് നേരെ മൂത്രം തെറിപ്പിച്ച് ഓടിക്കാറുമുണ്ട്. ഇതിലും പിൻമാറാത്തവരെ ഭീഷണിപ്പെടുത്തുന്ന ഇയാൾക്ക് പുറത്ത് ആളുകളുണ്ടെന്നും കുടുംബത്തെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്ന സ്വഭാവവുമുണ്ട്.
മുംബൈയിലെ പനവേലിൽ മറ്റൊരു ഗുണ്ടാസംഘത്തിലെ തലവന്റെ ഭാര്യയെ ബലാത്സംഗം ചെയ്തതിനാണ് ഗോവിന്ദച്ചാമിയുടെ ഒരു കൈ ഗുണ്ടാസംഘം വെട്ടിയെടുത്തത്. ഈ സംഭവത്തിന് ശേഷമാണ് ഇയാൾ കേരളത്തിലേക്ക് എത്തിയത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടാനും കംപാർട്ട്മെന്റിന്റെ വാതിൽക്കലിലൂടെ ഒറ്റ കൈകൊണ്ട് പിടിച്ചുകയറാനും ഇയാൾക്ക് കഴിവുണ്ട്.
ഇങ്ങനെയെല്ലാം അസാമാന്യ കരുത്തുള്ള ഗോവിന്ദച്ചാമിക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തുകടക്കാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് ജയിൽ ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ജയിൽച്ചാട്ടത്തിന് ജീവനക്കാരോ സഹതടവുകാരോ സഹായിച്ചതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, സെല്ലിൽ തുണിയെത്തിയതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ടെന്നും ഗോവിന്ദച്ചാമിയുടെ ഇടതുകൈക്ക് അസാമാന്യ കരുത്തുള്ളതിനാൽ അഴികൾ മുറിച്ചതിൽ ശാസ്ത്രീയ പരിശോധന വേണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
മാസങ്ങളുടെ ആസൂത്രണത്തിന് ശേഷമാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. 28 ദിവസത്തോളം എടുത്താണ് സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയതെന്നാണ് വിവരം. ജയിൽ ചാടിയ ഗോവിന്ദച്ചാമിക്കായി പോലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചിരുന്നു. നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തളാപ്പിലെ ഒഴിഞ്ഞ കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. നിലവിൽ ഗോവിന്ദച്ചാമിയെ കൂടുതൽ സുരക്ഷയുള്ള വിയ്യൂർ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
ഗോവിന്ദച്ചാമി പുറത്തുചാടുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സെല്ലിലെ കമ്പിയുടെ താഴ്‌ഭാഗം മുറിച്ചുമാറ്റിയ ശേഷം ആ വിടവിലൂടെ നിരങ്ങി പുറത്തിറങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്. സെല്ലിന് പുറത്തിറങ്ങിയതിന് ശേഷം മൂന്നുതവണയായി തുണി ഉൾപ്പെടെയുള്ള ചില സാധനങ്ങൾ എടുക്കുന്നതും കാണാം.
കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ ജയിൽ ജീവനക്കാരുടെയും സഹതടവുകാരുടെയും മൊഴിയെടുത്തിരുന്നു. ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന പത്താം നമ്പർ ബ്ലോക്കിലുള്ള തടവുകാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ജയിൽ വകുപ്പിന്റെ ആഭ്യന്തര അന്വേഷണവും പൂർത്തിയായിട്ടുണ്ട്. ഉത്തര മേഖല ഡി.ഐ.ജി. വി. ജയകുമാറാണ് അന്വേഷണം നടത്തിയത്. സംഭവത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഒരാൾക്കെതിരെ നടപടിക്ക് ശുപാർശയുമുണ്ട്.
Article Summary: Investigation reveals Govindachami's extraordinary strength and details of his jailbreak.
#Govindachami #Jailbreak #SoumyaCase #KannurJail #KeralaPolice #InvestigationReport






