നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവം; സ്വത്ത് വീതം വച്ച് നല്‍കിയിട്ടും മകന്‍ തന്നെ നോക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പിതാവിന്റെ മൊഴി
ഇടുക്കി: (www.kasargodvartha.com 19.03.2022) തൊടുപുഴ ചീനിക്കുഴിയില്‍ നാലംഗ കുടുംബത്തെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മുഹമ്മദ് ഫൈസല്‍, ഭാര്യ ശീബ, മക്കളായ മെഹര്‍, അസ്‌ന, എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മുഹമ്മദ് ഫൈസലിന്റെ പിതാവ് ഹമീദിനെ (79) പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് വീതം വച്ച് നല്‍കിയിട്ടും മകന്‍ തന്നെ നോക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഹമീദ് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
സ്വത്തുക്കളെല്ലാം തന്റെ രണ്ട് ആണ്‍ മക്കള്‍ക്കും നേരത്തെ വീതിച്ച് നല്‍കിയിരുന്നുവെന്നും സ്വത്ത് കിട്ടിയ ശേഷം ഇവര്‍ തന്നെ നോക്കിയില്ലെന്നും ഹമീദ് ആരോപിക്കുന്നു. തന്റെ സംരക്ഷിക്കാമെന്നും പറമ്പിലെ ആദായം എടുക്കാമെന്നുമുള്ള വ്യവസ്ഥയിലാണ് തറവാട് വീടും പറമ്പും ഫൈസലിന് നല്‍കിയത്. എന്നാല്‍ ഫൈസല്‍ ഇത് പാലിച്ചില്ലെന്നും ഇതിനെ ചൊല്ലിയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതെന്നുമാണ് ഹമീദ് പൊലീസിന് നല്‍കിയ മൊഴി.
വെള്ളിയാഴ്ച രാവിലെ ഹമീദും മകനും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി. പിന്നാലെ രാത്രി എത്തി ഹമീദ് കൃത്യം നടത്തുകയായിരുന്നുവെന്ന് പൊലീസും പറഞ്ഞു. കൂട്ടക്കൊലയ്ക്ക് നേരത്തേതന്നെ ഹമീദ് പദ്ധതി ആസൂത്രണം ചെയ്തുവെന്നാണ് പൊലീസ് കരുതുന്നത്. വെള്ളമടിക്കുന്നതിനുള്ള മോടറിന്റെ കനക്ഷനും വിഛേദിച്ചു. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഇയാള്‍ അടച്ചിരുന്നു. വീട്ടിലെ വാടര്‍ ടാങ്കിലെ വെള്ളം മുഴുവനായി ചോര്‍ത്തിക്കളഞ്ഞു. വാതില്‍ പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
Keywords: Idukki, News, Kerala, Top-Headlines, Killed, Crime, Father, Police, Four-member family found dead in Idukki.