Tragedy | യുഎസിലെ സ്‌കൂളില്‍ ആക്രമണം; വിദ്യാര്‍ഥികളടക്കം 4 പേര്‍ വെടിയേറ്റ് മരിച്ചു; 9 പേര്‍ക്ക് പരുക്ക്
വാഷിങ്ടന്‍: (KasargodVartha) അമേരിക്കന്‍ സംസ്ഥാനമായ ജോര്‍ജിയയിലെ (Georgia) ഒരു സ്‌കൂളില്‍ നടന്ന വെടിവയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. രണ്ട് വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമാണ് മരിച്ചത്. ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ ഇതേ സ്‌കൂളിലെ വിദ്യാര്‍ഥിയായ 14 കാരനെ പോലീസ് അറസ്റ്റ് (Arrest) ചെയ്തു.
വെടിവയ്പ് നടന്ന സ്‌കൂള്‍ അറ്റ്‌ലാന്റില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ്. ക്ലാസ് ആരംഭിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് സംഭവം. ആക്രമണത്തിനിടെ പരിഭ്രാന്തരായ വിദ്യാര്‍ത്ഥികള്‍ ഫുട്‌ബോള്‍ സ്റ്റേഡിയത്തിലേക്ക് ഓടി രക്ഷപ്പെട്ടു.
അറസ്റ്റിലായ കോള്‍ട്ട് ഗ്രേയെക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്നും മുതിര്‍ന്ന വ്യക്തിയായി കണക്കാക്കി വിചാരണ നടത്തുമെന്നും ജോര്‍ജിയ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ക്രിസ് ഹോസെ വ്യക്തമാക്കി. ഏതു തരം തോക്കാണ് ഉപയോഗിച്ചതെന്നും വെടിവയ്പിന് കാരണം എന്താണെന്നും പോലീസ് വ്യക്തമാക്കിയിട്ടില്ല. സ്ഥിതി നിയന്ത്രണത്തിലാണെന്ന് സ്‌കൂള്‍ വക്താവ് അറിയിച്ചു. വെടിവയ്പിനു മുന്‍പ് സ്‌കൂളില്‍ ഭീഷണി കോളുകള്‍ എത്തിയെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് അറിവില്ലെന്ന് അധികൃതര്‍ അറിയിച്ചു.
പ്രസിഡന്റ് ജോ ബൈഡന്‍ സംഭവത്തെ അപലപിച്ചു. വൈസ് പ്രസിഡന്റ് കമല ഹാരിസ് ഇത്തരം അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
#usnews #gunviolence #tragedy #crime #education