Investigation | സച്ചിത റൈക്കെതിരായ കൂട്ട പരാതിയിൽ പൊറുതിമുട്ടി പൊലീസ്; അന്വേഷണത്തിന് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 6 അംഗ പ്രത്യേക സംഘത്തെ നിയമിച്ചു; രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 12 ആയി
● തട്ടിപ്പിനിരയായത് 50 ലേറെ പേരെന്ന് സൂചന
● മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി വ്യാഴാഴ്ച പരിഗണിക്കും
● പൊലീസ് അന്വേഷണം തുടരുന്നു.
കുമ്പള: (KasargodVartha) ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി കോടികൾ തട്ടിയെന്ന് ആരോപണ വിധേയയായ മുൻ ഡിവൈഎഫ്ഐ നേതാവും അധ്യാപികയുമായ സച്ചിത റൈയ്‌ക്കെതിരെ കൂട്ട പരാതി എത്തുന്നത് പൊലീസിനെ വട്ടം കറക്കുന്നു. ഓടോറിക്ഷ ഡ്രൈവർ തൊട്ട് ഹെഡ്മിസ്ട്രസ് അടക്കമുള്ളവർ വരെ പൊലീസിൽ പരാതി നൽകിയവരിൽ ഉൾപ്പെടും. വ്യക്തമായ രേഖയുമായി സമീപിച്ചവരുടെ പരാതിയിൽ 12 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഒരു കേസ് കർണാടകയിലാണ്.
ബാക്കി 11 കേസുകൾ അന്വേഷിക്കുന്നതിനായി ജില്ലാ പൊലീസ് മേധാവി ഡി ശിൽപ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. കാസർകോട് ഡിവൈഎസ്പി സി കെ സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ കുമ്പള സിഐ കെ പി വിനോദ് കുമാറിനാണ് അന്വേഷണ ചുമതല നൽകിയിട്ടുള്ളത്. ബദിയഡുക്ക അഡീഷണൽ എസ് ഐ ലക്ഷ്‌മി നാരായണൻ, മഞ്ചേശ്വരം അഡീഷണൽ എസ് ഐ ഇസ്മാഈൽ, ബദിയഡുക്കയിലെ സിവിൽ പൊലീസ് ഓഫീസർ ശ്രുതി, കുമ്പളയിലെ സിവിൽ ഓഫീസർ പ്രതിഭ എന്നിവരാണ് സംഘത്തിലുള്ളത്.
കുമ്പളയിലാണ് സചിതയ്‌ക്കെതിരെ ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ബദിയഡുക്ക, മഞ്ചേശ്വരം, കാസർകോട്, ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടി, മേൽപറമ്പ് പൊലീസ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റർ ചെയ്തു. ബാങ്ക് വഴി പണം അയച്ചുകൊടുത്തവരുടെ പരാതിയിലാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ നേരിട്ട് പണം നൽകിയ പലരുടെയും പരാതി പൊലീസ് സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്.
ഏതാണ്ട് 50 ഓളം പേരെ സച്ചിത തട്ടിപ്പിന് ഇരയാക്കിയെന്നാണ് വിവരം. കുമ്പളയിലെ ഒരു ഓടോറിക്ഷ ഡ്രൈവർ ബന്ധുവിന് വേണ്ടി ഒരു ലക്ഷം രൂപ നൽകിയിട്ടുണ്ടെന്ന് പരാതിപ്പെട്ടെങ്കിലും രേഖകളില്ലാത്തതിനാൽ കേസെടുത്തിട്ടില്ല. സിപിസിആർഐ, എസ്ബിഐ, കേന്ദ്രീയ വിദ്യാലയം, കർണാടക എക്സൈസ് വകുപ്പ്, വനം വകുപ്പ് നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് സച്ചിതാ റൈ പലരിൽ നിന്നും പണം വാങ്ങിയിട്ടുള്ളതെന്നാണ് ആരോപണം.
കാനറ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക് എന്നീ രണ്ട് ബാങ്കുകളുടെ പെർള ബ്രാഞ്ച് വഴിയാണ് പരാതി നൽകിയ മിക്കവരും പണം അയച്ചുകൊടുത്തത്. കൂടെ പഠിച്ച നിരവധി യുവതികളെ ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചുവെന്ന് കാട്ടി സച്ചിതയ്‌ക്കെതിരെ കൂട്ടുകാർ കടുത്ത അമർഷമാണ് പ്രകടിപ്പിക്കുന്നത്. ഉഡുപ്പിയിലെ റിക്രൂട്മെന്റ് സ്ഥാപനം നടത്തുന്ന ചന്ദ്രശേഖര കുന്താർ എന്നയാൾ വഴിയാണ് സച്ചിത റൈ ജോലി ശരിയാക്കിത്തരമെന്ന് പറഞ്ഞു പണം കൈക്കലാക്കിയതെന്നാണ് പറയുന്നത്.
ചന്ദ്രശേഖര കുന്താറിന് നൽകിയ 72 ലക്ഷം രൂപയ്ക്ക് ഗ്യാരന്റിയായി സച്ചിതാ റൈയ്ക്ക് 72 ലക്ഷം രൂപയുടെ ചെക് നൽകിയിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മൂന്നര വർഷമായി സച്ചിതാ റൈ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് രംഗത്തുണ്ടെന്ന് പരാതിക്കാർ പറയുന്നു. രാഷ്ട്രീയക്കാരി എന്ന നിലയിലും അധ്യാപിക എന്ന നിലയിലും പ്രവർത്തിക്കുന്ന സച്ചിത റൈയിയെ വിശ്വസിച്ചാണ് പണം നൽകിയതെന്ന് പരാതിക്കാർ പറയുന്നു. ഇൻലൻഡ് ലെറ്റർ കാർഡ് വഴി രണ്ട് പേർക്ക് നൽകിയ അഭിമുഖ അറിയിപ്പ് കാട്ടിയാണ് ജോലി നൽകുന്നുണ്ടെന്ന കാര്യം വിശ്വസിപ്പിച്ചതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഇത് തന്നെയാണ് സച്ചിത റൈ എല്ലാവർക്കും അയച്ചുകൊടുത്തതെന്നാണ് പറയുന്നത്. ഇതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ സച്ചിത റൈക്കെതിരെ മൂന്ന് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മേൽപറമ്പ് സ്റ്റേഷനിൽ ധനിഷ്മ, ബദിയഡുക്ക സ്റ്റേഷനിൽ റൈഹാനത്, ഡയാന എന്നിവർ നൽകിയ പരാതിയിലാണ് കേസുകൾ. നെക്രാജെ സ്വദേശിനിയായ റൈഹാനതിൽ നിന്ന് കാസർകോട് ഗവ. സ്കൂളിൽ ക്ലർക് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് 2024 ജനുവരി 20 ന് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തുവെന്നും എന്നാൽ ജോലി നൽകാതെയും പണം തിരിച്ചു നൽകാതെയും മുങ്ങിയെന്നാണ് പരാതി.
പെരുമ്പള സ്വദേശിനിയായ ധനിഷ്മ (27) യിൽ നിന്നും സർകാർ ജോലി വാഗ്ദാനം ചെയ്ത് 2024 ജനുവരി 21 മുതൽ ആഗസ്റ്റ് 10 വരെയുള്ള കാലയളവിൽ 7,01,500 രൂപ തട്ടിയെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്. കുമ്പഡാജെ സ്വദേശിനിയായ ഡയാനയ്ക്ക് (27) കാസർകോട് കേന്ദ്രീയ വിദ്യാലയത്തിൽ യുഡി ക്ലാർക് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് 2024 ജനുവരി ഒമ്പത് മുതൽ 11 വരെയുള്ള ദിവസങ്ങളിൽ 1,48,000 രൂപ കൈക്കലാക്കിയെന്നാണ് പരാതി.
അതിനിടെ കാസർകോട് ജില്ലാ സെഷൻ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ സച്ചിത മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. വ്യാഴാഴ്ച കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ടെന്ന് പൊലീസ് സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം പെർളയിലെ സച്ചിത റൈയുടെ വീട്ടിലും കോഴിക്കോട്ടെ ഭർതൃവീട്ടിലും പൊലീസ് പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഒന്നും കണ്ടെത്താനായില്ല. സച്ചിതാ റൈ എറണാകുളത്ത് ഫ്‌ലാറ്റ് വാങ്ങിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് അവിടെയും അന്വേഷിക്കാനാണ് പൊലീസ് നീക്കം.
#DYFIfraud #KeralaNews #JobScam #PoliceInvestigation