Suspicious Death | ഇരിക്കുന്ന നിലയില്‍ ഗോപന്‍ സ്വാമിയുടെ അഴുകിയ മൃതദേഹം; വിവാദ കല്ലറ പൊളിച്ചപ്പോൾ കണ്ടത്!

● കല്ലറയിൽ ഇരിക്കുന്ന നിലയിലാണ് ഗോപൻ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്.
● മൃതദേഹം പുറത്തെടുത്ത് പരിശോധനകൾക്ക് വിധേയമാക്കിയിരിക്കുകയാണ്.
● കഴിഞ്ഞ ദിവസം ഹൈകോടതി കുടുംബത്തിന്റെ ഹർജി തള്ളിയതോടെയാണ് കല്ലറ തുറക്കാൻ അനുമതി ലഭിച്ചത്.
തിരുവനന്തപുരം: (KasargodVartha) നെയ്യാറ്റിൻകരയിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഗോപൻ സ്വാമിയുടെ സമാധി സ്ഥലത്ത് ഒടുവിൽ പൊലീസ് പരിശോധന നടത്തി. ഹൈകോടതിയുടെ നിർണായക ഇടപെടലിനെ തുടർന്ന് നടന്ന പരിശോധനയിൽ, സമാധിയിടം തുറന്നപ്പോൾ കണ്ടത് അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ.
കല്ലറയിൽ ഇരിക്കുന്ന നിലയിലാണ് ഗോപൻ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്ന മൃതദേഹം. മൃതദേഹത്തിന്റെ നെഞ്ചുവരെ ഭസ്‌മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ച നിലയിലായിരുന്നു. മൃതദേഹം പുറത്തെടുത്ത് പരിശോധനകൾക്ക് വിധേയമാക്കിയിരിക്കുകയാണ്. രണ്ട് ഫോറൻസിക് സർജനമാർ സ്ഥലത്തെത്തി മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
കഴിഞ്ഞ ദിവസം ഹൈകോടതി കുടുംബത്തിന്റെ ഹർജി തള്ളിയതോടെയാണ് കല്ലറ തുറക്കാൻ അനുമതി ലഭിച്ചത്. കുടുംബം കല്ലറ പൊളിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. മരണ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ അസ്വാഭാവിക മരണമായി കണക്കാക്കേണ്ടിവരുമെന്നും അല്ലെങ്കിൽ അന്വേഷണം തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ സബ് കലക്ടർ ആൽഫ്രഡ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും വലിയ പൊലീസ് സംഘത്തിന്റെയും സാന്നിധ്യത്തിലായിരുന്നു കല്ലറ തുറന്നത്. ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം ഉറപ്പാക്കിയ ശേഷമായിരുന്നു നടപടികൾ ആരംഭിച്ചത്.
ഗോപൻ സ്വാമിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരിൽ ചിലർ ആരോപിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന ചില സൂചനകൾ പൊലീസിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഗോപൻ സ്വാമി സമാധിയായെന്ന് മക്കൾ പോസ്റ്റർ പതിക്കുകയും, തുടർന്ന് അടക്കം ചെയ്യുകയും ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. അച്ഛൻ ആവശ്യപ്പെട്ടതനുസരിച്ചാണ് സമാധി ഇരുത്തിയതെന്നായിരുന്നു മക്കളുടെ പ്രതികരണം.
നിലവിൽ സമാധിയിടം പൊലീസ് കാവലിലാണ്. പൊലീസിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും മാത്രമാണ് ഇവിടേക്ക് പ്രവേശനമുള്ളത്. പ്രദേശം പൂർണമായി മറച്ചിട്ടുണ്ട്. കൂടുതൽ ആളുകൾ സ്ഥലത്തേക്ക് വരുന്നത് തടയാൻ പൊലീസ് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മരണത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
#GopanSwami #KeralaCrime #ForensicInvestigation #SamadhiMystery #DeathMystery #PoliceAction