ജയിൽ ചാട്ടം: ഗോവിന്ദച്ചാമി മുറിച്ച കമ്പികളുടെ ചിത്രം പുറത്തായതോടെ അധികൃതർ വെട്ടിലായി
● ജയിൽ ചാടിയ ശേഷം ഗുരുവായൂരിൽ കവർച്ച നടത്താൻ പദ്ധതിയിട്ടു.
● തമിഴ്നാട്ടിലെത്തി നിരപരാധിയെന്ന് വരുത്താനായിരുന്നു ലക്ഷ്യം.
● ഗോവിന്ദച്ചാമിയെ വിയ്യൂർ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി.
● ജൂലൈ 25-ന് പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്.
കണ്ണൂർ: (KasargodVartha) കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ട സെല്ലിൻ്റെ ചിത്രം പുറത്തുവന്നത് ജയിൽ അധികൃതരെ വെട്ടിലാക്കി. അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ഗോവിന്ദച്ചാമി മുറിച്ച ജയിൽ അഴികളുടെ ചിത്രം വ്യക്തമാക്കുന്നത്.
താൻ കിടന്ന സെല്ലിൻ്റെ മുൻഭാഗത്തെ ഏറ്റവും അടിഭാഗത്തെ കമ്പികളാണ് പുറത്തുകടക്കാനായി ഗോവിന്ദച്ചാമി മുറിച്ചുമാറ്റിയത്. കമ്പികൾ നൂലുകൾകൊണ്ട് കെട്ടിവച്ച ഭാഗങ്ങളും ചിത്രത്തിൽ വ്യക്തമാണ്. ജയിൽ ഉദ്യോഗസ്ഥർക്ക് വലിയ വീഴ്ച സംഭവിച്ചുവെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന ചിത്രങ്ങൾ.
ഒറ്റ നോട്ടത്തിൽത്തന്നെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിലാണ് സെല്ലിൻ്റെ കമ്പികൾ മുറിച്ചിരിക്കുന്നത്. അത് ജയിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് പറയുന്നത്. സെല്ലിൽ നിന്ന് മുറിച്ചുമാറ്റിയ കമ്പികൾക്കിടയിലൂടെ നൂഴ്ന്നിറങ്ങിയ ഗോവിന്ദച്ചാമി, കമ്പികൾ പഴയപടി ചേർത്തുവെച്ച് നൂൽകൊണ്ട് കെട്ടിയാണ് ജയിൽ ചാടിയത്.
ആ സമയത്തുപോലും സെല്ലിൻ്റെ പരിസരത്തേക്ക് ആരും എത്തിയിട്ടില്ല. നിരന്തരം പരിശോധന നടക്കുന്ന സ്ഥലമായിരുന്നെങ്കിൽ ഗോവിന്ദച്ചാമി പുറത്തിറങ്ങിയത് ജയിൽ ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെടേണ്ടതായിരുന്നു.
അതേസമയം, ഗോവിന്ദച്ചാമിയുടെ മൊഴിയിലെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു. ജയിൽ ചാടിയ ശേഷം ഗുരുവായൂരിലെത്തി കവർച്ച നടത്താനും അവിടെ നിന്ന് തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാനുമായിരുന്നു പദ്ധതി. ഇതിനുശേഷം തമിഴ്നാട്ടിലെത്തി മാധ്യമങ്ങളെ ഉപയോഗിച്ച് നിരപരാധിയെന്ന് വരുത്തുകയായിരുന്നു ലക്ഷ്യമെന്നും ഗോവിന്ദച്ചാമി മൊഴി നൽകിയിട്ടുണ്ട്.
തമിഴ്നാട്ടുകാരനായ തന്നെ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ ഇട്ടിരിക്കുന്നുവെന്ന് പ്രചരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യമെന്നാണ് ഗോവിന്ദച്ചാമി വെളിപ്പെടുത്തിയത്.
കണ്ണൂർ ജയിലിലായിരുന്ന ഗോവിന്ദച്ചാമിയെ കഴിഞ്ഞ ദിവസം വിയ്യൂരിലേക്ക് മാറ്റിയിരുന്നു. വിയ്യൂർ അതിസുരക്ഷാ ജയിലിലെ ജി.എഫ്. വൺ സെല്ലിന് അകത്തും പുറത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഗോവിന്ദച്ചാമിയെ നിരീക്ഷിക്കാൻ കൂടുതൽ ജീവനക്കാരെയും ജയിൽവകുപ്പ് നിയോഗിച്ചു.
ജൂലൈ ഇരുപത്തിയഞ്ചിന് പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. രാവിലെ പത്തരയോടെ തളാപ്പ് എൽ.ഐ.സി ഓഫീസിനടുത്തുള്ള കിണറ്റിൽനിന്ന് പോലീസ് ഇയാളെ പിടികൂടുകയും ചെയ്തു.
കണ്ണൂർ ജയിലിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Photos reveal shocking lapses in Kannur jail security during Govindachami's escape.
#Jailbreak #KannurJail #Govindachami #PrisonEscape #SecurityLapse #KeralaCrime






