Arrest | അയ്യപ്പ മന്ദിരത്തിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാല കവർന്ന ശേഷം പകരം മുക്കുപണ്ടം ചാർത്തിയെന്ന കേസിൽ മുൻ സെക്രടറി അറസ്റ്റിൽ

● മുൻ സെക്രടറി ദയാനന്ദ ഷെട്ടിയാണ് അറസ്റ്റിലായത്.
● 2021 ജനുവരി ഒന്നിനും 2025 ജനുവരി 30 നും ഇടയിലാണ് മാല നഷ്ടപ്പെട്ടത്.
● നഷ്ടപ്പെട്ടത് 2.6 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാല
കാസർകോട്: (KasargodVartha) അയ്യപ്പ മന്ദിരത്തിലെ വിഗ്രഹത്തിൽ ചാർത്തിയ നാല് പവൻ സ്വർണമാല കവർന്ന് പകരം മുക്കുപണ്ടം വെച്ചുവെന്ന കേസിൽ മുൻ സെക്രട്ടറി അറസ്റ്റിൽ. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദയാനന്ദ ഷെട്ടിയെ (43) ആണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. പാറക്കട്ട ശാസ്ത നഗർ അയ്യപ്പ ഭജനമന്ദിരത്തിലെ വിഗ്രഹത്തിൽ ചാർത്തിയ 2,60,000 രൂപ വില വരുന്ന സ്വർണമാല 2021 ജനുവരി ഒന്നിനും 2025 ജനുവരി 30 നും ഇടയിൽ നഷ്ടപ്പെട്ടതായാണ് പരാതി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. നിലവിലെ ക്ഷേത്ര പ്രസിഡൻ്റ് രാംദാസ് നഗറിലെ കെ വേണുഗോപാലയുടെ പരാതിയിലാണ് മുൻ സെക്രടറിയും ആഭരണം സൂക്ഷിപ്പുകാരനുമായിരുന്ന ദയാനന്ദ ഷെട്ടിക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തത്. സ്വർണമാല കവർന്ന ശേഷം അതേ രൂപത്തിലുള്ള മുക്കുപണ്ടം വിഗ്രഹത്തിൽ ചാർത്തി വിശ്വാസികളെയും ക്ഷേത്രത്തെയും വഞ്ചിച്ചതായി പരാതിയിൽ പറയുന്നു.
ദയാനന്ദ ഷെട്ടി ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് പൊലീസിനെ വിളിക്കുമെന്ന് ഭാരവാഹികൾ ഭീഷണിപ്പെടുത്തിയപ്പോൾ, മാല അബദ്ധത്തിൽ കിണറ്റിൽ വീണുപോയെന്ന് വെളിപ്പെടുത്തി. തുടർന്ന് ക്ഷേത്ര കമിറ്റി ഭാരവാഹികൾ കാസർകോട് അഗ്നിരക്ഷാ സേനയെ വിളിച്ചു വരുത്തി കിണറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. ഇതോടെ ഷെട്ടി നുണ പറയുകയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് പൊലീസിനെ സമീപിച്ചതെന്ന് ഭാരവാഹികൾ പറയുന്നു.
2019-ൽ ദയാനന്ദ ഷെട്ടി നേതൃത്വത്തിൽ ക്ഷേത്രം പുതുക്കിപ്പണിതിരുന്നു. അന്ന് ഏകദേശം ആറ് ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായും ആരോപണമുണ്ട്. അറസ്റ്റിലായ ദയാനന്ദ ഷെട്ടിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
Article Summary In English: Former secretary of Kasargod Ayyappa Temple arrested for stealing gold necklace from the idol and replacing it with a fake one. The theft came to light after discrepancies were found. The accused had also been involved in financial irregularities in the temple.
#TempleTheft #GoldNecklace #Arrested #Kasargod #AyyappaTemple #Fraud