city-gold-ad-for-blogger
Aster MIMS 10/10/2023

Demand | ഖാസിയുടെ ദുരൂഹ മരണം: പുനരന്വേഷണം വേണമെന്ന് ആക്ഷൻ കമ്മിറ്റി; പുതിയ സിബിഐ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യം

Demand
Photo: Arranged

ബാഹ്യസമ്മർദങ്ങൾ കേസിനെ സ്വാധീനിക്കുന്നതിൻ്റെ സൂചനകളുണ്ടെന്ന് കുടുംബം 

കാസർകോട്: (KasargodVartha) സമസ്തയുടെ സീനിയർ വൈസ് പ്രസിഡൻറും ചെമ്പരിക്ക-മംഗ്ളുറു ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിൽ പുനരന്വേഷണം വേണമെന്ന ആവശ്യവുമായി ആക്ഷൻ കമ്മിറ്റി. പുതിയ, ഉന്നത തലത്തിലുള്ള സിബിഐ അന്വേഷണ സംഘം കേസിൻ്റെ തുടക്കം മുതലുള്ള കാര്യങ്ങളിൽ പുനരന്വേഷണം നടത്തണമെന്നാണ് ആവശ്യം. മരണവുമായി ബന്ധപ്പെട്ടുള്ള സിബിഐ അന്വേഷണ റിപ്പോർട്ടിനെതിരെ സി എം അബ്ദുല്ല മൗലവിയുടെ മകൻ ശാഫി നൽകിയ റിട്ട് ഹർജി എറണാകുളം സി ജെ എം കോടതി തള്ളിയതിന് പിന്നാലെയാണ് പുതിയ നീക്കം.

Demand

സിബിഐ സമർപ്പിച്ച മൂന്നാം റിപ്പോർട്ട് അംഗീകരിക്കുകയും ശാഫി നൽകിയ റിട്ട് ഹർജി തള്ളുകയും ചെയ്ത എറണാകുളം സി ജെ എം കോടതി വിധി ദൗർഭാഗ്യകരവും നിരാശാജനകമാണെന്ന് ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം ചേർന്ന കൂടിയാലോചനായോഗം അഭിപ്രായപ്പെട്ടു. കഴിഞ്ഞ 14 വർഷമായി ആക്ഷൻ കമ്മിറ്റിയും മറ്റു വിവിധ സംഘടനകളും വിഷയത്തിൽ സമരമുഖത്താണ്. കേസിൽ കഴിഞ്ഞ രണ്ട് തവണ സിബിഐ സമർപ്പിച്ച റിപ്പോർട്ടുകളും കോടതി തളളിയതാണ്. അവയിൽ നിന്ന് കാര്യമായ മാറ്റമൊന്നും ഇല്ലാതെയാണ് മൂന്നാമത്തെ റിപ്പോർട്ടും അവർ സമർപ്പിച്ചത്. 

അതിനെതിരെ ഖാസി കുടുംബം നൽകിയ ഹർജിയിൽ നിരവധി തവണ കോടതി ആവശ്യപ്പെട്ടിട്ടും സിബിഐ ഭാഗം വക്കീൽ വിചാരണയ്ക്ക് ഹാജരാകാതെ ഉരുണ്ടു കളിക്കുന്ന അനുഭവമുണ്ടായി. മുമ്പും ഇതേ രീതിയിൽ കേസ് നീട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് ബന്ധപ്പെട്ട കോടതി സാക്ഷ്യം വഹിച്ചിട്ടുണ്ട്. കോടതി കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയ ശേഷമാണ് അവർ ഹാജരായത്. അത് പോലെ കേസ് വിചാരണയ്ക്കിടെ മൂന്ന് തവണ ജഡ്ജുമാർ സ്ഥലം മാറിപ്പോകുന്ന അനുഭവമുണ്ടായി. ഇതെല്ലാം ചില ബാഹ്യസമ്മർദങ്ങൾ കേസിനെ സ്വാധീനിക്കുന്നതിൻ്റെ സൂചനകളായി കുടുംബം വിലയിരുത്തുന്നു. അതിനാൽ പുനരന്വേഷണം വേണമെന്ന് യോഗം കൂട്ടിച്ചേർത്തു.

സമസ്ത കേന്ദ്ര നേതാക്കളെ കാര്യങ്ങൾ ധരിപ്പിക്കുമെന്നും നിയമപോരാട്ടവും ജനകീയ പോരാട്ടവും ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും യോഗം ഉദ്‌ഘാടനം ചെയ്തുകൊണ്ട് സമസ്ത ജില്ലാ ജനറൽ സെക്രട്ടറി അബ്ദുസ്സലാം ദാരിമി ആലംപാടി പറഞ്ഞു. കേസിൽ നീതി പുലർന്നു കിട്ടേണ്ടത് കുടുംബത്തിൻ്റെയും ആക്ഷൻ കമ്മിറ്റിയുടെയും ആവശ്യമെന്നത് പോലെ സമസ്തയുടെയും ആവശ്യമാണെന്നും അതിന് വേണ്ടിയുള്ള പോരാട്ടത്തിൽ പൂർണ മനസ്സോടെ സമസ്ത കൂടെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവി പരിപാടികൾ ചർച്ച ചെയ്തു തീരുമാനിക്കാൻ അടുത്ത് തന്നെ വിപുലമായ കൺവെൻഷൻ വിളിച്ചു ചേർക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

2010 ഫെബ്രുവരി 15നാണ് ഖാസി സിഎം അബ്‌ദുല്ല മൗലവി ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ചെമ്പരിക്ക കടൽ തീരത്ത് കടലിലേയ്ക്ക് ഇറങ്ങിയുള്ള പാറക്കെട്ടുകളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം സിജെഎം കോടതിയിൽ നടന്ന വാദങ്ങൾക്കൊടുവിൽ സിബിഐ 2016ലും 2018ലും സമർപിച്ച റിപ്പോർട്ടുകൾ കോടതി തള്ളിയിരുന്നു. മൂന്നാമത്തെ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ കോടതിക്ക് മുന്നിലെത്തിയത്.

ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ അമ്പലത്തറ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിങ് സെക്രട്ടറി ചെങ്കളം അബ്ദുല്ല ഫൈസി, ജോ. സെക്രട്ടറി സ്വിദ്ദീഖ് നദ് വി ചേരൂർ, അബ്ദുല്ല ഖാസിലേൻ, താജുദ്ദീൻ ദാരിമി, സുബൈർ പടുപ്പ്, ബുർഹാനി ദാരിമി, ഫാറൂഖ് ദാരിമി പ്രസംഗിച്ചു. മൊയ്തു മൗലവി ചെർക്കള, യൂസുഫ് ഉദുമ, ഉബൈദുല്ല കടവത്ത്, ഇ അബ്ദുല്ല കുഞ്ഞി, സുബൈർ പടുപ്പ്,  ഇർഷാദ് ഹുദവി, ജമാൽ ദാരിമി, ഖലീൽചെമ്പരിക്ക, ജലീൽ ചെമ്പരിക്ക, ഹമീദ് കുണിയ, ടി എ റഹ്മാൻ ചെമ്പരിക്ക തുടങ്ങിയവർ സംബന്ധിച്ചു.

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia