Robbery | ജ്വലറിയില്‍ മുഖം മറച്ചെത്തിയ യുവതി തന്ത്രപൂർവം കൈചെയിനുമായി കടന്നുകളഞ്ഞു; സിസിടിവി ദൃശ്യം പുറത്ത്
● കുമ്പളയിലാണ് സംഭവം
● ഒരു പവൻ തൂക്കമുള്ള സ്വർണ ചെയിൻ നഷ്ടപ്പെട്ടു
● പൊലീസ് അന്വേഷണം തുടങ്ങി
കാസര്‍കോട്: (KasargodVartha) ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേന ജ്വലറിയിലെത്തിയ യുവതി ഒരു പവന്‍ തൂക്കമുള്ള സ്വർണ കൈചെയിനുമായി കടന്നുകളഞ്ഞതായി പരാതി. കുമ്പള രാജധാനി ജ്വലറിയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.50 മണിയോടെയാണ് സംഭവം. മുഖം മറച്ചെത്തിയ യുവതി ജ്വലറിയിലെത്തി കൈചെയിൻ ആവശ്യപ്പെടുകയായിരുന്നു.
ജീവനക്കാരൻ ആഭരണത്തിന്റെ വിവിധ മോഡലുകൾ യുവതിക്ക് നോക്കാൻ നൽകിയിരുന്നു. ഇതിനിടയിൽ ജീവനക്കാരന്റെ ശ്രദ്ധ തെറ്റിയതോടെയാണ് യുവതി കൈചെയിൻ എടുത്ത് കയ്യിൽ സൂക്ഷിച്ചിരുന്ന പേഴ്സിലേക്ക് മാറ്റിയത്. ആഭരണങ്ങൾ നോക്കുന്നുവെന്ന വ്യാജേനെയാണ് യുവതി കൈചെയിൻ കവർന്നത്.
പരിശോധനയ്ക്ക് ശേഷം ക്യാഷ് കൗണ്ടറിലെത്തിയ യുവതി ആവശ്യമുള്ള ആഭരണങ്ങള്‍ നോക്കി വെച്ചിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം വന്ന് എടുത്തോളാമെന്ന് അറിയിച്ചാണ് മുങ്ങിയത്. അരമണിക്കൂറിലേറെ യുവതി കടയിൽ സമയം ചിലവഴിച്ചിരുന്നു.
രാത്രി ജ്വലറി അടയ്ക്കുന്നതിനു മുമ്പ് ആഭരണങ്ങളുടെ സ്റ്റോക് പരിശോധിച്ചപ്പോഴാണ് കൈചെയിന്‍ നഷ്ടപ്പെട്ട കാര്യം ബോധ്യമായത്. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് യുവതി കൈചെയിന്‍ കൈക്കലാക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ജ്വലറി ഉടമ ഹമീദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുമ്പള പൊലീസ് അന്വേഷണം തുടങ്ങി.
#KasaragodRobbery #GoldChainTheft #KeralaCrime #CCTVFootage #JewelryRobbery