Conviction | 'വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു'; യുവാവിന് വിവിധ വകുപ്പുകളിലായി 42 വർഷം തടവ്
● ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ എബിൻ ജോസഫ് പവിത്രനാണ് പ്രതി
● മൂന്ന് ലക്ഷം രൂപ പിഴ അടക്കണം
● ശിക്ഷകൾ ഒന്നിച്ചു അനുഭവിച്ചാൽ മതിയാകും
കാഞ്ഞങ്ങാട്: (KasargodVartha) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 42 വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ഒരു മാസവും അധിക തടവും അനുഭവിക്കേണ്ടി വരും. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ എബിൻ ജോസഫ് പവിത്രനെ (30) യാണ് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ജഡ്ജ് പി എം സുരേഷ് ശിക്ഷിച്ചത്.
പ്രതി വിവാഹിതൻ ആണെന്ന കാര്യം മറച്ചുവെച്ച്, 2022 ഫെബ്രുവരി മുതൽ 2023 ഫെബ്രുവരി വരെ പല ദിവസങ്ങളിലായി പെൺകുട്ടിയെ പ്രണയം നടിച്ച് താൻ താമസിക്കുന്ന വാടക ക്വാർടേഴ്സിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയും പുറത്തു പറഞ്ഞാൽ അനന്തരഫലം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
പ്രതിക്കെതിരെ ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് ചുമത്തിയത്. ഇതിൽ 376(3) പ്രകാരം 20 വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവും വിധിച്ചു. 506(1) പ്രകാരം രണ്ട് വർഷം സാധാരണ തടവും പത്തായിരം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവും വിധിച്ചു.
6(1) റെഡ് വിത് 5(l) പ്രകാരം 20 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവുമാണ് വിധിച്ചത്. ശിക്ഷകൾ ഒന്നിച്ചു അനുഭവിച്ചാൽ മതിയാകും. നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. കേസിന്റെ ആദ്യ അന്വേഷണം നടത്തിയത് അന്നത്തെ ഇൻസ്പെക്ടർ ആയിരുന്ന കെ പി ശ്രീഹരിയാണ്. കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ ആയിരുന്ന കെ പ്രേംസദൻ ആണ്.
#childabuse #assault #justice #Kerala #Kasaragod #crimeagainstwomen