Crime | 'ടാങ്കർ ലോറിയിൽ നിന്ന് ഇന്ധനം ഊറ്റി'; ഡ്രൈവർ അറസ്റ്റിൽ, സർവീസ് സ്റ്റേഷൻ ഉടമ മുങ്ങി! 1000ലേറെ ലിറ്റർ ഡീസലും, പെട്രോളും, ഇന്ധനങ്ങൾ ചോർത്താൻ ഉപയോഗിക്കുന്ന പൈപ്പുകളും പിടികൂടി

● റെയ്ഡിൽ 1020 ലിറ്റർ ഡീസലും 30 ലിറ്റർ പെട്രോളും കണ്ടെത്തി.
● ഇന്ധനം ചോർത്താൻ ഉപയോഗിച്ച പൈപ്പുകളും മോട്ടോറും കണ്ടെടുത്തു.
● സിദ്ധാപുരിലെ സർവീസ് സ്റ്റേഷനിൽ നിന്നാണ് ഇന്ധനം ചോർത്തിയത്.
മംഗ്ളുറു: (KasargodVartha) ടാങ്കർ ലോറി ഡ്രൈവറും സർവീസ് സ്റ്റേഷൻ ഉടമയും ചേർന്ന് ടാങ്കർ ലോറിയിൽ നിന്ന് ഇന്ധനം ചോർത്തുന്നതിനിടെ പൊലീസ് പിടികൂടി. സംഭവത്തിൽ ടാങ്കർ ഡ്രൈവർ കെ ജയറാമിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ സർവീസ് സ്റ്റേഷൻ ഉടമ വിജയ് നായിക് സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു.
കുന്ദാപുരം സബ് ഡിവിഷൻ ഡിവൈ.എസ്.പി എച്ച്.ഡി. കുൽക്കർണിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി സിദ്ധാപുരിലെ സുബ്ബറാവു കോംപ്ലക്‌സിന് സമീപമുള്ള സർവീസ് സ്റ്റേഷനിൽ നടത്തിയ റെയ്ഡിലാണ് ഇന്ധന ചോർത്തൽ പിടികൂടിയത്. റെയ്ഡിൽ 1020 ലിറ്റർ ഡീസൽ, 30 ലിറ്റർ പെട്രോൾ, ഇന്ധനം ചോർത്താൻ ഉപയോഗിക്കുന്ന മൂന്ന് പൈപ്പുകൾ, ലിഫ്റ്റ് മോട്ടോർ എന്നിവയും ടാങ്കർ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു.
സിദ്ധാപുരത്ത് ടൂറിസ്റ്റ് വാഹന സർവീസും ഓട്ടോമൊബൈൽ സർവീസ് സ്റ്റേഷനും നടത്തുന്ന വിജയ് നായിക് ഇതേ സ്ഥലത്ത് അനധികൃത ഇന്ധന വ്യാപാരവും നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. മംഗളൂരുവിൽ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇന്ധനം കൊണ്ടുപോകുന്ന ടാങ്കറുകൾ വിജയ് നായിക്കിന്റെ സർവീസ് സ്റ്റേഷനിൽ നിർത്തി, ഡ്രൈവർമാരുടെ സഹായത്തോടെ ഇന്ധനം ചോർത്തി സൂക്ഷിക്കുകയായിരുന്നു പതിവ്. ഈ ഇന്ധനം വിജയ് നായിക്കിന്റെ ടൂറിസ്റ്റ് വാഹനങ്ങൾക്ക് ഉപയോഗിച്ചിരുന്നതായും സംശയിക്കുന്നു.
ശങ്കരനാരായണ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നത്. ഡിവൈ.എസ്.പി കുൽക്കർണി സർവീസ് സ്റ്റേഷനിൽ റെയ്ഡ് നടത്തിയപ്പോൾ വിജയ് നായിക്കും ടാങ്കർ ഡ്രൈവർ ജയറാമും ഭാരത് പെട്രോളിയം ടാങ്കറിൽ നിന്ന് ഡീസൽ ചോർത്തുകയായിരുന്നുവെന്ന് സ്റ്റേഷൻ എസ്.ഐ നസീർ ഹുസൈൻ പറഞ്ഞു. നഗരത്തിന്റെ ഹൃദയഭാഗത്ത് നടന്ന ഈ നിയമവിരുദ്ധ പ്രവർത്തനത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. വിജയ് നായിക്കിനായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
ഈ വാർത്ത ഷെയർ ചെയ്യാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
Tanker lorry driver arrested for fuel theft; service station owner absconding. Police seized diesel, petrol, and equipment used for theft. Investigation underway.
#FuelTheft #Arrest #Crime #Mangaluru #PoliceInvestigation #Karnataka