Appeal | ശാഹുൽ ഹമീദ് വധം: കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ട കോടതി വിധിക്കെതിരെ സർകാർ അപീൽ നൽകും; പ്രോസിക്യൂഷന് അനുമതി
● 2015 മെയ് 12നായിരുന്നു അക്രമം
● സംഭവം സഹോദരനൊപ്പം ബൈകിൽ സഞ്ചരിക്കുന്നതിനിടെ
● 8 പേരെയാണ് വെറുതെവിട്ടത്.
കാസർകോട്: (KasargodVartha) ചിത്താരി മുക്കൂട് സ്വദേശിയും പ്രവാസിയുമായിരുന്ന ശാഹുൽ ഹമീദിനെ (32) കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെവിട്ട കോടതി വിധിക്കെതിരെ സർകാർ ഹൈകോടതിയിൽ അപീൽ നൽകും. ഇതിന് പ്രോസിക്യൂഷന് സർകാർ അനുമതി നൽകി.
2015 മെയ് 12ന് സഹോദരൻ ബാദുശയോടൊപ്പം ബൈകിൽ സഞ്ചരിക്കുമ്പോൾ പാലക്കുന്ന് കരിപ്പോടിക്കടുത്ത് വെച്ച് ബൈക് തടഞ്ഞു നിർത്തി ഒരു സംഘം ശാഹുൽ ഹമീദിനെ അക്രമിക്കുകയായിരുന്നുവെന്നാണ് ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. ഗുരുതരമായി പരുക്കേറ്റ ശാഹുൽ ഹമീദ് പിറ്റേന്ന് രാവിലെ ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു.
കേസിൽ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് റഈസ്, മുഹമ്മദ് ഇർശാദ്, സി എച് ശാഹിദ്, കെ ശിഹാബ്, സർഫ്രാസ്, മുഹമ്മദ് ആശിഫ്, പി മുഹമ്മദ് ശബീർ, ഫാറൂഫ് എന്നിവരെയാണ് കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ഇക്കഴിഞ്ഞ മാർച് 25ന് വെറുതെവിട്ടത്.
കേസിലെ അഞ്ചാം പ്രതിയായ സർഫ്രാസിനെയും പ്രതികളുടെ സുഹൃത്തായ സിദ്ദീഖ് എന്നയാളെയും മുമ്പ് സിപിഎമുകാർ അക്രമിച്ചതിലുള്ള വിരോധം കാരണം സിപിഎം പ്രവർത്തകനായ ആരെയെങ്കിലും കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ മുസ്ലിം ലീഗ് പ്രവർത്തകരായ എട്ട് പ്രതികൾ മാരകായുധങ്ങളുമായി സംഘം ചേർന്ന് കാത്തുനിൽക്കുന്നതിനിടെ അതുവഴി ബൈകിൽ വരികയായിരുന്ന ശാഹുൽ ഹമീദിനെയും ബാദുശയേയും അക്രമിക്കുകയായിരുന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്.
കേസിൽ പ്രോസിക്യൂഷൻ 33 സാക്ഷികളെ വിസ്‌തരിച്ചിരുന്നു. 72 രേഖകളും, 17 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. എന്നാൽ പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള വിധിയാണ് കോടതിയിൽ നിന്നുണ്ടായത്. ഈ സഹചര്യത്തിലാണ് പ്രോസിക്യൂഷൻ ഹൈകോടതിയെ സമീപിക്കുന്നത്.
#KasargodMurder, #KeralaPolitics, #JusticeForShahul, #AppealAgainstAcquittal, #IndianCourts