Theft | ജനങ്ങളെ ഞെട്ടിച്ച് കവർച്ച പരമ്പര തുടരുന്നു; പ്രവാസിയുടെ വീട്ടിൽ നിന്നും മോഷ്ടിച്ചത് 5 പവൻ സ്വർണവും 30,000 രൂപയും
സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി
ഉപ്പള: (KasaragodVartha) ജനങ്ങളെ ഞെട്ടിച്ച് കവർച്ചാ പരമ്പര തുടരുന്നു. പ്രവാസിയുടെ വീട്ടിൽ നിന്നും അഞ്ച് പവൻ സ്വർണവും 30,000 രൂപയും കവർന്നു. ഉപ്പള പത്വാടി റോഡിലെ മുഹമ്മദലി സ്ട്രീറ്റിൽ അബ്ദുൽ റസാഖിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീട്ടുടമയും കുടുംബവും മാർച് 18ന് വീടുപൂട്ടി വിദേശത്തേക്ക് പോയതായിരുന്നു. ഞായറാഴ്ച അയൽവാസിയായ യൂസഫ് ആണ് വീടിൻ്റെ പിറകുഭാഗത്തെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്. ഉടൻ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോൾ വീട്ടിനത്തെ അലമാരകൾ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തി.
പിന്നീട് വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് അലമാരയിൽ നിന്നു അഞ്ച് പവൻ സ്വർണവും 30,000 രൂപയും നഷ്ടപ്പെട്ടതായി വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. ഒരു മാസത്തിനിടെ മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധികളിലായി ഇത് 12 -ാമത്തെ കവർച്ച സംഭവമാണെന്ന് പ്രദേശവാസികൾ പറയുന്നു. ഒരു കേസിൽ പോലും പ്രതികളെ പിടികൂടാനായിട്ടില്ലെന്നത് പൊലീസിന് തന്നെ നാണക്കേടായി മാറിയിരിക്കുകയാണ്.