Theft | മൊഗ്രാൽ പുത്തൂരിൽ വൻ മോഷണം; 'വീട് കുത്തിത്തുറന്ന് 35 പവൻ സ്വർണാഭരണങ്ങൾ കവർന്നു'
* അലമാരയിൽ സൂക്ഷിച്ച വസ്തുക്കളാണ് നഷ്ടപ്പെട്ടത്
മൊഗ്രാൽ പുത്തൂർ: (KasaragodVartha) വീട് കുത്തിത്തുറന്ന് 35 പവൻ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. മൊഗ്രാൽ പുത്തൂർ മുണ്ടയ്ക്കൽ ഫൈസൽ മൻസിലിലെ മുഹമ്മദ് ഇല്യാസിന്റെ ഇരുനില വീട്ടിലാണ് വൻ മോഷണം നടന്നത്. മെയ് 15ന് സന്ധ്യയ്ക്ക് ആറ് മണിക്കും ഞായറാഴ്ച സന്ധ്യയ്ക്ക് 7.30 മണിക്കും ഇടയിലാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു.
മുഹമ്മദ് ഇല്യാസ് പ്രവാസിയാണ്. ഭാര്യ ആഇശത് ഫൗസീദ 15ന് ഉപ്പളയിലെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഞായറാഴ്ച വൈകീട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപെട്ടത്. വീടിന്റെ മുൻഭാഗത്തെ പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയുടെ പൂട്ടു പൊളിച്ചാണ് സ്വർണാഭരണങ്ങൾ കവർന്നിരിക്കുന്നത്.
വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആഇശത് ഫൗസീദയുടെ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.