Gang Attack | പള്ളിവളപ്പിൽ കരാറുകാരനെ ഒരു സംഘം അക്രമിച്ചതായി പരാതി; പരുക്കുകളോടെ ആശുപത്രിയിൽ
പ്രതികൾ ഒളിവിലാന്നെന്ന് പൊലീസ്
ചെർക്കള: (KasargodVartha) ബേർക്ക ജുമാ മസ്ജിദിലേക്ക് പ്രാർഥനയ്ക്ക് വരികയായിരുന്ന കരാറുകാരനെ ഒരു സംഘം അക്രമിച്ച് ഗുരുതരമായി പരുക്കേൽപിച്ചതായി പരാതി. ചെർക്കള ബേർക്ക സ്വദേശിയും എറണാകുളത്തെ എ ക്ലാസ് കരാറുകാരനുമായ അബൂബകർ സിദ്ദീഖിനെ (38) യാണ് അക്രമിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.55 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കാർ നിർത്തിയിടുന്നതിനിടെ വളഞ്ഞിട്ട് മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
10 ഓളം പേരാണ് അക്രമിസംഘത്തിൽ ഉണ്ടായിരുന്നത്. ഇരുമ്പ് വടികൊണ്ടുള്ള അക്രമത്തിൽ സിദ്ദീഖിന്റെ മൂക്കിൻ്റെ എല്ല് തകരുകയും കൈയെല്ല് പൊട്ടുകയും തലയ്ക്കും മറ്റും പരുക്കേൽക്കുകയും ചെയ്തതായി ബന്ധുക്കൾ പറഞ്ഞു.
സിദ്ദീഖിനെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ നിരവധി കേസുകളിൽ പ്രതിയായ പുനത്തിൽ അശ്റഫ്, പാറ അശ്റഫ്, പാറ ഇസ്മാഈൽ, സിനാൻ പാറ എന്നിവർക്കും കണ്ടാൽ തിരിച്ചറിയാവുന്ന മറ്റു ആറ് പ്രതികൾക്കെതിരെയും വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ച് വിദ്യാനഗർ പൊലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാന്നെന്ന് പൊലീസ് പറഞ്ഞു.
രണ്ട് വർഷം മുമ്പ് അബൂബകർ സിദ്ദീഖിന്റെ സഹോദരൻ അശ്റഫ് പെർളയെ റമദാൻ മാസത്തിൽ പ്രഭാത പ്രാർഥനയ്ക്ക് പോകുമ്പോൾ ഇതേ ക്വടേഷൻ സംഘം അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം നടത്തിയിരുന്നുവെന്നും ഈ കേസിൻ്റെ തുടർനടപടികൾ കോടതിയിൽ നടക്കുന്നതിനിടയിലാണ് സിദ്ദീഖിനെയും അക്രമിച്ചിരിക്കുന്നതെന്നാണ് ആരോപണം.
മുൻ വിരോധമാണ് അക്രമത്തിന് കാരണമെന്ന് സിദ്ദീഖിൻ്റെ സഹോദരനും കരാറുകാരനുമായ അശ്റഫ് കാസർകോട് വാർത്തയോട് പറഞ്ഞു. ആരാധനാലയത്തിന്റെ വളപ്പിൽ വെച്ചുള്ള അക്രമം ആയത് കൊണ്ട് പള്ളി കമിറ്റിയും വിദ്യാനഗർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് സെക്രടറി റഊഫ് കാസർകോട് വാർത്തയോട് പറഞ്ഞു. പള്ളി പരിസരത്ത് ഇങ്ങനെയുള്ള അക്രമം നടക്കുന്നതിൽ പൊലീസിൻ്റെ ജാഗ്രത ഉണ്ടാകണമെന്നാണ് ആവശ്യം. അക്രമത്തിന് നേതൃത്വം നൽകിയതായി ആരോപണമുള്ള നിരവധി കേസിൽ പ്രതിയായ യുവാവിനെതിരെ കാപ ചുമത്താനുള്ള നീക്കത്തിലാണ് പൊലീസ്.