city-gold-ad-for-blogger
Aster MIMS 10/10/2023

Demand | കാറഡുക്ക സഹകരണസംഘത്തിലെ സ്വർണവായ്പ തട്ടിപ്പ്: സമഗ്രമായ അന്വേഷണം വേണമെന്ന് കോൺഗ്രസ്, ബിജെപി, മുസ്ലിം ലീഗ് നേതാക്കൾ; ഉന്നതർക്ക് പങ്കെന്നും ആരോപണം

gold loan scam congress bjp muslim league leaders demand

പണം തിരിച്ചടച്ച് കേസ് ഒതുക്കി തീർക്കാൻ ശ്രമമെന്നും ആക്ഷേപം 

കാസർകോട്: (KasaragodVartha) അംഗങ്ങളറിയാതെ അവരുടെ പേരിൽ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്‌പ എടുത്തെന്ന പരാതിയിൽ കാറഡുക്ക അഗ്രികൾചറിസ്‌റ്റ് വെൽഫെയർ കോഓപറേറ്റീവ് സൊസൈറ്റി സെക്രടറിക്കെതിരെ കേസടുത്ത പശ്ചാത്തലത്തിൽ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കോൺഗ്രസ്, ബിജെപി, മുസ്ലിം ലീഗ് നേതാക്കൾ രംഗത്തെത്തി. 

കുറ്റക്കാരെ  നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് പി കെ ഫൈസൽ

സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത  തകർക്കും വിധം സി.പി.എം നിയന്ത്രണത്തിലുള്ള സംഘത്തിൽ നടന്ന കോടികളുടെ തട്ടിപ്പ് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ഡി.സി.സി. പ്രസിഡൻ്റ് പി.കെ ഫൈസൽ ആവശ്യപ്പെട്ടു. പണയ സ്വർണമില്ലാതെ ബന്ധുക്കളുടെ മറ്റും പേരിൽ ലക്ഷങ്ങൾ വായ്പയെടുത്ത സംഭവം അതീവ ഗൗരവതരമാണ്. ജനുവരി മാസം മുതൽ തന്നെ സംഘത്തിൽ തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പിൻറെ  പരിശോധന റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. മൂന്ന് മാസത്തിലൊരിക്കൽ പണയ സ്വർണങ്ങൾ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. 

മാർച്ച് അവസാനത്തിൽ പണയ  സ്വർണം പൂർണമായുണ്ടെന്ന് വ്യക്തമാക്കിയാണ് സി.പി.എം ലോക്കൽ സെക്രട്ടറി കൂടിയായ സംഘം പ്രസിഡൻറ് ഒപ്പിട്ട് സഹകരണ വകുപ്പിന് റിപ്പോർട്ട് നൽകിയത്. സംഘങ്ങളിൽ സ്വർണവും പണവും ജോയിൻ്റ് കസ്റ്റഡിയായാണ് സൂക്ഷിക്കുന്നത്. സംഘം പ്രസിഡൻ്റും ഭരണസമിതിയും  ജീവനക്കാരും അറിഞ്ഞ് കൊണ്ട് തന്നെയാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമാണ്. ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും സമ്മതമില്ലാതെ സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ കെ രതീശൻ   4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്‌പ തട്ടിപ്പ് നടത്തി എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്.

സ്വർണപണയം ഇല്ലാതെ തന്നെ പല ആളുകളുടെയും പേരിൽ സ്വർണ വായ്പ എടുത്തതായും പണയം വെച്ച സ്വർണം കടത്തിക്കൊണ്ടുപോയതായും കണ്ടെത്തിയിട്ടുണ്ട്. അതുപോലെതന്നെ സിപിഎം നിയന്ത്രണത്തിലുള്ള ദേലംപാടി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി കോടികളുടെ തട്ടിപ്പ് നടത്തിയിട്ടും സിപിഎം പാർട്ടിയും സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരും അത് പൂഴ്ത്തിവെച്ചിരിക്കുകയാണ്.

കാസർകോട് ജില്ലയിലും കരുവന്നൂർ ആവർത്തിക്കാനാണ് സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ ശ്രമം നടത്തുന്നത്. സിപിഎമ്മിന്റെ ജില്ലയിലെ ഉന്നത നേതൃത്വത്തിന്റെ അറിവോടും, സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ നടക്കുന്ന  കോടികളുടെ തട്ടിപ്പിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ  നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും പി കെ ഫൈസൽ ആവശ്യപ്പെട്ടു.

സിപിഎം നേതൃത്വത്തിന്റെ അറിവോടെയെന്ന് അഡ്വ. കെ ശ്രീകാന്ത്

കാറഡുക്ക അഗ്രികൾച്ചറലിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിലെ  സ്വർണം പണയ തട്ടിപ്പ് അഴിമതി സിപിഎം നേതൃത്വത്തിന്റെ അറിവോടെ കൂടിയെന്ന് ബിജെപി സംസ്ഥന സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു. ഭരണസമിതി  നേതൃത്വം അറിയാതെ സെക്രട്ടറിക്ക് മാത്രം അഞ്ചു കോടിയോളം രൂപയുള്ള വൻ തട്ടിപ്പ് നടത്താൻ സാധിക്കില്ല. തട്ടിപ്പ് പുറത്ത് വന്നപ്പോൾ സെക്രട്ടറിയെ മാത്രം  പഴിചാരി രക്ഷപ്പെടാനാണ്  ഭരണസമിതിയും  സിപിഎം നേതൃത്വവും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. 

സി പി എം നിയന്ത്രണത്തിലുള്ള ചെറിയ സഹകരണ സൊസൈറ്റിയിൽ പോലും കോടികളുടെ തട്ടിപ്പ് നടക്കുകയാണ്. സഹകരണ സ്ഥാപനങ്ങളെ അഴിമതിയുടെയും വൻ തട്ടിപ്പകളുടെയും  കേന്ദ്രങ്ങളാക്കി  സിപിഎം മാറ്റുകയാണെന്നും ശ്രീകാന്ത് ആരോപിച്ചു. സ്വർണപ്പണിയെ തട്ടിപ്പ് പുറത്തുവന്നതോടെ കൂടി പണം തിരിച്ചടച്ച് കേസ് ഒതുക്കി തീർക്കാനാണ് ഇപ്പോൾ സിപിഎം  ശ്രമിക്കുന്നത്. ഇതിൽ വൻ ഗൂഢാലോചനയുണ്ട്. സ്വർണ പണയ തട്ടിപ്പ് സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്നും പ്രതികളെ ഉടൻ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിന്നിൽ വൻ മാഫിയയെന്ന് അഷ്റഫ് എടനീർ

കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് സി.പി.എം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗം കൂടിയായ സൊസൈറ്റി സെക്രട്ടറി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തതിന്ന് പിന്നിൽ വൻ മാഫിയ സംഘം പ്രവർത്തിച്ചിറ്റുണ്ടെന്നും ഇത് സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് സർക്കാർ തയ്യാറാവണമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് അഷ്റഫ് എടനീർ ആവശ്യപ്പെട്ടു.

അംഗങ്ങളറിയാതെ അവരുടെ പേരിൽ സ്വർണപ്പണയ വായ്പകളെടുത്താണ് സി.പി.എം നേതാവ് കൂടിയായ സെക്രട്ടറി തട്ടിപ്പ് നടത്തിയിട്ടുള്ളത്. ഇതിന് പിന്നിൽ ഭരണ സമിതിയിലെയും പുറത്ത് നിന്നുമുള്ള പാർട്ടി നേതാക്കൾക്ക് പങ്കുള്ളതായാണ് പുറത്ത് വരുന്ന വിവരം. ഈ സംഘത്തിൻറെ നേതൃത്വത്തിൽ ബെംഗ്ളൂരിൽ റിയൽ എസ്റ്റേറ്റ് മാഫിയക്ക് പണം മറിച്ച് നൽകിയതും, വയനാട്ടിൽ വസ്തു വാങ്ങിയതടക്കമുള്ള കാര്യങ്ങളാണ് കാറഡുക്ക മേഖലയിലെ സി.പി.എം പ്രവർത്തകർക്കിടയിൽ നടക്കുന്ന ചർച്ച. ഇത് സംബന്ധിച്ച് ഉന്നത തല അന്വേഷണം നടത്തിയാലേ സത്യം പുറത്ത് വരികയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

രതീശൻ നേരത്തെയും സ്വർണം പണയം വെക്കാതെ അംഗങ്ങളുടെ പേരിൽ ലക്ഷങ്ങൾ എടുത്ത കാര്യം ബാങ്ക് അധികൃതർക്ക് അറിഞ്ഞിട്ടും പൊലീസിൽ പരാതി നൽകുകയോ അന്വേഷണം നടത്തുകയോ ചെയ്യാതെ മറച്ച് വെച്ചത് സംബന്ധിച്ചും അന്വേഷണം നടത്തണം. രതീശനെ പുറത്താക്കിയത് കൊണ്ട് മാത്രം സഹകരണ സംഘങ്ങളെ ഉപയോഗിച്ച് നടത്തുന്ന ഇത്തരം തട്ടിപ്പിൽ നിന്ന് സി.പി.എം നേതൃത്വത്തിന് ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്നും പലപ്പോഴും ഇത്തരം സംഘങ്ങൾക്ക് ഒത്താശ ചെയ്ത് കൊടുക്കുന്നത് പാർട്ടിയുടെ നേതൃത്വത്തിലുള്ളവരാണെന്നും അഷ്റഫ് എടനീർ ആരോപിച്ചു.

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL