Fraud | ജോലി വാഗ്ദാനം ചെയ്ത് സച്ചിത റൈ കോടികള്‍ തട്ടിയെന്ന കേസില്‍ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാര്‍; സൂത്രധാരന്‍ ഭര്‍ത്താവെന്നും ആരോപണം
● നിരവധി പേരില്‍ നിന്നായി ആകെ 15 കോടിയിലേറെ രൂപ തട്ടിപ്പ് നടത്തി.
● പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന് പരാതി.
കാസര്‍കോട്: (KasargodVartha) ജോലി വാഗ്ദാനം ചെയ്ത് പുത്തിഗെ ബാഡൂര്‍ എഎല്‍പി സ്‌കൂള്‍ അധ്യാപിക സച്ചിത റൈ നിരവധി പേരില്‍ നിന്ന് കോടികള്‍ തട്ടിയ കേസില്‍ സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഇന്‍കം ടാക്സ് തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംയുക്തമായി അന്വേഷണം നടത്തണമെന്ന് പരാതിക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയിലും കര്‍ണാടകയിലെ ഉപ്പിനങ്ങാടിയിലുമായി 20 കേസുകള്‍ നിലവിലുണ്ട്. സച്ചിത റൈ ഒറ്റയ്ക്കല്ല തട്ടിപ്പ് നടത്തിയതെന്നും അറസ്റ്റിലായ സച്ചിത റൈയുടെ ഭര്‍ത്താവ് കോഴിക്കോട് സ്വദേശി ജിബിന്‍ അശോകാണ് തട്ടിപ്പിന് പിന്നിലെ സൂത്രധാരനെന്നും പരാതിക്കാര്‍ ആരോപിച്ചു.
അശ്വതി, ജിബിൻ അശോക്, നയന, ഉഷ എന്നിവരുടെ പണം മാത്രമാണ് തനിക്ക് നൽകിയതെന്നാണ് കര്‍ണാടക ഉഡുപ്പിയിലെ റിക്രൂട്ടിങ് ഏജൻസി നടത്തുന്ന ചന്ദ്രശേഖരന്‍ കുന്താര്‍ എന്നയാൾ പറഞ്ഞതെന്നും ഉപ്പള ഭാഗത്തെ ബിജെപി പ്രാദേശിക നേതാവ് പുഷ്പരാജിനും ഇടപാടിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു. നിലവില്‍ പരാതി നല്‍കിയ 20 പേരെ കൂടാതെ നിരവധി പേരില്‍ നിന്നായി ആകെ 15 കോടിയിലേറെ രൂപ തട്ടിപ്പ് നടത്തിയതായി പരാതിക്കാര്‍ പറയുന്നു.
എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ 9.5 കോടിയുടെ ഇടപാട് ആണ് സചിതാ റൈയുടെ അക്കൗണ്ട് വഴി നടത്തിയതായി കണ്ടെത്തിയിട്ടുള്ളതെന്നും ഇത് തന്നെ പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്നതിന്റെ തെളിവാണെന്നും പരാതിക്കാര്‍ കൂട്ടിച്ചേര്‍ത്തു.
പരാതിയുമായി പൊലീസിനെ സമീപിക്കുന്നവരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കാനാണ് സച്ചിത റൈയുടെ ഭര്‍ത്താവ് ശ്രമിക്കുന്നതെന്നും, പരാതി നല്‍കാതിരുന്നാല്‍ പണം തിരികെ നല്‍കി ഒത്തുതീര്‍പ്പാക്കാമെന്നും കേസ് കൊടുത്താല്‍ ഒരു രൂപ പോലും തിരികെ ലഭിക്കില്ലെന്നുമാണ് ഇയാള്‍ പണം തിരികെ ആവശ്യപ്പെടുന്നവരോട് പറയുന്നതെന്നും പരാതിക്കാര്‍ വെളിപ്പെടുത്തി.
കോടികളുടെ തട്ടിപ്പ് നടത്തിയ വിഷയത്തില്‍ സമഗ്രാന്വേഷണത്തിലൂടെ ഇതിന്റെ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയവരെയും പിറകിലുള്ളവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സച്ചിതാ റൈക്കെതിരേ ആദ്യമായി പരാതി നല്‍കിയ ലോകേഷ് ഷെട്ടി, ഭാര്യ നിഷ്മിത ഷെട്ടി, മോക്ഷിത് ഷെട്ടി, മലേഷ് ബാഡൂര്‍ എന്നിവര്‍ പങ്കെടുത്തു.
#SachithaRai, #Kerala, #fraud, #CBI, #investigation, #scam