Investigation | കാസർകോട്ട് ജില്ലാ കോടതിയിലടക്കം കയറി പൊലീസിനെ വിറപ്പിക്കുന്ന കള്ളൻ തെക്കൻ ജില്ലക്കാരനെന്ന് സൂചന
ഗ്രിൽസിന്റെ പൂട്ട് തകർത്താണ് ഇയാൾ അകത്തു കടന്നത്. കോടതി മുറികളിലും വരാന്തയിലും പാരയുമായി കയറി ഇറങ്ങി. ഒന്നാം നിലയിൽ ജില്ലാ ജഡ്‌ജിന്റെ ചേംബറിന് പുറത്ത് കള്ളൻ കമ്പിപ്പാര പിടിച്ചുനിൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്
കാസർകോട്: (KasargodVartha) നോക്കിയാൽ കാണുന്ന ദൂരത്ത് പൊലീസ് സ്റ്റേഷനും, രാത്രി കാവൽക്കാരും, പോരാത്തതിന് സിസിടിവി കാമറകളും ഉള്ള അതിസുരക്ഷാ മേഖലയായ കാസർകോട് വിദ്യാനഗറിലെ ജില്ലാ കോടതി സമുച്ചയത്തിൽ കള്ളൻ്റെ വിളയാട്ടം എല്ലാവരെയും ഞെട്ടിച്ചു.
രേഖകൾ സൂക്ഷിക്കുന്ന റെകോർഡ് മുറിയുടെ പൂട്ടുൾപ്പെടെ തകർത്ത കള്ളൻ, ശബ്ദം കേട്ട് സുരക്ഷാജീവനക്കാർ എത്തിയപ്പോൾ ഓടിരക്ഷപ്പെടുകയായിരുന്നു. കള്ളൻ ഓടിപ്പോകുന്നതിൻ്റെ ദൃശ്യം സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. തെക്കൻ ജില്ലക്കാരനാണ് ഇയാളെന്ന് പൊലീസ് സംശയിക്കുന്നു.
പല ജില്ലകളിലും ഇതേ മോഷ്ടാവ് കവർച്ച നടത്തിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
കോടതിയിൽ നിന്ന് രേഖകൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ചു. രേഖകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് ജില്ലാ കോടതി കെട്ടിടത്തിൽ കള്ളൻ കവർച്ചയ്ക്കെത്തിയത്. കയ്യിൽ കമ്പിപ്പാരയുമായാണ് വന്നത്. കറുത്ത ഫുൾകൈ കുപ്പായവും കറുത്ത പാൻ്റുമായിരുന്നു വേഷം.
ഗ്രിൽസിന്റെ പൂട്ട് തകർത്താണ് ഇയാൾ അകത്തു കടന്നത്. കോടതി മുറികളിലും വരാന്തയിലും പാരയുമായി കയറി ഇറങ്ങി. ഒന്നാം നിലയിൽ ജില്ലാ ജഡ്‌ജിന്റെ ചേംബറിന് പുറത്ത് കള്ളൻ കമ്പിപ്പാര പിടിച്ചുനിൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മുഖംമറച്ച ഒരാൾ പ്രവേശനകവാടത്തിലൂടെ നടന്നുപോകുന്നതും ഓടിരക്ഷപ്പെടുന്നതുമായ ദൃശ്യങ്ങളുണ്ട്.
കോടതി അധികൃതരുടെ പരാതിയിൽ ഞായറാഴ്ച രാവിലെ വിദ്യാനഗർ എസ്ഐ വി രാമകൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസ് കേസെത്ത് മോഷ്ടാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. താഴത്തെ നിലയിൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ മുറിയുടെ വാതിലിന്റെ പൂട്ട് തകർത്തത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഈ മുറിയുടെ പുറത്തുള്ള ഗ്രിൽ താഴിട്ട് പൂട്ടാറില്ല. അകത്തെ വാതിലിന് മാത്രമാണ് താഴുള്ളത്.
രാവിലെ തൂപ്പുജോലിക്കെത്തിയ ജീവനക്കാരിയാണ് പൂട്ട് പൊളിച്ചത് കാണുന്നത്. ഉടൻ മേലുദ്യോഗസ്ഥരെ അറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. പ്രാഥമിക പരിശോധനയിൽ രേഖകൾ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തിയത്. പൊലീസ് നായയും സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന വിരലടയാളവും ലഭിച്ചിട്ടുണ്ട്.
കോടതിയിൽ പൊലീസ് പരിശോധന നടക്കുന്നതിനിടെയാണ് നായ്‌മാർമൂലയിൽ പ്രവർത്തിക്കുന്ന തൻബീഹുൽ ഇസ്‌ലാം ഹയർസെകൻഡറി സ്‌കൂൾ ഓഫീസിലും കള്ളൻ എത്തിയെന്ന് വ്യക്തമായത്. അവിടെയെത്തിയും പരിശോധന നടത്തി. സിസിടിവി ദൃശ്യം നോക്കിയതിൽ കോടതിയിലെ ദൃശ്യത്തിലുള്ള കള്ളൻ തന്നെയാണ് സ്‌കൂളിലും കയറിയതെന്ന് വ്യക്തമായി.
കോടതിയിലെ ഓഫീസിൽനിന്ന് മറ്റ് രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ഞായറാഴ്ച പുലർച്ചെയായിരിക്കാം മോഷ്ടാവ് ഇവിടെയും എത്തിയതെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. രണ്ട് ദിവസം തുടർച്ചയായി ലഭിച്ച അവധി മുതലാക്കിയാണ് കള്ളൻ കോടതി കെട്ടിടത്തിൽ എത്തിയതെന്നാണ് നിഗമനം. അടുത്തടുത്ത രണ്ടിടങ്ങളിൽ കള്ളൻ കയറിയ പശ്ചാത്തലത്തിൽ പ്രദേശത്തെ പാതയോരങ്ങളിലുള്ള മുഴുവൻ സിസിടിവി ദൃശ്യങ്ങ'ളും പൊലീസ് പരിശോധിച്ചു വരുന്നു.
#KasaragodCourtRobbery #CCTVFootage #PoliceInvestigation #KeralaNews #CrimeNews #SecurityBreach