Murder | പ്രവാസി വ്യവസായി ഗഫൂര്‍ ഹാജി വധക്കേസില്‍ 7 പ്രതികള്‍; 2 പേര്‍ക്കെതിരെ ലുക് ഔട് നോടീസ് ഇറക്കി; കുറ്റപത്രം തയ്യാറായി; ശനിയാഴ്ച കോടതിയില്‍ സമര്‍പിക്കും

● പ്രതികളിൽ രണ്ട് പേർ വിദേശത്താണ്.
● കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ് ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ.
● തെളിവ് നശിപ്പിക്കാനും സ്വർണ്ണം പണയം വെക്കാനും സഹായിച്ചതിനാണ് നാലാം പ്രതി അറസ്റ്റിലായത്.
● പ്രതികൾ അറസ്റ്റിലായി 90 ദിവസം തികയുന്നതിന് മുൻപ് കുറ്റപത്രം സമർപ്പിക്കും.
● നിരവധി ബാങ്കുകളിൽ പണയം വെച്ച സ്വർണ്ണാഭരണങ്ങളും വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.
ബേക്കല്‍: (KasargodVartha) പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുള്‍ ഗഫൂര്‍ ഹാജി (58) വധക്കേസില്‍ ശനിയാഴ്ച പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പിക്കും. ഏഴ് പ്രതികളാണ് കേസിലുള്ളത്. ഇതില്‍ അഞ്ച് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പ്രതികള്‍ വിദേശത്താണ് ഇവര്‍ക്കായി ലുക് ഔട് നോടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഒന്നാം പ്രതി മാങ്ങാട് കുളിക്കുന്നില്‍ താമസിക്കുന്ന ഉവൈസ് എന്ന ഉബൈദ് (32), രണ്ടാം പ്രതി ഇയാളുടെ ഭാര്യ മന്ത്രവാദിനി ശെമീന (34), മൂന്നാം പ്രതി പൂച്ചക്കാട്ടെ അസ്രീഫ (36), നാലാം പ്രതി മധൂര്‍ കൊല്യയിലെ ആഈശ (43), അഞ്ചാം പ്രതി പൂച്ചക്കാട്ടെ സൈഫുദ്ദീന്‍ (37) എന്നിവരാണ് കേസില്‍ അറസ്റ്റിലായ അഞ്ചു പേര്‍. ഡിസംബര്‍ രണ്ടിനാണ് നാലു പ്രതികളെ പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഡിസി ആര്‍ ബി ഡി വൈ എസ് പി ജോണ്‍സണും സംഘവും അറസ്റ്റ് ചെയ്തത്.
ഒന്നു മുതല്‍ മൂന്നുവരെ പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ളവരാണ്. നാലാം പ്രതി തെളിവ് നശിപ്പിക്കാനും ഹാജിയുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച 596 പവന്‍ സ്വര്‍ണത്തില്‍ നിന്ന് ഒരു ഭാഗം ബാങ്കുകളില്‍ പണയപ്പെടുത്താനും സഹായിച്ച കുറ്റത്തിനാണ് അറസ്റ്റിലായത്.
ഒന്നു മുതല്‍ മൂന്നുവരെ പ്രതികളും ഏഴാം പ്രതിയായ പൂച്ചക്കാട്ടെ സൈഫുദ്ദീനും ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്. നാലാം പ്രതി ആഈശക്ക് ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രതികള്‍ അറസ്റ്റിലായി 90 ദിവസം തികയുന്നതിന് മുന്‍പാണ് കുറ്റപത്രം സമര്‍പിക്കുന്നത്. അതുകൊണ്ട് തന്നെ മുഖ്യപ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ സാധ്യത കുറവാണ്.
നിരവധി ബാങ്കുകളില്‍ പണയപ്പെടുത്തിയ സ്വര്‍ണാഭരണങ്ങളും, കാസര്‍കോട്ടെ ജ്വലറികളില്‍ വില്‍പന നടത്തിയ 117 പവനോളം സ്വര്‍ണാഭരണങ്ങളും പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(രണ്ട്)യിലാണ് കുറ്റപത്രം സമര്‍പിക്കുക.
മാര്‍ച് ഒന്നിന് കുറ്റപത്രം സമര്‍പിക്കുമെന്ന് ഡിവൈഎസ്പി ജോണ്‍സണ്‍ വെളിപ്പെടുത്തി. അറസ്റ്റിലാകാനുള്ള മറ്റ് രണ്ട് പ്രതികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കാൻ ഷെയർ ചെയ്യുകയും നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുകയും ചെയ്യുക.
The special investigation team will file the charge sheet in the Abdul Gafoor Haji murder case, involving seven accused, on Saturday. Five have been arrested, and lookout notices are issued for two absconding abroad.
#GafoorHajiMurder #Kasargod #CrimeNews #KeralaPolice #Investigation #ChargeSheet