Theft | പയ്യന്നൂരിൽ വൻ കവർച്ച; നഷ്ടപ്പെട്ടത് 75 പവൻ സ്വർണാഭരണങ്ങൾ
* പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്
പയ്യന്നൂർ: (KasaragodVartha) വീട് കുത്തിതുറന്ന് 75 പവൻ സ്വർണാഭരണങ്ങളും 4000 രൂപയും കവർന്നതായി പരാതി. പയ്യന്നൂർ പെരുമ്പ റഫീഖ് മൻസിലിലെ സി എച് സുഹ്റയുടെ വീട്ടിലാണ് വൻ കവർച്ച നടന്നത്. തിങ്കളാഴ്ച രാത്രി 11 മണിക്കും ചൊവ്വാഴ്ച പുലർച്ചെ ആറ് മണിക്കും ഇടയിലാണ് സംഭവം.
ഇരുനില വീടിൻ്റെ മുകളിലെ നിലയിൽ കുടുംബാംഗങ്ങൾ ഉറങ്ങുമ്പോഴാണ് താഴെ മുറികൾ കുത്തിത്തുറന്ന് കവർച്ച നടന്നത്. വീട്ടുകാർ രാവിലെ ഉണർന്ന് താഴേക്ക് വന്നപ്പോഴാണ് കവർച്ച ശ്രദ്ധയിൽപെട്ടത്. താഴത്തെ നിലയുടെ വാതിൽ കമ്പിപ്പാര കൊണ്ട് കുത്തിത്തുറന്ന നിലയിലായിരുന്നു. രണ്ട് കിടപ്പുമുറികളും അലമാരകളും കുത്തിത്തുറന്ന മോഷ്ടാക്കൾ സാധനങ്ങളെല്ലാം വാരി വലിച്ചിട്ടിരുന്നു.
വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന ആയുധവും മുറിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
സുഹ്റയുടെ ഭർത്താവ് അസുഖബാധിതനായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ ദമ്പതികൾ വീട്ടിൽ ഇല്ലായിരുന്നു. സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.